2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വെള്ളാനകള്‍ മേയുന്ന കെ.എസ്.ആര്‍.ടി.സി


കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി എംബ്ലം തയാറാക്കിയ കലാകാരന്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല താന്‍ വരച്ച തുമ്പിക്കൈ ഉയര്‍ത്തി നേര്‍ക്കുനേര്‍ പിടിക്കുന്ന രണ്ടാനകള്‍ കാലാന്തരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങാന്‍തക്ക വെള്ളാനകള്‍ ആയി പരിണമിക്കുമെന്ന്. അതാണ് വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ ആശയക്കാരുടെ യൂനിയനുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, കടക്കെണിയില്‍ മുങ്ങിത്താഴുന്ന ഈ സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ സത്യസന്ധരായ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തലപ്പത്ത് വന്നാല്‍ പരസ്പരം കടിച്ചുകീറുന്ന തൊഴിലാളി യൂനിയനുകള്‍ ചെയര്‍മാനെയോ, എം.ഡിയേയോ പുറത്തുചാടിക്കാന്‍ പരസ്പരം ഐക്യപ്പെടുന്ന കാഴ്ചയാണ് കണ്ടുവരാറുള്ളത്. അത് തന്നെയാണിപ്പോള്‍ സി.എം.ഡി ബിജു പ്രഭാകറിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയില്‍ നൂറുകോടി കാണാനില്ലെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചപ്പോഴേക്കും തൊഴിലാളി സംഘടനകളെല്ലാം സടകുടഞ്ഞെഴുന്നേറ്റ് ഒറ്റക്കെട്ടായിരിക്കുകയാണ്. തട്ടിപ്പ് നടത്തിയത് തൊഴിലാളികളല്ലെന്ന് സി.ഐ.ടി.യു ദേശീയ നേതാവ് എളമരം കരീം പറയുന്നു. ഡീസലിലും ടിക്കറ്റിലും കൃത്രിമം കാണിച്ചു പണം വെട്ടിക്കുന്നത് പിന്നെ ആരാണ്. മാസം തോറും ശമ്പളം പറ്റി ഇഞ്ചി കൃഷിയും കാപ്പി കൃഷിയും നടത്തിക്കൊണ്ടിരിക്കുന്നത് ആരാണ്.

പുറത്തേക്ക് പോകാന്‍ ഒരുങ്ങിക്കൊണ്ട് തന്നെയാണ് ബിജു പ്രഭാകര്‍, ഒരു വിഭാഗം ജീവനക്കാര്‍ പരസ്പരം മത്സരിച്ചു കൊണ്ട് കെ.എസ്.ആര്‍.ടിസിയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. പല വര്‍ക്‌ഷോപ്പുകളിലും നടക്കുന്നത് നാലരക്കോടിയോളം രൂപയുടെ പ്രാദേശിക കച്ചവടമാണ്. വില കുറഞ്ഞ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങി കൂടിയ വില എഴുതിവാങ്ങുന്നു. ദീര്‍ഘദൂര ട്രിപ്പുകളില്‍ കൃത്രിമം കാണിച്ച് ഡീസലില്‍ കൃത്രിമം കാണിക്കുന്നു. രാഷ്ട്രീയക്കാരുടെ കൊടി പിടിച്ച് കൈക്കൂലി കൊടുത്താണ് പലരും കെ.എസ്.ആര്‍.ടി.സിയില്‍ കയറിക്കൂടിയതെന്ന് സി.എം.ഡി തുറന്നടിക്കുമ്പോള്‍, വസ്തുനിഷ്ഠമായി തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് പകരം സി.എം.ഡിയുടെ ഓഫിസിന് മുന്‍പില്‍ പ്രതിഷേധ നാടകം നടത്തുകയായിരുന്നില്ല ഐ.എന്‍.ടി.യു.സി ചെയ്യേണ്ടിയിരുന്നത്. ഡീസലിന് പകരം സി.എന്‍.ജി ഉപയോഗിക്കാനുള്ള തീരുമാനത്തെ യൂനിയനുകള്‍ എതിര്‍ക്കുന്നത് ഡീസല്‍ കൊള്ള നടത്താന്‍ കഴിയില്ലെന്ന് വരുന്നതിനാലാണെന്ന് ബിജു പ്രഭാകര്‍ പറയുമ്പോള്‍ അതല്ല യാഥാര്‍ഥ്യമെങ്കില്‍ യാഥാര്‍ഥ്യം വിളിച്ച് പറയാനുള്ള ആര്‍ജവം കാണിക്കുകയാണ് തൊഴിലാളി യൂനിയനുകള്‍ ചെയ്യേണ്ടത്. അതല്ലാതെ സി.എം.ഡിയെ തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നില്ല. തുറന്നു പറഞ്ഞതിന്റെ പേരില്‍ ബിജു പ്രഭാകര്‍ പുറത്തുപോകാന്‍ തയാറെടുത്ത് കൊണ്ടിരിക്കുകയും തൊഴിലാളി യൂനിയനുകള്‍ അവരുടെ സംഘടിത മുഷ്‌ക്കുകൊണ്ട് അത് സാധിപ്പിച്ചെടുക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹത്തിന് ആരാണ് കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെടും.

2012 മുതല്‍ 2015 വരെയുള്ള മൂന്ന് വര്‍ഷത്തിനിടയില്‍ നൂറുകോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍നിന്നും കാണാതായത്. അത് എവിടെപ്പോയെന്ന് കണ്ടുപിടിക്കേണ്ട എന്നാണോ ജീവനക്കാരില്‍ ഒരു വിഭാഗം പറയുന്നത്. 7,090 പേര്‍ പഴയ ടിക്കറ്റ് വിറ്റ് പണം തട്ടിയെടുത്തിരിക്കുന്നു. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നു. കടം വന്ന് മൂക്കറ്റം മുങ്ങി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ഉദ്ദേശിച്ച് രൂപം കൊടുത്ത സ്വിഫ്റ്റ് കമ്പനിക്കെതിരേയും യൂനിയനുകള്‍ ചന്ദ്രഹാസമിളക്കുന്നു. നിലവില്‍ 7,000 ല്‍ അധികം ജീവനക്കാര്‍ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷം കൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ബിജു പ്രഭാകര്‍ പറയുമ്പോള്‍, യൂനിയനുകള്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ മുന്‍പോട്ട് കൊണ്ടുപോകുന്നത്.

കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍)യില്‍ നിന്നും കെ.എസ്.ആര്‍.ടി.സി കടമെടുത്ത 350 കോടി തിരിച്ചടക്കാത്തത് സംബന്ധിച്ച് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ബാങ്കിങ് ഇതര സ്ഥാപനമായ കെ.ടി.ഡി.എഫ്.സിക്ക്, കെ.എസ്.ആര്‍.ടി.സി വായ്പ തിരിച്ചടക്കാത്തതിനാല്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വായ്പ തിരിച്ചടക്കാത്തത് സംബന്ധിച്ച് ഭരണസമിതി അംഗമായ അഡീഷനല്‍ സെക്രട്ടറി എസ്. അനില്‍കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നൂറുകോടിയുടെ അഴിമതി പുറത്തുവന്നത്. ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ വരുത്തിയത് 45 ലക്ഷത്തിന്റെ തിരിമറിയാണ്. സ്ഥാപനത്തിലെ അഞ്ചുശതമാനം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകര്‍ പറയുമ്പോള്‍ ഇത്തരം ആളുകളെ യൂനിയനുകളില്‍ നിന്നും പുറത്തുകളയാനാണ് യൂനിയനുകള്‍ തയാറാകേണ്ടത്. നേരത്തെ അക്കൗണ്ടിങ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്ത, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.എം ശ്രീകുമാറിനെതിരേയും പോക്‌സോ കേസ് പ്രതിയായ ജീവനക്കാരനെ തിരിച്ചെടുത്ത വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഷറഫിനെതിരേയും ശിക്ഷാ നടപടിയുണ്ടാകുമെന്ന് സി.എം.ഡി സൂചിപ്പിച്ചിരിക്കുകയാണ്.

ധനകാര്യ മന്ത്രിയേയും ഗതാഗതമന്ത്രിയേയും നേരില്‍ക്കണ്ട് വിവരം അറിയിച്ചതിന് ശേഷമാണ് വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ മേയുന്ന വെള്ളാനകളെക്കുറിച്ചുള്ള വിവരം സി.എം.ഡി ബിജു പ്രഭാകര്‍ പുറത്തുവിട്ടത്. മന്ത്രിമാരുടെ അനുവാദത്തോടെയല്ലാതെ നൂറുകോടിയുടെ അഴിമതി അദ്ദേഹം പുറത്തുവിടുമായിരുന്നില്ല. അതിനാല്‍ അദ്ദേഹം വിഭാവനം ചെയ്യുന്ന സമഗ്രമായ മാറ്റം കെ.എസ്.ആര്‍.ടി.സിയില്‍ മൂന്ന് വര്‍ഷത്തിനകം നടപ്പിലാക്കാന്‍ കഴിയുമോ. മറിച്ച് യൂനിയനുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഈ സര്‍ക്കാരിന്റെ കാലത്ത് തെറിച്ച ആറ് എം.ഡി.മാരുടെ സ്ഥിതി തന്നെയായിരിക്കുമോ ബിജു പ്രഭാകറിനെയും കാത്തിരിക്കുന്നുണ്ടാവുക. അങ്ങനെ വരികയാണെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച, ഇപ്പോള്‍ വെള്ളാനകള്‍ മേഞ്ഞുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖല സ്ഥാപനത്തെയും നമുക്ക് എഴുതിത്തള്ളാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.