2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്നും പ്രധാനമന്ത്രി വാ തുറക്കണമെന്നും എന്നെക്കുറിച്ച് മോദി അന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍, ആ ഉപദേശം മോദി ഓര്‍ക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സംസാരിക്കണം.
-മന്‍മോഹന്‍ സിങ്

മുപ്പതിനായിരം കോടിയുമായി നീരവ്‌മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ കീശയില്‍നിന്ന് തട്ടിയെടുത്ത് അദ്ദേഹം നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തതിനെ തുടര്‍ന്നാണ് വരിനില്‍ക്കാന്‍ നാം നിര്‍ബന്ധിതരായത്.
-രാഹുല്‍ഗാന്ധി

കുഞ്ഞുമോളേ, നീയീ നരകത്തില്‍നിന്ന് രക്ഷപ്പെട്ടുവല്ലോ. മടിയിലിരുത്തി കളിപ്പിക്കേണ്ട പ്രായത്തില്‍ ആശുപത്രിയും പൊലിസും കോടതിയും പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങളും. ഗ്രാമവാസികളുടെ സഹതാപം കലര്‍ന്ന ഭ്രഷ്ടുകല്‍പ്പിക്കലും നിന്ദയുമേറ്റ് ജീവിതം തള്ളിനീക്കാതെ നീ നിന്റെ മുറിഞ്ഞ കുഞ്ഞിച്ചിറകുകളില്‍ പറന്നു മറഞ്ഞല്ലോ. കുഞ്ഞേ, നിന്റെ നിഷ്‌കളങ്കതയുടേതായ ആ പാല്‍ച്ചിരി ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. പക്ഷേ, ദൈവം ശപിക്കുന്നതുപോലെ നീ ഞങ്ങളെ, ഈ നാടിനെ ശപിച്ചിരിക്കും. ആ ശാപം ഈശ്വരശാപമായി ഞങ്ങളുടെ ശിരസ്സില്‍ വീണിരിക്കുന്നു.എന്റെ പാവം കുഞ്ഞേ, നിന്നെ ഞാന്‍ മകളേ, മകളേ, മകളേ എന്നു നെഞ്ചുപൊട്ടിവിളിക്കുന്നു. വെള്ളിത്തളയിട്ട, തണുത്തുമരവിച്ച, ചോരപുരണ്ട ആ കുഞ്ഞിക്കാലുകളില്‍ ശിരസ്സണച്ച് മാപ്പുചോദിക്കുന്നു.
-സുഗതകുമാരി

മോദി അധികാരമേറിയ ശേഷം മാധ്യമങ്ങള്‍ വാച്ച്‌ഡോഗില്‍നിന്ന് ലാപ്‌ഡോഗ് ആയി മാറിയിട്ടുണ്ട്. എന്റെ അച്ഛനും സഹോദരിയും ചെയ്തപോലെ അവര്‍ക്ക് അധികാരികളോട് സത്യം പറയാനല്ല താല്‍പര്യം. എതിരാളികളെയും പ്രതിപക്ഷത്തെയും സദാചാര വിചാരണ നടത്താനാണ് അത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
-കവിത ലങ്കേഷ്(ഗൗരി ലങ്കേഷിന്റെ
സഹോദരി)

സംസ്ഥാന സര്‍ക്കാരിനോട് ആദരപൂര്‍വം ഒരു കാര്യം ആവശ്യപ്പെടുന്നു, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉറപ്പുവരുത്തുന്നതിനായി, ഈ അധ്യയന വര്‍ഷത്തില്‍, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് വലിയ അക്ഷരത്തില്‍ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ മുന്‍വശത്തു തന്നെസ്ഥാപിക്കണം. ക്രമേണ എല്ലാ സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും അത് വ്യാപിപ്പിക്കണം.
-സാറാ ജോസഫ്

എന്റെ സിനിമയില്‍ വരുന്ന ആളുകള്‍ പിന്നീട് എന്റെ കുടുംബാംഗങ്ങള്‍ ആയി മാറുകയാണ് പതിവ്. ജോണ്‍സണ്‍ എന്റെ 22 സിനിമകള്‍ക്ക് സംഗീതം നല്‍കി. 12 സിനിമകള്‍ക്ക് ഇളയരാജയും കുറേ സിനിമകള്‍ക്ക് വിദ്യാസാഗറും സംഗീതം ചെയ്തു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയിലെ പാട്ടുകള്‍ ഞാന്‍ കേട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ശ്രീനിവാസനും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് ‘അരവിന്ദന്റെ അതിഥി’കളിലെ ‘അമ്മേ ജനി…’ എന്ന പാട്ട് കേള്‍ക്കാനിടയായത്. ഉടന്‍ തന്നെ ശ്രീനിവാസനെ ഞാന്‍ വിളിച്ചുപറഞ്ഞത് നമ്മുടെ പടത്തിന്റെ സംഗീതം ഷാന്‍ റഹ്മാന്‍ തന്നെ ചെയ്യണം എന്നാണ്. മനസ്സുകൊണ്ട് അത്രയും ഇഷ്ടപ്പെട്ടു ആ പാട്ട്.
-സത്യന്‍ അന്തിക്കാട്

സമ്മേളനങ്ങള്‍ക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന യുവാക്കള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. എന്നാല്‍ നേതാക്കന്മാര്‍ വാ തുറന്നാലല്ലാതെ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയില്‍ നേതാക്കളായി മാറിയോ, നേതാവിന്റെ വാലായി നിന്നോ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത, അനീതിയും അക്രമവും കണ്ടാല്‍ പ്രതികരിക്കുവാന്‍ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തില്‍ വളര്‍ന്നുവരുന്നുണ്ട്. അവരെ ചൂരല്‍കൊണ്ട് മെരുക്കാനും ലാത്തികൊണ്ട് തളര്‍ത്താനും വാള്‍കൊണ്ടു വെട്ടാനും വരുന്നവര്‍ സൂക്ഷിക്കുക. ജാതിമത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി.
-ജോയ് മാത്യു

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ദേശീയമായി, അന്തര്‍ദേശീയമായി നിലനില്‍ക്കുന്ന എത്ര സിനിമകളുണ്ട്? ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള എത്ര സിനിമകളില്‍ അവര്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് പൂജ്യം എന്ന് ഉത്തരം പറയാന്‍ പറ്റും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിരലിലെണ്ണാന്‍ പറ്റിയ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ബാക്കിയുള്ള സിനിമകളെല്ലാം കടുത്ത സ്ത്രീവിരുദ്ധ സിനിമകളോ വംശീയ അധിക്ഷേപമുള്ള സിനിമകളിലോ ആണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.
-ഡോ. ബിജു(സംവിധായകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.