2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ അവഗണിച്ചെന്ന് എസ്.കെ.എസ്.എസ്.എഫ്

 

കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി, കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തെ അവഗണിച്ചു കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിന് പൂര്‍ണമായും ലഭിക്കേണ്ട പദ്ധതിയെ ന്യൂനപക്ഷ വകുപ്പുമായി കൂട്ടിക്കെട്ടിയതാണ് ഇതിന്റെ അടിസ്ഥാനപരമായ പിശക്. അനാവശ്യമായ അവകാശവാദങ്ങള്‍ക്ക് വഴിവച്ച ഈ പിശക് തിരുത്താനോ കോടതിയെ ബോധ്യപ്പെടുത്താനോ തയാറാവാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണ്.

സച്ചാര്‍, പാലോളി കമ്മിറ്റി ശുപാര്‍ശകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ന്യൂനപക്ഷ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും മുസ്‌ലിംകള്‍ക്കു മാത്രമുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതം വയ്ക്കുകയും ചെയ്യുന്നത് നീതി നിഷേധമാണ്. പിന്നോക്ക വിഭാഗമായ മുസ്‌ലിംകളുടെ ക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുമ്പോള്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനപരമാണെന്നും സെക്രട്ടേറിയറ്റ് യോഗം ചുണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മുഹമ്മദ് ഫൈസി കജ, ശുഐബ് നിസാമി നീലഗിരി, ശഹീര്‍ അന്‍വരി പുറങ്ങ്, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.