2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വളര്‍ത്തുഗുണത്തിന്റെ കഥ’

എം വി സക്കറിയ

പ്രായം കേവലം പതിനഞ്ചുവയസും നാലുമാസവും. ഈ പ്രായത്തിലാണ് ഹംഗറിക്കാരിയായ ആ പെണ്‍കുട്ടി ചെസ് കളിയില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി കൈവരിച്ചത്. ലോക റെക്കോര്‍ഡ്. എക്കാലത്തെയും മഹാനായ കളിക്കാരനും ലോക ചെസ് ചാംപ്യനുമായിരുന്ന ബോബി ഫിഷറിന്റെ റെക്കോര്‍ഡാണ് ജൂഡിത് പോള്‍ഗര്‍ എന്ന് പേരായ ആ കൊച്ചുപെണ്‍കുട്ടി തര്‍കര്‍ത്തത്.
പിന്നീട് ലോകത്തെ ഏറ്റവും മികച്ച പത്ത് ചെസ് കളിക്കാരില്‍ ഒരാളായി ജൂഡിത് മാറി. 2005 ല്‍ ലോക എട്ടാം നമ്പര്‍ താരമായി ഉയര്‍ന്നു. ലോക ചെസ് വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയായി. 2014 ല്‍ വിരമിക്കുംവരെ ആ പദവി നിലനിര്‍ത്തുകയും ചെയ്തു. നമ്മുടെ വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ അനേകം മിടുക്കരെ അവള്‍ തോല്‍പ്പിച്ചിട്ടുണ്ട്.
2002 ല്‍ പുതിയ നൂറ്റാണ്ടിന്റെ യുദ്ധം എന്നു വിശേഷിപ്പിച്ച ചെസ് ചാംപ്യന്‍ഷിപ്പിലെ ലോകാത്ഭുതങ്ങളിലൊരാളായ ലോക ഒന്നാം നമ്പര്‍ ഗാരി കാസ്പറോവിനെ ജൂഡിത് മുട്ടുകുത്തിച്ചു. 1984 മുതല്‍ നീണ്ട ഇരുപത്തിയൊന്നു വര്‍ഷക്കാലം ലോക ഒന്നാം നമ്പര്‍ പദവി മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരുന്ന കാസ്പറോവിനെ 42 നീക്കങ്ങളിലാണ് ജൂഡിത് അടിയറവ് പറയിച്ചത്.
ആ പെണ്‍കുട്ടിക്ക് അത് വെറുമൊരു വിജയം മാത്രമായിരുന്നില്ല. മധുരമായ പ്രതികാരവുമായിരുന്നു. കാരണമെന്തെന്നോ ? ഉജ്ജ്വലമായി ചെസ് കളിക്കുന്ന ആ മിടുക്കിപ്പെണ്‍കുട്ടിയെ കാസ്പറോവ് നേരത്തെ സര്‍ക്കസ് പാവ എന്നായിരുന്നു വിശേഷിപ്പിച്ചത് !!

സ്‌കൂളില്‍ പഠിക്കാന്‍ ഒരിക്കലും പോയിട്ടില്ലാത്ത ആ പെണ്‍കുട്ടി എങ്ങിനെ ഈ അത്ഭുതനേട്ടം കൈവരിച്ചു ?
ഗാരി കാസ്പറോവ് എന്തിനാണവളെ സര്‍ക്കസ് പാവ എന്ന് വിശേഷിപ്പിച്ചത് ? എന്തുകൊണ്ടാണ് ജൂഡിത്തും രണ്ടു സഹോദരികളും മറ്റുള്ള കുട്ടികളെപ്പോലെ സ്‌കൂളില്‍ പോവുകയേ ചെയ്യാതെ വീട്ടിലിരുന്നു പഠിച്ചത് ? സഹോദരികള്‍ മൂന്നുപേരും എങ്ങനെ ഇത്ര മികച്ച താരങ്ങളായി?

അതിനുള്ള ഉത്തരം വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വളര്‍ത്തുകഥയാണ്. മനശ്ശാസ്ത്ര പരീക്ഷണത്തിന്റെ കഥയാണ്. നമുക്ക് ജീവിതത്തില്‍ അതേപടി പകര്‍ത്താന്‍ കഴിയില്ലെങ്കിലും ചില വശങ്ങള്‍ പഠിച്ചെടുക്കാന്‍ സാധ്യമാവുന്ന സംഭവകഥ !!
ഹംഗറിയിലെ മനശ്ശാസ്ത്രജ്ഞനായിരുന്ന ലാസ്‌ലോ പോള്‍ഗര്‍ക്ക് വിചിത്രമെന്ന് മറ്റുള്ളവര്‍ കരുതിയ ഒരു സിദ്ധാന്തമുണ്ടായിരുന്നു.
പ്രതിഭ അഥവാ ജീനിയസ് എന്നത് കേവലം ജന്മസിദ്ധമെന്ന് പറയാനാവില്ല. സാധാരണ ആരോഗ്യത്തോടെ ഈ ഭൂമിയില്‍ പിറന്നുവീഴുന്ന ഏതൊരു കുട്ടിയ്ക്കും, ചിട്ടയായ പരിശീലനം നല്‍കിയാല്‍ അവരെ ജീനിയസ് ആക്കിത്തീര്‍ക്കാന്‍ കഴിയും !! ഇതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.
ഇതൊന്നും നടപ്പുള്ള കാര്യമല്ല, വെറും ഭാവന മാത്രം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തനി വട്ട് ! അതായിരുന്നു സഹപ്രവര്‍ത്തകരുടേയും മറ്റു മനശ്ശാസ്ത്രജ്ഞരുടെയും അഭിപ്രായം. അവരതിനെ പുച്ഛിച്ചു തള്ളി. അതോടെ ലസ്‌ലോ പോള്‍ഗര്‍ക്ക് വാശിയും ആവേശവും വര്‍ധിച്ചു. എങ്കില്‍ തെളിയിച്ചിട്ടുതന്നെ ബാക്കികാര്യം !!
പക്ഷെ, ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും തത്വങ്ങള്‍ തെളിയിക്കുന്നതുപോലെ മനശ്ശാസ്ത്ര തത്വങ്ങള്‍ പരീക്ഷണ ശാലയില്‍ തെളിയിക്കാന്‍ കഴിയുമോ ? അതുകൊണ്ട് സ്വന്തം ജീവിതത്തിലൂടെ സിദ്ധാന്തം തെളിയിക്കാനായിരുന്നു പോള്‍ഗറുടെ തീരുമാനം.

വിവാഹം കഴിക്കുന്നതിനുമുന്‍പുതന്നെ ഭാവിവധുവുമായി അദ്ദേഹം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു !! കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് തീരുമാനങ്ങളിലെത്തി !!
ജനിക്കാനിരിക്കുന്ന മക്കളെ ചെസില്‍ ലോക ചാംപ്യന്‍മാരാക്കും. അതായിരുന്നു ആ തീരുമാനം !!
വിവാഹം നടന്നു. പോള്‍ഗര്‍ – ക്ലാര ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മണികള്‍ പിറന്നു.
മൂത്തവള്‍ സൂസന്‍. രണ്ടാമത്തവള്‍ സോഫിയ. ഇളയവള്‍ ജൂഡിത്.

സ്‌കൂളിലൊന്നുമയക്കാതെ, മൂന്നുപേരെയും അവര്‍ വീട്ടിലിരുത്തി പഠിപ്പിച്ചു. പഠനത്തിന് വേണ്ടുന്ന സൗകര്യങ്ങളും അന്തരീക്ഷവും ഒരുക്കി. ചെസിന് വേണ്ടി അനേകം മണിക്കൂറുകള്‍ ചെലവഴിച്ചു. കൂടൂതെ കണക്കും മറ്റുവിഷയങ്ങളും പഠിപ്പിച്ചു. കര്‍ശനമായ ചിട്ടകളോടെ ഊര്‍ജ്ജിതമായ പഠനം തുടര്‍ന്നു. ചെസിന്റെ ഒരായിരം പുസ്തകങ്ങള്‍, വിവിധ ടൂര്‍ണമെന്റുകളിലെ കളിദൃശ്യങ്ങള്‍, ഫയല്‍കവറുകള്‍, ഫ്‌ളെയറുകള്‍, ട്രോഫികള്‍…. ആ വീട് ചെസ് വീടായി. മൂത്തവള്‍ സൂസന്‍ നാലാം വയസ്സില്‍ ചെസ് തുടങ്ങി. ആറുമാസം കഴിഞ്ഞപ്പോഴേക്കും ബുഡാപെസ്റ്റിലെ ചെസ്‌ക്ലബ്ബില്‍ അവള്‍ മുതിര്‍ന്ന കളിക്കാരെ തോല്‍പ്പിച്ചുതുടങ്ങി !! വൈകാതെ പതിനൊന്നില്‍ താഴെ പ്രായക്കാരുടെ ഗ്രൂപ്പില്‍ ജേതാവായി. ചെസ് അവള്‍ക്ക് ആര്‍ട്‌സും സ്‌പോര്‍ട്‌സും സയന്‍സും എല്ലാമായി.

മാനവ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പരീക്ഷണത്തെ ആദ്യം എതിര്‍ത്തവരെ അമ്പരപ്പിച്ചുകൊണ്ട് അത് സമ്പൂര്‍ണവിജയമായി.
നേരത്തെ ആരംഭിക്കുകയും പഠനവിഷയത്തോട് സമ്പൂര്‍ണ്ണസ്‌നേഹത്തോടെ നിരന്തര പരിശീലനം തുടരുകയും ശാസ്ത്രീയമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്താല്‍ ഏതുവിഷയത്തിലും ഏറ്റവും മികച്ച സ്ഥാനത്തേക്കുയരാന്‍ കഴിയുമെന്ന സിദ്ധാന്തം ആ ദമ്പതികള്‍ സ്വന്തം മക്കളിലൂടെ തെളിയിക്കുകതന്നെ ചെയ്തു

മൂന്നുപേരും വിദഗ്ധരായ ചെസ് കളിക്കാരായി. സൂസന്‍ ലോക വനിത ചാംപ്യനായി. ഇളയവള്‍ ജൂഡിത്താവട്ടെ എക്കാലത്തെയും ഏറ്റവും മികച്ച വനിതാ ചെസ് താരമായി ഉയര്‍ന്നു.
മാത്രമല്ല, ലോക് ടോപ് ടെന്നില്‍ ഇടം പിടിച്ച ഏക വനിതയും !!
ലാസ്‌ലോ പോള്‍ഗറുടെ സിദ്ധാന്തങ്ങള്‍ പൂര്‍ണമായും ശരിയാണോ ? മനശ്ശാസ്ത്ര വിദഗ്ധര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിഷയമാണത്. പക്ഷെ കുട്ടികളെ വളര്‍ത്തുമ്പോള്‍ ശരിയായ വിഷയത്തില്‍ ശക്തമായ പ്രോത്സാഹനം ചെറുപ്പത്തില്‍ത്തന്നെ നല്‍കേണ്ടതിന്റെ പ്രാധാന്യം ഈ ജീവചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ അസാധാരണ മികവ് തെളിയിച്ചവരില്‍ പലര്‍ക്കും ചെറുപ്പത്തില്‍ മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഓര്‍ക്കുക.
‘God gives talent. Work transforms talent in to genius’ പ്രശസ്ത റഷ്യന്‍ ബാലെ നര്‍ത്തകിയുടെ വാക്കുകള്‍ പ്രസക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News