2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊലിസ് വലയത്തിലെ സ്വപ്നസാക്ഷാൽകാരം

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

മനോഹര സ്വപ്നങ്ങൾ നമ്മൾക്കെല്ലാം ഒടുവിൽ നിരാശയാണ് സമ്മാനിക്കുന്നത്. നമ്മളാഗ്രഹിക്കുന്ന ക്ലൈമാക്‌സി
നോടടുക്കുമ്പോൾ ഉറക്കമുണർന്നു സ്വപ്നം മുറിയും. ഒരിക്കൽ കൂടി കണ്ടിരുന്നെങ്കിലെന്ന് എത്ര ആഗ്രഹിച്ചാലും അത് നടക്കില്ല. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുര്യോഗങ്ങളിൽ ഒന്നാണിത്.
എന്നാൽ സ്വപ്നങ്ങളുടെ കാര്യത്തിൽ സാധാരണ മനുഷ്യരെപ്പോലെയല്ല ഭരണകൂടങ്ങൾ. സ്വപ്നസാക്ഷാൽകാരത്തിനായി ഭരണാധികാരികൾ ഏതറ്റം വരെയും പോകും. ആരുടെ പുരയിടത്തിലും വേണമെങ്കിൽ അടുക്കളയിലും കക്കൂസിലും വരെ കയറും. സ്വപ്നത്തെ തടയാനെത്തുന്നവരെ പിടിച്ചു ജയിലിലിടും. തല്ലും. വേണമെങ്കിൽ കൊല്ലും. സർക്കാർ സ്വപ്നങ്ങൾ അങ്ങനെയാണ്. നിന്നെപ്പോലെ പാതിവഴിക്ക് മുറിച്ചുകളയാനുള്ളതല്ല അത്.

അതുകൊണ്ടാണ് സർക്കാരിന്റെ വലിയ പദ്ധതികൾക്കൊക്കെ സ്വപ്നപദ്ധതി എന്ന് പേരിടുന്നത്. ശരിക്കും പറഞ്ഞാൽ അവയിൽ ഇത്തിരി സ്വപ്നങ്ങളുമുണ്ട്. നാടിന്റെ വികസനം പ്രധാന സ്വപ്നമാണെന്നാണ് സർക്കാർ പറയുക. നാട്ടിൽ വികസനമുണ്ടാകാത്തതിന്റെ വിഷമത്തിൽ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും നേരംവെളുപ്പിക്കുകയാണ് ലോകത്തെ എല്ലാ ഭരണാധികാരികളുമെന്ന് ആർക്കാണറിയാത്തത്.

   

പിന്നെ വിനയംകൊണ്ട് അവർ പുറത്തുപറയാത്ത വലിയൊരു സ്വപ്നം വേറെയുമുണ്ട്. ഭരിക്കുന്ന പാർട്ടികളുടെ വികസനമാണത്. ഇന്നത്തെ കാലത്ത് പാർട്ടികൾ നിലനിൽക്കുകയും വികസിക്കുകയുമൊക്കെ ചെയ്യണമെങ്കിൽ കണ്ടമാനം കാശ് വേണം. പണിക്കൊന്നും പോകാതെ സുഖമായി ജീവിക്കുന്നവരാണ് മിക്ക ഭരണവർഗ രാഷ്ട്രീയ നേതാക്കളും. പരാന്നഭോജികളെന്ന് ദോഷൈകദൃക്കുകൾ വിളിക്കാറുണ്ടെങ്കിലും യഥാർഥത്തിൽ സമൂഹത്തിനു വേണ്ടി ജോലി പോലും വേണ്ടെന്നു വച്ചവരാണവർ. അവരെയൊക്കെ തീറ്റിപ്പോറ്റാൻ ഒരുപാട് കാശ് വേണം. ബക്കറ്റ് പിരിവ് വഴിയൊന്നും അതു കിട്ടില്ല. അതിന് വികസന പദ്ധതികൾ വഴി കിട്ടുന്ന കമ്മിഷനും കോഴയുമൊക്കെ വേണം. വലിയ പാർട്ടികളാണെങ്കിൽ വലിയ തുകകൾ തന്നെ കിട്ടണം. അതിന് വൻകിട പദ്ധതികൾ തന്നെ വേണം. ഇതൊന്നും പറഞ്ഞാൽ വികസനവിരോധികൾക്ക് മനസ്സിലാവില്ല.

വലിയ വിലയുള്ളതുകൊണ്ടാണ് ഇത്തരം പദ്ധതികൾ എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് ഭരണാധികാരികൾ പറയുന്നത്. അതിലൊന്നാണ് കേരള സർക്കാരിന്റെ കെ റെയിൽ. തത്ത്വത്തിൽ അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമൊക്കെ കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും അതുകേട്ട് അടങ്ങിയിരിക്കാനാവില്ലല്ലോ. ഫാസിസ്റ്റ് സർക്കാരുകൾ അങ്ങനെ പലതും പറയും. എന്നാൽ അതുകേട്ട് മിണ്ടാതിരിക്കുന്ന ചരിത്രം വിപ്ലവകാരികൾക്കില്ല.

അതുകൊണ്ടാണ് കേന്ദ്രാനുമതിയൊന്നും നോക്കാതെ പൊലിസ് വലയത്തിൽ ഉദ്യോഗസ്ഥർ നാട്ടുകാരുടെ പുരയിടങ്ങളിൽ കയറി അതിരടയാളക്കല്ലുകൾ ഇടുന്നത്. നാട്ടുകാരെ ഇളക്കിവിട്ട് അതു തടയാമെന്ന് വികസനവിരോധികൾ കരുതേണ്ട. അതിനു തുനിഞ്ഞാൽ കല്ലായിയിലും മാടപ്പള്ളിയിലുമൊക്കെ നടന്നതു തന്നെ സംഭവിക്കും. കള്ളൻമാരെ പിടിക്കാൻ മാത്രമുള്ളതല്ല പൊലിസ്. സർക്കാരിന്റെ സ്വപ്നസാക്ഷാൽകാരത്തിനായി ലാത്തിയും തോക്കും ടിയർ ഗ്യാസ് ഷെല്ലുമൊക്കെ എടുക്കാൻ കൂടി ഉള്ളവരാണ്.

പൊലിസ് ഇറങ്ങിയിട്ടും സിംഗൂരിലും നന്ദിഗ്രാമിലും സർക്കാർ സ്വപ്നങ്ങൾ തകർന്നു പോയത് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതൊന്നും ഇവിടെ സംഭവിക്കില്ല. മലയാളികളെ അപേക്ഷിച്ച് ബംഗാളികൾ പൊതുവെ വിവരം കുറഞ്ഞവരാണ്. അവർ പണിയെടുക്കാതെ ജീവിക്കുന്നവരെ ബഹുമാനിക്കാൻ പഠിച്ചിട്ടില്ല. എന്നാൽ ബഹുഭൂരിപക്ഷവും പ്രബുദ്ധരായ കേരള ജനത അങ്ങനെയല്ല. ഒരു പണിയുമെടുക്കാതിരിക്കുന്നതും മേലനങ്ങാത്ത പണി ചെയ്യുന്നതും വലിയ മഹത്വമായി കരുതുന്നവരാണ് ഇവിടെ അധികവും. പിന്നെ സ്വന്തം വസ്തുവകകൾക്ക് ഒരു തകരാറും സംഭവിക്കാതെ അന്യരുടെ സ്വത്ത് കൈയേറി എന്തു വികസനം വേണമെങ്കിലും കൊണ്ടുവന്നോട്ടെ എന്ന് കരുതുന്നവരുമാണ്.

രാഷ്ട്രീയകക്ഷികളുടെ
ആയുർദൈർഘ്യം

എന്തൊക്കെ തകരാറുകളുണ്ടെങ്കിലും കോൺഗ്രസ് ജീവിച്ചിരിക്കണമെന്ന് ഈ രാജ്യത്ത് എന്നെപ്പോലെ കോടിക്കണക്കിനാളുകൾ ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസുമായി രാഷ്ട്രീയ വിയോജിപ്പുള്ളവരായിരിക്കും അതിലധികവും. ഒന്നുമില്ലെങ്കിലും ഇടയ്‌ക്കൊക്കെ നന്നായൊന്നു കളിയാക്കാൻ നമ്മൾക്ക് വേറെ ഏതു ദേശീയകക്ഷിയാണുള്ളത്. സംഘ്പരിവാറിനെ ഒന്നു കളിയാക്കൽ പോലും സാധ്യമല്ല. കളിയാക്കൽ കേൾക്കാൻ മാത്രമുള്ള മനസ്സിന്റെ സാരള്യം അക്കൂട്ടർക്കില്ല.

എന്നാൽ നമ്മളിൽ ചിലർ ആഗ്രഹിച്ചതുകൊണ്ടു മാത്രം കോൺഗ്രസ് അതേ രൂപഭാവങ്ങളിൽ ജീവിച്ചിരിക്കുമോ എന്ന ശങ്ക ഇതെഴുതുന്നയാൾക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ശങ്കയെ ബലപ്പെടുത്തിയിട്ടുമുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. കാലത്തിന്റെ കണക്കുപുസ്തകത്തിന് അതിന്റേതായ ഗണനരീതികളുണ്ടല്ലോ. ഒരു മനുഷ്യൻ, അല്ലെങ്കിൽ ഒരു വൃക്ഷം എത്രകാലം ജീവിച്ചിരിക്കുമെന്ന ചോദ്യത്തിന് പാർട്ടികളുടെ കാര്യത്തിലും പ്രസക്തിയുണ്ടെന്ന് തോന്നുന്നു. സംഘടനാസംവിധാനങ്ങളെയും കാലം ക്ഷയിപ്പിച്ചേക്കും, അതു കൊണ്ടുനടന്ന രാഷ്ട്രീയത്തിന്റെ എന്തെങ്കിലുമൊക്കെ അംശങ്ങൾ നാട്ടിൽ അവശേഷിക്കുമ്പോഴും.
കോൺഗ്രസിനിപ്പോൾ 137 വയസ്സായി. ചെറിയ പ്രായമല്ല അത്. ഇത്രയേറെ പ്രായമുള്ള ഏതെങ്കിലും പാർട്ടി ലോകത്ത് തെരഞ്ഞടുപ്പ് നടക്കുന്ന ഏതെങ്കിലുമൊരു രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ടോ എന്ന് സംശയമാണ്, കമ്യൂണിസ്റ്റ് പാർട്ടികളടക്കം. അക്കൂട്ടത്തിൽ തന്നെ കുറേക്കാലം രാജ്യം ഭരിച്ച പാർട്ടികളുടെ ആയുസ് ഏറെ കുറയും. ഭരണം കഠിനാദ്ധ്വാനം ആവശ്യമുള്ളൊരു കാര്യമാണ്. അത് സംഘടനാശരീരങ്ങളെ ക്ഷയിപ്പിക്കും.
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജീവിച്ചത് 88 വർഷം മാത്രമാണ്. ആ പാർട്ടി അന്ത്യശ്വാസം വലിച്ചിട്ട് ഇപ്പോൾ മൂന്നു പതിറ്റാണ്ട് പിന്നിട്ടു. മറ്റു മിക്ക മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും സമയമാം രഥത്തിൽ അന്ത്യയാത്രയായി. നൂറു വയസ്സു കഴിഞ്ഞ ചൈനീസ്, അതിനേക്കാൾ പ്രായം കുറഞ്ഞ ഉത്തര കൊറിയൻ, അതിലുമേറെ പ്രായം കുറഞ്ഞ ക്യൂബൻ തുടങ്ങിയ ചുരുക്കം കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്നും ജീവിച്ചിരിക്കുന്നത് ജനങ്ങൾക്ക് വോട്ടു ചെയ്ത് തകർക്കാൻ അവസരമില്ലാത്ത രാജ്യങ്ങളിലായതുകൊണ്ടു മാത്രമാണ്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(സി.പി.ഐ)യുടെ കാര്യം തന്നെയെടുക്കാം. താഷ്‌കന്റിൽ രൂപംകൊണ്ട ആദ്യ കമ്മിറ്റിയുടെ ജാതകം വച്ചു നോക്കുമ്പോൾ സി.പി.ഐക്ക് 102 വയസ്സായി. നെഹ്‌റു ഭരിച്ച കാലത്ത് പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ആ പാർട്ടിക്കിപ്പോൾ ലോക്‌സഭയിൽ രണ്ടംഗങ്ങളാണുള്ളത്. ഭരണം ഒരേയൊരു സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തു മാത്രം. സി.പി.ഐ പിളർന്ന് രൂപംകൊണ്ട സി.പി.എമ്മിന് 58 വയസ്സായതേയുള്ളൂ. അതിനിടയിൽ ഭരണമുണ്ടായിരുന്ന മൂന്നിൽ രണ്ട് സംസ്ഥാനങ്ങളിലും ഭരണമില്ലെങ്കിലും ഏതെങ്കിലും തരത്തിൽ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനാകുമായിരുന്ന പത്തോളം സംസ്ഥാനങ്ങളിലും പാർട്ടി തകർന്നടിഞ്ഞു. വൻ ജനസ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയെയും ആ പേരിൽ രാജ്യത്തെവിടെയെങ്കിലും ഭൂതക്കണ്ണാടി വച്ചു നോക്കിയാൽ കണ്ടുകിട്ടുമെന്ന് തോന്നുന്നില്ല.
എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ബാധകമായൊരു പ്രകൃതിനിയമം കോൺഗ്രസിനെ തൊടുമ്പോൾ മാത്രം സങ്കടപ്പെട്ടിട്ടോ അതിനവരെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. വരാനുള്ളതൊന്നും വഴിയിൽ തങ്ങാറില്ലല്ലോ.

എന്നാൽ ഈ സംഘടനാരൂപങ്ങൾ തകർന്നതുകൊണ്ടുമാത്രം അവർ മുന്നോട്ടുവച്ച രാഷ്ട്രീയങ്ങൾ അപ്രസക്തമായി എന്ന് പറയാനാവില്ല. രൂപഭാവങ്ങൾ മാറിയെങ്കിലും അവ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട്. പരമ്പരാഗത കോൺഗ്രസ് രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്നതിനു പുറമെ അതിൽനിന്ന് പൊട്ടിപ്പിളർന്നുപോയ തൃണമൂൽ കോൺഗ്രസും വൈ.എസ്.ആർ കോൺഗ്രസും രണ്ടു സംസ്ഥാനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നു. എൻ.സി.പി ഒരു സംസ്ഥാനത്ത് രണ്ടാം കക്ഷിയായി ഭരണം പങ്കിടുന്നു.

ഇപ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് 42 വയസ്സായതേയുള്ളൂ. പഴയ ജനസംഘത്തിന്റെ തുടർച്ചയാണെങ്കിലും ആ ജനസംഘമല്ല ഇന്നത്തെ ബി.ജെ.പി. അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തിൽ പങ്കെടുത്ത് തന്ത്രപൂർവം ഒരു പ്രായോഗിക ആത്മഹത്യ ചെയ്‌തെന്ന് വരുത്തിത്തീർത്ത് ജനാധിപത്യ സമൂഹത്തിന് ഉണ്ടായിരുന്ന അയിത്തം ഒരളവോളം മാറ്റി പിന്നീട് ഭരണം പങ്കിട്ട് അതിനും ശേഷം പുതിയ കാലത്തിനു ചേരുന്ന ചില ചേരുവകളും ചേർത്ത് അതിൽ ഹിന്ദുത്വവാദം അതിവിദഗ്ധമായ സന്നിവേശിപ്പിച്ചാണ് അവർ വളർന്നത്. അവർക്കിപ്പോൾ യൗവനമാണ്. പോകുന്ന പോക്ക് വച്ചുനോക്കുമ്പോൾ കോൺഗ്രസിന്റെ പകുതി പ്രായമെത്തുന്നതിനു മുമ്പ് അവർ തകർന്നടിയും. അപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചില തുരുത്തുകൾ എവിടെയെങ്കിലുമൊക്കെ അവശേഷിപ്പിക്കും. ഇന്ത്യൻ രാഷ്ട്രീയം അങ്ങനെയാണ്. അധികാരഭ്രഷ്ടമാക്കുന്ന രാഷ്ട്രീയത്തിന്റെ ചില ഘടകങ്ങളെയെങ്കിലും അതു കൊണ്ടുനടക്കും.

ഇതുപോലെ അടുത്തകാലത്ത് രൂപംകൊണ്ട തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ്, എ.എ.പി തുടങ്ങിയ പാർട്ടികൾക്കും ചിലയിടങ്ങളിലെങ്കിലും ജനസമ്മതി കിട്ടുന്നു. അതും ശാശ്വതമല്ല. കുറച്ചുകാലം കഴിഞ്ഞാൽ അവരെയും ജനത തിരസ്‌കരിക്കും. ഇടക്കാലത്ത് കത്തിക്കയറിയ ബി.എസ്.പിക്ക് യു.പി ജനത വിശ്രമം വിധിച്ചതുപോലെ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.