
പെരിങ്ങത്തൂര്‍ : പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ ബോംബെറിഞ്ഞ് വെട്ടി പരുക്കേല്പിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് മരിച്ചു. പുല്ലൂക്കര മുക്കില്‍ പീടികയിലെ കുവപുനത്തില് താമസിക്കുന്ന പാറാല്‍ മന്‍സൂര്‍(21)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരങ്ങളായ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വെട്ടി പരുക്കേല്പിച്ചത്. സഹോദരനും യൂത്ത് ലീഗ് ശാഖ ജന. സെക്രട്ടറിയുമായ മുഹ്സിന് പരുക്കുകളോടെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹ്സിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് മന്‍സൂറിന് വെട്ടേറ്റത്.
കാലിന് പരുക്കേറ്റ മന്‍സൂറിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്നും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്‍സൂര്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണപ്പെട്ടത്. ബോംബേറില്‍ രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു.
പുല്ലൂക്കര പാറാല്‍ മുസ്തഫയുടെയും ചൊക്ലി മേനപ്രത്തെ കുറ്റിപുറത്ത് സക്കീനയുടെയും മകനാണ്. മറ്റ് സഹോദരങ്ങള്‍: മുനീബ്, മുബീന്(ഇരുവരും ഗള്‍ഫ്), സല്മാന്(വിദ്യാര്‍ഥി). സ്ഥലത്ത് ചൊക്ലി പൊലിസ് ഇന്‍സ്പെക്ടര്‍ സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പുല്ലൂക്കര പാറാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.