
തിരുവനന്തപുരം: മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം ഡാറ്റാ തട്ടിപ്പ് നടത്തി തയാറാക്കിയതാണെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും യു.ജി.സി ചെയര്‍മാനും കേരള സര്‍വകലാശാല വി.സിക്കും സേവ് യൂനിവേഴ്സിറ്റി കാംപയിന് കമ്മിറ്റി പരാതി നല്കി.
ഡാറ്റാ തട്ടിപ്പ് നടത്തിയതിന് നിയമനടപടികള്‍ കൈക്കൊള്ളണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും തട്ടിപ്പിന്റെ രേഖകള്‍ സഹിതമുള്ള പരാതിയിലുണ്ട്. അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച പബ്പീര്‍ വെബ്സൈറ്റിന്റെ സഹായത്തോടെയാണ് ഡാറ്റയിലെ സാമ്യം കണ്ടെത്തിയത്.
സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പഠനവകുപ്പിലാണ് വിജി വിജയന് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്. ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണ് ബിജുവിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.