2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അക്ഷയപാത്രം ഉടയ്ക്കാനുള്ളതല്ല

സെബാസ്റ്റ്യന്‍ പോള്‍

 

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്നത് പ്രഖ്യാതമായ മാവോ സൂക്തമാണ്. അതിന്റെ അര്‍ഥമെന്തായാലും ഇന്ന് ഗ്രാമങ്ങളില്‍നിന്നെത്തിയ കര്‍ഷകര്‍ ഡല്‍ഹിയെ അക്ഷരാര്‍ഥത്തില്‍ വളഞ്ഞിരിക്കുന്നു. അധികാരത്തിന്റെ ലാത്തിയും വെള്ളം ചീറ്റുന്ന പീരങ്കിയും വകവയ്ക്കാതെയാണ് തണുത്തുറയുന്ന ഡല്‍ഹിക്ക് ചൂട് പകര്‍ന്നുകൊണ്ട് അവര്‍ മുന്നേറുന്നത്. ഭരണഘടനാദിനം ആഘോഷിച്ചുകൊണ്ട് ഒരൊറ്റ ഇന്ത്യ എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യ പലതെന്നു തെളിയിച്ചുകൊണ്ട് ഭരണഘടനയുടെ ശില്‍പികളായ ജനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴികളില്‍ തടയപ്പെട്ടു. തടയുന്നതിന് അതിര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ പലതാകുന്നു. ഇന്ത്യയിലെവിടെയുമുള്ള സ്വതന്ത്രമായ സഞ്ചാരം ഭരണഘടനയുടെ അനുവാദമാണ്.

പൊതുസമ്മതിയില്ലാത്ത നിയമങ്ങളോടുള്ള വിയോജിപ്പ് ഭരണകൂടവുമായുള്ള കലഹത്തിനു കാരണമാകും. കലഹം കലാപത്തിന്റെ തുടക്കമാണ്. ഭരണകൂടവുമായി കലഹിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശം മനുഷ്യാവകാശമാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഏകാധിപത്യങ്ങള്‍ ഈ അവകാശത്തെ അംഗീകരിക്കുന്നില്ല. വിയോജിപ്പിനെ രാജ്യദ്രോഹമായി കണ്ടതുകൊണ്ടാണ് ശിക്ഷാനിയമത്തില്‍ 124 എ എന്ന വകുപ്പുണ്ടായത്. റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയിലും ആ വകുപ്പ് സമാദരണീയമായി നിലനിര്‍ത്തിയിരിക്കുന്നു. വളരെ ഉദാരമായി ഈ നിയമം പ്രയോഗിക്കുന്ന കാര്യത്തില്‍ കേരളം, ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പിണറായിയുടെ കാലത്തും, പിന്നിലല്ല. ശിക്ഷാനിയമവും ദേശസുരക്ഷാ നിയമവും യു.എ.പി.എയും കൂടിച്ചേര്‍ന്നുള്ള മിശ്രിതം വിമര്‍ശനത്തിനുള്ള മികച്ച പ്രതിരോധ വാക്‌സിനാണെന്ന് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

പ്രതിഷേധിക്കുന്നതിനുള്ള ഇടം ജനാധിപത്യത്തില്‍ സാര്‍വത്രികമായിരിക്കണം. അധികാരം എവിടെയാണോ അവിടേയ്ക്ക് പ്രതിഷേധം ആര്‍ത്തലച്ചെത്തും. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കാന്‍ അവസരമുണ്ടാകണം. കൊളോണിയല്‍ ഭരണകാലത്ത് ല്യൂട്ടന്‍ സംവിധാനം ചെയ്ത ഡല്‍ഹിയില്‍ സമ്മേളിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും ഇടങ്ങളുണ്ട്. ജന്തര്‍ മന്തര്‍ അക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുമ്പോഴും അതിനുള്ള സൗകര്യമുണ്ടാകണം. പ്രതിനിധികളുടെ സാന്നിധ്യത്തോടൊപ്പം ജനങ്ങളുടെ സാമീപ്യവും കൂടിയാകുമ്പോഴാണ് പാര്‍ലമെന്റ് ജീവത്താകുന്നത്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ആതന്‍സില്‍ ആ കാഴ്ച ഞാന്‍ കണ്ടു. അവിടെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള വിസ്തൃതമായ ഇടം പ്രതിഷേധിക്കുന്നതിനും സംഗമിക്കുന്നതിനുമുള്ള ഭൂമികയാണ്. ഒരു സായാഹ്നത്തില്‍ അവിടെ ജനപ്രവാഹത്തിനിടയിലൂടെ നടന്നപ്പോള്‍ നമ്മുടെ പാര്‍ലമെന്റ് ജനങ്ങളില്‍നിന്ന് എത്രയോ അകലെയാണെന്ന കാര്യം ഞാന്‍ മനസിലാക്കി.

ജനഹിതമനുസരിച്ച് നിയമം നിര്‍മിക്കുന്നതിനുള്ള ഇടമാണ് പാര്‍ലമെന്റ്. എല്ലാ നിയമങ്ങളും അവ അനുസരിക്കാന്‍ ബാധ്യസ്ഥരായ ജനങ്ങള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. അപ്പോള്‍ അവര്‍ പ്രതിഷേധിക്കും. റോലറ്റ് നിയമത്തിനെതിരേയുള്ള പ്രതിഷേധമാണ് ജാലിയന്‍വാലാ ബാഗിലെ കൂട്ടക്കൊലയിലേക്ക് നയിച്ചത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരേയാണ് കഴിഞ്ഞ വര്‍ഷം രാജ്യം മുഴുവന്‍ പ്രക്ഷോഭം നടന്നത്. പൗരത്വപ്രക്ഷോഭം ലോക്ക്ഡൗണില്‍ മാറ്റിവയ്‌ക്കേണ്ടിവന്നുവെങ്കില്‍ ലോക്ക്ഡൗണില്‍ത്തന്നെയാണ് കര്‍ഷകദ്രോഹനിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെട്ടത്. പൗരത്വപ്രക്ഷോഭകരെ രാജ്യദ്രോഹികളാക്കിയ ഭരണകൂടം കര്‍ഷകപ്രക്ഷോഭകരെ വിഘടനവാദികളാക്കുന്നു. നായയെ പേപ്പട്ടിയാക്കാതെ സധൈര്യം നേരിടാന്‍ തയാറാകണം.

ശൈത്യത്തില്‍ മരവിക്കാത്ത സമരാവേശവുമായി നെടുനാളത്തെ തെരുവുവാസത്തിനിറങ്ങിയ കര്‍ഷകരോട് സംസാരിക്കാന്‍ ഭരണകൂടം തയാറായത് സ്വാഗതാര്‍ഹമായ കാര്യമാണ്. മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയ നിലപാടിലും ന്യായീകരണത്തിലും സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ ചര്‍ച്ചകൊണ്ട് പ്രയോജനമുണ്ടാകില്ല. മന്‍ കീ ബാത്ത് ഏകപക്ഷീയ പ്രക്ഷേപണമാണ്. ഇംഗ്ലീഷില്‍ ഉച്ചരിച്ചാല്‍ അത് മങ്കി ബാത് ആകും. കുരങ്ങുമായി ബന്ധപ്പെട്ട് മര്‍ക്കടമുഷ്ടി എന്ന പ്രയോഗമുണ്ട്. അഴികള്‍ക്കിടയിലൂടെ അകത്തേക്ക് കടത്തിയ കൈയില്‍ കിട്ടിയത് കളയാതെ ചുരുട്ടിപ്പിടിച്ച് പുറത്തേക്ക് കൈ എടുക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയാണ് മര്‍ക്കടമുഷ്ടി. ചുരുട്ടിപ്പിടിച്ചതു കളഞ്ഞാല്‍ കൈ അനായാസം പുറത്തേക്കു വരും. പക്ഷേ പിടിവാശി അതിനു തടസമാകും. മാധ്യമമാരണ ഓര്‍ഡിനന്‍സ് പിന്‍വലിച്ച പിണറായി പഴിയും പരിഹാസവും കേട്ടു. തെറ്റ് തിരുത്തുന്നതിനുള്ള ശരിയായ നടപടിയില്‍ അത്തരം ആശങ്കകള്‍ തടസമാകരുത്. തിരുത്ത് അവമതിപ്പല്ല, ഭൂഷണമാണ്.

നിയമം ശരിയെങ്കില്‍ അത് കര്‍ഷകരെ ബോധ്യപ്പെടുത്തണം. നിയമം അവര്‍ക്കുവേണ്ടിയുള്ളതാണ്. പക്ഷേ കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിയാളരാക്കുന്നതിനുള്ള നിയമമാണിതെന്ന് വ്യാപകമായ ആശങ്കയുണ്ട്. ആശങ്ക ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം നിയമം നിര്‍മിച്ചവര്‍ക്കുണ്ട്. പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിനുള്ള പ്രാപ്തി എല്ലാ നിയമങ്ങള്‍ക്കും സാധൂകരണമാകുന്നില്ല. മതം മാറുന്നത് നിയമവിരുദ്ധമാക്കി ഉത്തര്‍പ്രദേശില്‍ നിയമമുണ്ടായി. ശനിയാഴ്ച പ്രാബല്യത്തിലായ നിയമമനുസരിച്ച് ആദ്യത്തെ കേസ് ബറേലിയില്‍ എടുത്തുകഴിഞ്ഞു. ഉവൈശ് അഹ്മദ് എന്ന പ്രതിയെ പിടിക്കാന്‍ നാല് പൊലിസ് സംഘങ്ങളാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. മതവും നിലപാടും മാറാനുള്ളതാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ നിയമത്തെ അംഗീകരിക്കാനാവില്ല. മതത്തിന് നിലപാട് എന്നും അര്‍ഥമുണ്ട്. നിലപാട് മാറ്റുന്നതിനുള്ള പ്രേരണയാണ് ജനാധിപത്യത്തിലെ പ്രവര്‍ത്തനങ്ങള്‍. അവ നിരോധിക്കപ്പെട്ടാല്‍ മോദി വിഭാവന ചെയ്യുന്ന ഒരേ ഒരിന്ത്യയുണ്ടാകും. വ്യത്യസ്തമായ ഇന്ത്യകളുടെ സംശ്ലേഷണമാണ് ജനാധിപത്യത്തിലെ വിശുദ്ധിയുള്ള മനുഷ്യര്‍ സ്വപ്നം കാണുന്നത്. പ്രാദേശികമായാലും ദേശീയമായാലും ഭരണം മാറണമെന്നു തോന്നുമ്പോള്‍ നമ്മള്‍ മാറ്റും. അപ്പോള്‍ പല സമയങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ വേണ്ടിവരും. ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിനു നിരക്കാത്ത നിര്‍ദേശമാണ്.

എല്ലാം വെടക്കാക്കിയാല്‍ പ്രശ്‌നത്തിനു പരിഹാരമാവില്ല. രാഷ്ട്രത്തിന്റെ അക്ഷയപാത്രമാണ് പഞ്ചാബിലെ വയലുകള്‍. പാകിസ്താനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന അര്‍ഥശോഭയുള്ള മുദ്രാവാക്യം ലാല്‍ ബഹാദൂര്‍ ശാസ്ത്രി മുഴക്കിയത്. നരേന്ദ്ര മോദി അത് ജയ് ജവാന്‍ എന്നു ചുരുക്കി. ജവാന്മാര്‍ക്കൊപ്പം ദീപാവലി ഘോഷിച്ച മോദി അവരെ ഉപയോഗിച്ച് കിസാനെ ഒതുക്കാനാണ് ശ്രമിച്ചത്. പഞ്ചാബില്‍ ജവാനും കിസാനും ഒരു കുടുംബമാണ്. ജവാന്‍ രാജ്യസ്‌നേഹിയും കിസാന്‍ രാജ്യദ്രോഹിയും ആകുന്നില്ല. നിലനില്‍പിനുവേണ്ടിയുള്ള സമരത്തിലേര്‍പ്പെട്ട കര്‍ഷകരെ ഖലിസ്ഥാന്‍വാദികളാക്കാനാണ് സംഘ്പരിവാര്‍ പ്രൊപഗണ്ട മെഷിനറി ശ്രമിച്ചത്. അങ്ങേയറ്റം ദുരുപദിഷ്ടവും രാജ്യദ്രോഹപരവുമായിരുന്നു ആ പ്രവൃത്തി. സമരത്തില്‍ വിഭാഗീയതയല്ല ദേശീയതയാണ് രാഷ്ട്രം കണ്ടത്. പഞ്ചാബില്‍നിന്നു മാത്രമല്ല, ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ സംഗമിച്ചത് അതിന് ഉദാഹരണമായി.

അതിര്‍ത്തിയിലെ തടസം വിജയകരമായി ഭേദിച്ച് ഡല്‍ഹിയിലേക്ക് കടന്ന കര്‍ഷകരെ തലസ്ഥാനനഗരിയുടെ പ്രാന്തത്തിലൊതുക്കാനായി പിന്നീടുള്ള ശ്രമം. നിരങ്കാരി ഗ്രൗണ്ടിലേക്ക് എല്ലാവരെയും എത്തിച്ചതിനുശേഷം അത് ജയിലാക്കി മാറ്റുന്നതിനുള്ള നീക്കം പൊളിച്ചത് ഡല്‍ഹി സര്‍ക്കാരാണ്. ജാലിയന്‍വാലാ ബാഗിന്റെ ഓര്‍മയുള്ള ജനത ആ കെണിയിലേക്ക് അനായാസം ആനയിക്കപ്പെടില്ല. ഇന്ന് പീരങ്കികള്‍ ജലധാരകളായിരിക്കാം, നാളെ അവ തീയുണ്ടകള്‍ വര്‍ഷിച്ചുകൂടെന്നില്ല. മാസങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന സമരത്തിനു സജ്ജരായി മുന്നേറുന്ന കര്‍ഷകരുടെ വീര്യത്തെ ചതിയിലൂടെ നിര്‍വീര്യമാക്കാനാവില്ല. പൗരത്വപ്രക്ഷോഭത്തിന് കൃത്യമായ ലൊജിസ്റ്റിക്‌സ് ഇല്ലായിരുന്നു. അത് ജനതയുടെ മാനവികമായ ജനാധിപത്യബോധത്തില്‍നിന്ന് പൊടുന്നനെയുണ്ടായ പ്രതികരണമായിരുന്നു. കര്‍ഷകരുടെ മുന്നേറ്റം അങ്ങനെയല്ല. തീയില്‍ കുരുക്കുന്നത് വെയിലത്ത് വാടില്ലെന്നതുപോലെ ലോക്ക്ഡൗണില്‍ തുടങ്ങിയത് വൈറസ് ഭീതിയില്‍ അവസാനിക്കില്ല. മോദിയുടെ കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്ക് കര്‍ഷകരെ ബലികൊടുക്കുന്നത് കൊറോണ ഒതുങ്ങിയതിനുശേഷമാകാം. കര്‍ഷകനിയമങ്ങള്‍ താല്‍കാലികമായെങ്കിലും പിന്‍വലിക്കാതെ കര്‍ഷകര്‍ പിന്മാറില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.