2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജിയാകാത്ത ആത്മാഭിമാനം

   

സത്താർ പന്തലൂർ

1989 ഫ്രെബുവരി 19ന് സ്ഥാപിതമായതാണ് എസ്.കെ.എസ്.എസ്.എഫ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർഥി വിഭാഗമായ ഇൗ സംഘത്തെ അനിവാര്യതയുടെ സൃഷ്ടിയെന്നാണ് സ്ഥാപക നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്. വിജ്ഞാനം, വിനയം, സേവനമെന്ന മുദ്രാവാക്യത്തിലൂന്നി മൂന്നു പതിറ്റാണ്ടിലേറെയായി പ്രസ്ഥാനം ജനങ്ങൾക്കിടയിലുണ്ട്. ആധുനിക ജ്ഞാന വളർച്ചക്കൊപ്പം സഞ്ചരിക്കുമ്പോഴും പാരമ്പര്യത്തിലും മതധാർമികതയിലും സംഘടന കാലുറപ്പിച്ചുനിന്നു. വിദ്യാർഥി സംഘടന എന്ന് വിളിക്കപ്പെടുമ്പോഴും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പലപ്പോഴും സമുദായത്തിന്റെയും നാടിന്റെയും പൊതുവിഷയങ്ങളിൽ പോലും ഇടപെടേണ്ടിവന്നിട്ടുണ്ട്. ചില ശൂന്യതകൾ നികത്താൻ നിർബന്ധിതമാവുകയായിരുന്നു. അപ്പോഴും സംഘടനയുടെ അജൻഡകൾ സ്വയം നിർമിക്കുകയും നിശ്ചിത പദ്ധതികളുമായിത്തന്നെ മുന്നോട്ട് നീങ്ങി.
സംഘടനയുടെ വ്യത്യസ്ത പദ്ധതികൾ കൂടുതൽ പേരിലെത്തിക്കുന്നതിനും വിഭിന്ന അഭിരുചികളുള്ള പ്രവർത്തകർക്ക് അവരുടെ താൽപര്യമനുസരിച്ച് പ്രവർത്തന മേഖല തിരഞ്ഞെടുക്കാവുന്ന വിപുലമായ സംഘടനാഘടന ആവിഷ്‌കരിക്കാൻ കഴിഞ്ഞു. അതിന്റെ ഭാഗമായി നിരവധി വിങ്ങുകളും പദ്ധതികളും സ്ഥാപനങ്ങളും ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. പ്രബോധന, സംസ്‌കരണ മേഖല ഇബാദും ആശയ പ്രചാരണ, പ്രതിരോധ മേഖല ഇസ്തിഖാമയും കൈകാര്യം ചെയ്യുന്നു. മത, ഭൗതിക വിദ്യാർഥികളുടെ കൂട്ടായ്മകൾ ബന്ധപ്പെട്ട മേഖലകൾക്കനുസൃതമായി ത്വലബാ വിങ്ങും കാംപസ് വിങ്ങും നിർവഹിക്കുന്നു. വിദ്യാഭ്യാസ മേഖല പ്രീ സ്‌കൂൾ മുതൽ സിവിൽ സർവിസ് പരീശീലനം വരെ ബൃഹത്തായ പദ്ധതികളും പരിപാടികളുമായി മുന്നോട്ടുപോവുന്നു. നൂറോളം പ്രീസ്‌കൂളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുമ്പോൾ മതകലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വരെ മഫാസ് എന്ന സിവിൽ സർവിസ് പരിശീലന കളരിയിൽ വിവിധ ബാച്ചുകളിലായി പഠനം നടത്തുന്നു.

വിദ്യാഭ്യാസ പ്രവർത്തനത്തോടൊപ്പം തൊഴിൽ മേഖലയിലേക്ക് സംഘടന അടുത്തിടെ ചുവടുവയ്പ്പ് നടത്തിയത് രാജ്യത്തെ പുതിയ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ തിരിച്ചറിവിലൂടെയായിരുന്നു. കേന്ദ്ര, സംസ്ഥാന സർവിസുകളിൽ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് സെമിനാറുകളിലെ ചർച്ചാ വിഷയം മാത്രമാവുകയും പ്രായോഗിക പരിഹാര നടപടികൾ സമുദായത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ഉയർന്നുവരാത്ത സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ഇതൊരു അജൻഡയായി ഏറ്റെടുക്കുന്നത്. ”അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു” എന്ന സന്ദേശവുമായി 2020 ഡിസംബർ 6 മുതൽ 2021 ജനുവരി 26 വരെ സംഘടന വിപുലമായൊരു കാംപയിൻ തന്നെ നടത്തി. സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ നടത്തിയ മുന്നേറ്റ യാത്രയുടെ 63 സ്വീകരണ സമ്മേളനങ്ങൾ മുഴുവനും വിഷയത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു. കാംപയിന്റെ തുടർപദ്ധതിയാണ് കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം (സി.ഡി.പി). ഇപ്പോൾ സംസ്ഥാനത്ത് നൂറോളം സി.ഡി.പി സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. കേന്ദ്ര, സംസ്ഥാന സർവിസുകളിലേക്കുള്ള വിവിധ മത്സരപ്പരീക്ഷകൾക്ക് പരിശീലനം നേടുന്ന രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ ഇപ്പോൾ സി.ഡി.പിയിലുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് സി.ഡി.പി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ആരോഗ്യമേഖലയിൽ ജനകീയമായ ഇടപെടലുമായാണ് സഹചാരിയും വിഖായയും രംഗത്തുവന്നത്. സംസ്ഥാനത്തുണ്ടായ പ്രളയം, ഉരുൾപ്പൊട്ടൽ, കൊവിഡ് തുടങ്ങിയ പരീക്ഷണങ്ങളെ അതിജീവിക്കുന്നതിലും രക്ഷാപ്രവർത്തനത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വിഖായ വളണ്ടിയർമാരുടെ സേവനം സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പ്രീതി പിടിച്ചുപറ്റുന്നതായിരുന്നു. പ്രളയദുരിത ബാധിതർക്കായി സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയുടെ ധന സഹായം എത്തിച്ചു നൽകി. സംസ്ഥാനത്ത് അറുനൂറോളം വരുന്ന സഹചാരി സെന്ററുകളിൽ നിന്നായി ആയിരക്കണക്കിന് കിടപ്പിലായ രോഗികൾക്ക് പരിചരണം ലഭിച്ചുവരുന്നു. ലഹരിക്കും ഇന്റർനെറ്റിനും അടിമപ്പെട്ടപ്പെട്ടവരെ ചികിത്സിക്കാൻ സംസ്ഥാന കമ്മിറ്റി സംഘടനയുടെ ട്രൈസനേറിയം (മുപ്പതാം വാർഷികം) പദ്ധതിയായി കുറ്റിപ്പുറത്ത് ആരംഭിച്ച വെൽനസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോ സൊല്യൂഷൻസ് & റിഹാബിലിറ്റേഷൻ എന്ന സ്ഥാപനം ഈ മേഖലയിൽ വലിയ സേവനമാണ് നിർവഹിക്കുന്നത്. ആരോഗ്യമേഖലയിലെ സംഘടനയുടെ പ്രധാന ഊർജം സംഘടന ഉപവിഭാഗമായ മീം എന്ന ഡോക്ടർമാരുടെ വിങ്ങാണ്. ആവശ്യമായ മാർഗനിർദശങ്ങൾക്ക് പുറമെ ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ ആരംഭിച്ച ഡോക്ടേഴ്‌സ് ഹെൽപ് ഡെസ്‌ക് നാട്ടിലും മറുനാട്ടിലുമുള്ള ആയിരങ്ങൾക്കാണ് ഉപകാരപ്രദമായത്.

കല, സാഹിത്യ, സാംസ്‌കാരിക രംഗത്ത് സർഗലയ, സത്യധാര, മനീഷ എന്നിവ നടത്തുന്ന ഇടപെടലുകൾ ശ്രദ്ദേയമാണ്. വനിതകൾക്ക് മത വൃത്തത്തിനകത്ത് നിന്നുകൊണ്ട് തന്നെ പഠിക്കാനും അവരുടേതായ ഇടപെടലുകൾ നടത്താൻ ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്റർ ( ഐ.എഫ്.സി) നടത്തിയ ഷീ സ്‌കിൽസ് പരീക്ഷയിൽ ഒന്നര ലക്ഷം സ്ത്രീകളും കാംപസ് വിദ്യാർഥിനികൾക്കായി നടത്തി പെൻക്വീനിൽ ആയിരത്തി അഞ്ഞൂറ് പേരും സംബന്ധിച്ചു.

മലബാർ സമരത്തിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് നടത്തിവരുന്നത്. ഹിന്ദു, മുസ്‌ലിം മൈത്രി നിലനിർത്തി നടത്തിയ സ്വാതന്ത്ര്യ പോരാട്ടമായിരുന്നു മലബാർ സമരമെന്ന സന്ദേശമാണ് നാം വിവിധ പരിപാടികളിലൂടെ കൈമാറിയത്. അന്തമാനിലേക്ക് നാടുകടത്തിയവരുടെ പിൻമുറക്കാരായ എഴുപത്തിയഞ്ച് കുടുംബങ്ങളെ മഞ്ചേരിയിൽ ക്ഷണിച്ചുവരുത്തി അന്തമാൻ മലയാളി കോൺഫറൻസ് നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. കൊവിഡ് കാലത്തും മുമ്പും ഓൺലൈൻ, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനായി മീഡിയാ വിങ്ങും എസ്.കെ.ഐ.സി.ആറും ശ്രദ്ദേയമായ പങ്കുവഹിച്ചു.

സംഘടനയുടെ ഘടനപരമായ സംവിധാനം നിലനിർത്താനും പരിശീലനത്തിനും വേണ്ടി ഓർഗാനെറ്റ് എന്ന വിങ് തന്നെ പ്രവർത്തിച്ച് വരുന്നുണ്ട്. ഫോർവേഡ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതും ഇതേ കാലയളവിലാണ്. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് കേരളത്തിനു പുറമെ ബംഗളൂരു, ഹൈദരാബാദ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ വിവിധ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ നടന്നുവരുന്നു. ഡൽഹിയിൽ ഒരു മുഴുവൻ സമയ കോ ഓർഡിനേറ്ററും ഫോർവേഡ് ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിച്ചുവരുന്നു. പിറവിയെടുത്ത് മുപ്പത്തിരണ്ട് വർഷം പിന്നിടുമ്പോൾ സംഘടനയുടെ കാലവും ചരിത്രവും പ്രയാണവും രേഖപ്പെടുത്തുന്ന ഒരു ചരിത്ര പുസ്തകം കൂടി അടുത്ത് തന്നെ സമർപ്പിക്കുകയാണ്.

കേരളത്തിലും പുറത്തും വിദേശത്തും മുസ്‌ലിം സമുദായത്തിന്റെ ധാർമിക ഉണർവിനും സാമൂഹിക സുരക്ഷിതത്വത്തിനും നിലകൊള്ളുകയെന്നതാണ് സംഘടനയുടെ പൊതുനിലപാട്. കേരളത്തിലെ സമ്പന്നമായ പണ്ഡിത പാരമ്പര്യവും സാദാത്തീ ശൃംഖലയും തണലാക്കി വളർന്ന് പന്തലിക്കാൻ ഇവിടുത്തെ മത, സാമൂഹിക സംഘങ്ങൾക്ക് അവസരമുണ്ടായി. അത്തരം സാമുദായിക പരിസരം ഇല്ലാത്ത ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനതക്കായി പ്രവർത്തിക്കുന്നതോടൊപ്പം ഇസ്‌ലാമോഫോബിയയും ന്യൂനപക്ഷ അവകാശ നിഷേധവും തുടർക്കഥയാകുന്ന കേരളത്തിലും ശക്തമായ തിരുത്തൽ ശക്തിയായി സംഘടന നിലകൊള്ളുന്നു. സംഘടനയുടെ സ്ഥിരം ചിട്ടവട്ടങ്ങൾ മറികടന്ന് സഞ്ചരിക്കാനും സമകാലിക സാഹചര്യങ്ങൾ പരിഗണിച്ച് പ്രവർത്തന അജൻഡ രൂപപ്പെടുത്താനും കഴിയുന്നത് പ്രധാനമായി കരുതുന്നു. അധികാര പങ്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള പരിശ്രമം ഫാസിസ്റ്റ് കാലത്ത് ഒഴിച്ചുകൂടാനാകില്ല.

ഡിസംബർ ഒന്ന് മുതൽ 15 വരെ രാജിയാകാത്ത ആത്മാഭിമാനം എന്ന സന്ദേശവുമായി സംഘടനയുടെ അംഗത്വ പ്രചാരണം നടക്കുകയാണ്. ഇതിന് മുന്നോടിയായി കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യവസ്ഥാപിതമായി സംഘടനാ അദാലത്ത് പൂർത്തിയായി. അദാലത്തിൽ പങ്കെടുത്ത അംഗീകൃത ശാഖകൾക്ക് മാത്രമാണ് അംഗത്വ പ്രചാരണത്തിൽ പങ്കെടുക്കാൻ അവസരം. ഓരോ ശാഖയിൽ നിന്നും പരമാവധി പ്രവർത്തകരെ സംഘടനയിൽ അംഗങ്ങളാക്കുവാൻ സഹപ്രവർത്തകർ ശ്രദ്ധിക്കണം. സമസ്തയുടെ ആശയാദർശങ്ങൾക്ക് മുൻഗണന നൽകുന്ന മിടുക്കരായ പുതുനിരയെ നാം ഉയർത്തിക്കൊണ്ട് വരണം.

സമുദായം ഒരു ശരീരം പോലെയാണ്. എല്ലാ അവയവങ്ങൾക്കും ആരോഗ്യവും മനസിന് ഉണർവുമുണ്ടെങ്കിൽ മാത്രമേ ശരീരത്തിന് ഉന്മേഷമുണ്ടാകൂ. ധാർമികമായും സാമൂഹികമായും സമുദായം വളർച്ച കൈവരിച്ചാലേ ഉത്തമ സമുദായമാകൂവെന്നതാണ് സംഘടനയുടെ തിരിച്ചറിവ്. ആ ലക്ഷ്യം കൈവരിക്കാൻ എല്ലാ മേഖലകളിലും ഉണർന്നിരിക്കാനും സജീവമായി പരിശ്രമിക്കാനുമാണ് തീരുമാനം. പാരമ്പര്യത്തിന്റെ സുകൃത സ്മരണകൾ കൂട്ടിനുണ്ട്. പുതുതലമുറയുടെ ചടുലതയുമുണ്ട്.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.