2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണഞ്ചിറയുടെ വാക്കുകള്‍ കമ്പിളിപ്പുതപ്പായതെങ്ങനെ?

ചിലര്‍ അങ്ങനെയാണ്. കേള്‍ക്കേണ്ടെന്നു തീരുമാനിച്ച കാര്യം മറ്റുള്ളവര്‍ എത്ര ഉറക്കെ പറഞ്ഞാലും അക്കൂട്ടര്‍ കേള്‍ക്കില്ല, കേട്ടാലും കേട്ടില്ലെന്നു നടിക്കും. ഹോസ്റ്റല്‍ മേട്രണ്‍ കമ്പിളിപ്പുതപ്പ് വാങ്ങിച്ചുകൊണ്ടുവരണമെന്നു ഫോണില്‍ തൊണ്ടകീറി പറയുമ്പോഴും ‘അയ്യോ ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ…’ എന്നു നടിക്കുന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെ നന്നായി അഭിനയിക്കും.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവയുവാക്കള്‍ പ്രേമത്തില്‍ കുടുക്കി മതം മാറ്റുന്ന ഈഴവ ജിഹാദ് കേരളത്തില്‍ വ്യാപകമായി നടക്കുന്നുവെന്ന ഫാദര്‍ റോയ് കണ്ണഞ്ചിറയുടെ പ്രസ്താവനയെക്കുറിച്ച് എന്തു പറയുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി. മുരളീധരന്‍ എന്ന കേന്ദ്രമന്ത്രി നടത്തിയ പ്രതികരണം കേട്ടപ്പോള്‍ നേരത്തേ പറഞ്ഞ കമ്പിളിപ്പുതപ്പ് പരാമര്‍ശമാണ് ഓര്‍മയിലെത്തിയത്.

‘ഫാദറോ.., കണ്ണഞ്ചിറയോ… എന്താണ് പറഞ്ഞത്… ഞാന്‍ കേട്ടില്ലല്ലോ…’ എന്നാണ് വി. മുരളീധരന്‍ പ്രതികരിച്ചത്. കേരളത്തില്‍ ഇലയനങ്ങിയാല്‍പ്പോലും ഉടനെ പ്രതികരിക്കുന്ന വിദേശകാര്യസഹമന്ത്രിക്ക് എന്തുപറ്റിയെന്ന് ഈ പ്രതികരണം കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയപ്പോള്‍ അതുകൊണ്ടു പിടിച്ചു ആഘോഷിക്കുന്നതില്‍ മുരളീധരന്‍ കാണിച്ച ആവേശമുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു.

വി. മുരളീധരന്‍ ‘ഞാന്‍ കേട്ടില്ലല്ലോ’ എന്നെങ്കിലും പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളാരും പ്രതികരിച്ചു കണ്ടതേയില്ല. അതു സംഘ്പരിവാറിന്റെ കാര്യം.
മറുവശത്ത് ഈ ആരോപണം ഉയര്‍ത്തിയ റോയ് കണ്ണഞ്ചിറ ഉള്‍പ്പെടുന്ന ക്രൈസ്തവനേതാക്കളുടെ പ്രതികരണം നോക്കിയാലോ. അവിടെയും മിണ്ടാട്ടമേയില്ല. എന്നു മാത്രമല്ല, ആരോപണമുന്നയിച്ച ഫാദര്‍ റോയ് കണ്ണഞ്ചിറ അടുത്തദിവസം തന്നെ ആരോപണം തിരുത്തി മാപ്പു പറയുകയും ചെയ്തു. എന്തുകൊണ്ടായിരിക്കാം നാര്‍കോട്ടിക് ജിഹാദില്‍ സംഭവിക്കാതിരുന്ന ഇത്തരമൊരു മറിമായം ഈഴവ ജിഹാദില്‍ സംഭവിച്ചത്. അവിടെയാണ് വലിയൊരു രാഷ്ട്രീയ അജന്‍ഡയുടെ ചുരുളഴിയുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഏറെക്കാലം മുമ്പു തന്നെ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് കേരളം അന്നുമിന്നും ബാലികേറാമലയാണ്. അതിനു കാരണം കേരളത്തിലെ സാമുദായികഘടനയാണ്. കേരളം ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ഇവിടെ ന്യൂനപക്ഷമതവിഭാഗങ്ങളെല്ലാം കൂടി 45 ശതമാനത്തോളം വരും. അതില്‍ 27 ശതമാനത്തോളം മുസ്‌ലിംകളും 19 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കളെ ജാതി തിരിച്ചു കണക്കാക്കിയാല്‍ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 21.6 ശതമാനം ഈഴവരാണ്. ഈ കണക്കുകള്‍ക്കു രാഷ്ട്രീയപ്രാധാന്യമുണ്ട്. ഈഴവരും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെയാണ് കേരളത്തിലെ രാഷ്ട്രീയവിധി തീരുമാനിക്കുന്നത്. ഈഴവരില്‍ നല്ലൊരു ശതമാനവും ഇടതുപക്ഷക്കാരാണ്. മുസ്‌ലിംകളില്‍ നല്ലൊരു ശതമാനവും മുസ്‌ലിം ലീഗ് അനുഭാവികളും അങ്ങനെ യു.ഡി.എഫ് വോട്ടര്‍മാരുമാണ്. ക്രിസ്ത്യാനികളില്‍ ഏറെ ജനസ്വാധീനം കേരള കോണ്‍ഗ്രസ്സുകള്‍ക്കാണ്. ഈ വിഭാഗങ്ങളുടെ വോട്ടുകളില്‍ കാലികപ്രശ്‌നങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴാണ് യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി അധികാരത്തില്‍ വരുന്നത്.

തുടക്കത്തില്‍ ഈ യാഥാര്‍ഥ്യം അവഗണിച്ച്, ഇതര സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ചപോലെ, കേരളത്തിലെ 55 ശതമാനം വരുന്ന ഹിന്ദുവോട്ടുകള്‍ മതവികാരം ഇളക്കിവിട്ട് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നു സംഘ്പരിവാര്‍ കരുതി. മൂന്നും നാലും ശതമാനം വോട്ടില്‍ ഒതുങ്ങി നിന്ന ബി.ജെ.പി അങ്ങനെയാണ് ഏഴു മുതല്‍ പന്ത്രണ്ടുശതമാനം വരെ വോട്ടിലേയ്ക്കു കടന്നത്. പക്ഷേ, അതുകൊണ്ടു ഭരണം കിട്ടില്ലല്ലോ.

അതിനു പരിഹാരമായാണ് സംഘ്പരിവാറിന്റെ ആശീര്‍വാദത്തില്‍ 2015 ല്‍ ഭാരതീയ ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) യുടെ പിറവിയുണ്ടാകുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ രാഷ്ട്രീയപ്രസ്ഥാനം എന്നൊക്കെയാണ് ബി.ഡി.ജെ.എസ്സിന് നേതൃത്വം നല്‍കുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ അന്നു വീമ്പു പറഞ്ഞിരുന്നെങ്കിലും പരമാവധി ഈഴവ വോട്ടുകളെങ്കിലും ബി.ഡി.ജെ.എസ് വഴി തങ്ങളുടെ പെട്ടിയില്‍ വീഴണമേയെന്നായിരുന്നു സംഘ്പരിവാറിന്റെ പ്രാര്‍ഥന. അതു ഫലിച്ചു കിട്ടാനായി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനും ഹെലികോപ്റ്റര്‍ പ്രചാരണ സൗകര്യം വരെ ഒരുക്കിക്കൊടുത്തു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ ബി.ഡി.ജെ.എസ് കടലാസ് പുലിയാണെന്നു ബോധ്യപ്പെട്ടു.

അതോടെ ബി.ഡി.ജെ.എസിലുള്ള അമിത പ്രതീക്ഷ ഉപേക്ഷിച്ചു. ഉള്ള വോട്ടുകള്‍ കക്ഷത്തിരിക്കട്ടെ എന്ന മട്ടില്‍ അവരെ അകറ്റാതെയും അതേസമയം കാര്യമായി പരിഗണിക്കാതെയും നിര്‍ത്തിയിരിക്കുകയാണ്. ദേശീയതലത്തിലെന്ന പോലെ ഹിന്ദുവികാരം പരമാവധി ആളിക്കത്തിച്ചു കേരളത്തിലും ഹിന്ദുവോട്ടുകള്‍ താമരചിഹ്നത്തിലേയ്ക്ക് ആകര്‍ഷിക്കാമെന്നതാണു ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.പക്ഷേ, അതുകൊണ്ടും അധികാരത്തിലെത്താനാകില്ലല്ലോ. നിയമസഭയില്‍ കാര്യമായ പ്രാതിനിധ്യം ലഭിക്കുകയുമില്ല.
അതിനുള്ള പരിഹാരവും കേന്ദ്ര നേതൃത്വത്തിന്റെ തലയില്‍ ഏതാണ്ട് ഒന്നുരണ്ടു വര്‍ഷത്തിനിടയില്‍ ഉദിച്ചു. അതിലൊന്നാണ് 2020 ലെ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്‍. വിദേശത്തു നിന്നുള്ള സംഭാവന സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമായി നിയന്ത്രിക്കുന്ന നിയമമാണ് പാസ്സാക്കിയെടുത്തത്. തൊട്ടുപിന്നാലെ കേരളത്തിലെ ഒരു വലിയ ക്രിസ്തീയപ്രസ്ഥാനത്തിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡ് വാര്‍ത്തകള്‍ കുറച്ചുനാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നുവെങ്കിലും പിന്നീട് അതൊരു കടങ്കഥ പോലെയാണ്. റെയ്ഡിനു ശേഷം എന്തു സംഭവിച്ചുവെന്ന് ഒരു പിടിയുമില്ല.

കേരളത്തിലെ ക്രൈസ്തവ പ്രസ്ഥാനങ്ങളില്‍ മിക്കതും വിദേശസംഭാവന ലഭിക്കുന്നവയാണെന്നാണു പറയുന്നത്. അതുപയോഗിച്ചാണ് അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ പണം വരവു നിലയ്ക്കും. വിദേശ സംഭാവനാ നിയന്ത്രണ നിയമം മൂര്‍ച്ചയുള്ള ആയുധമാണ്. അധികാരത്തിലിരിക്കുന്നവര്‍ ആഞ്ഞൊന്നു വീശിയാല്‍, തെറ്റു ചെയ്താലുമില്ലെങ്കിലും പെടും.

ഇക്കാരണം കൊണ്ടാണോ എന്നറിയില്ല, പിന്നീടുള്ള കാലത്ത് ബി.ജെ.പിയോടുള്ള ചില ക്രൈസ്തവ സഭാ നേതാക്കളുടെ പെരുമാറ്റത്തിലും പ്രതികരണത്തിലും കാതലായ മാറ്റം കണ്ടു തുടങ്ങിയെന്നതു വാസ്തവമാണ്. ബി.ജെ.പി നേതാക്കള്‍ക്ക് ക്രൈസ്തവസഭാ നേതാക്കളോടുള്ള മനോഭാവത്തില്‍ അതിലേറെ മാറ്റമുണ്ടായി. കേരളത്തിലെ സഭാതര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി തന്നെ ചര്‍ച്ച നടത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ ക്രിസ്തീയസമുദായത്തിനു വേണ്ടി വീറോടെ വാദിക്കാന്‍ ബി.ജെ.പി നേതാക്കള്‍ മത്സരിച്ചു. പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് വിവാദത്തിനു തിരികൊളുത്തിയപ്പോള്‍ അതിന്റെ പൊട്ടലും ചീറ്റലും പരമാവധി ആഘോഷിച്ചത് സംഘ്പരിവാറായിരുന്നു. പക്ഷേ, അതുപോലല്ലല്ലോ ഈഴവ ജിഹാദ്. ക്രൈസ്തവ വോട്ടുബാങ്കിനേക്കാള്‍ ബി.ജെ.പി കണ്ണുവയ്ക്കുന്നതാണ് ഈഴവ വോട്ട് ബാങ്ക്. അവരെ പിണക്കുന്ന പരാമര്‍ശത്തിന് ഹല്ലേലൂയ്യാ പാടിയാല്‍ കക്ഷത്തിലുള്ള ബി.ഡി.ജെ.എസ് വോട്ടു ചോരും, കൈക്കുമ്പിളിനടുത്തെത്തിയെന്നു കരുതുന്ന ഇതര ഈഴവ വോട്ടുകള്‍ കിട്ടാതാവുകയും ചെയ്യും.

അപ്പോള്‍ പിന്നെ കമ്പിളിപ്പുതപ്പ് അടവു തന്നെയേ രക്ഷയുള്ളൂ. സംഘ്പരിവാറിനെ പിണക്കിയാല്‍ ഉണ്ടാകുന്ന വരുംവരായ്കകളെക്കുറിച്ചു നല്ല ബോധ്യമുള്ള സഭയും അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പുപറയാതിരിക്കില്ലല്ലോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.