2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാണികളേ ഇതിലേ… ഐ.പി.എല്‍ പുനരാരംഭം നാളെ

 

ദുബൈ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 14ാം സീസണ്‍ ഐ.പി.എല്ലിന് നാളെ പുനരാരംഭം. നാളെ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖം കൊമ്പുകോര്‍ക്കുന്നതോടെ വീണ്ടുമൊരു ഐ.പി.എല്‍ ആരവത്തിന് അരങ്ങുണരും.
ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് സീസണിലെ ഐ.പി.എല്‍ ഇന്ത്യയില്‍ ആരംഭിച്ചെങ്കിലും വ്യത്യസ്ത ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെ മെയ് രണ്ടിന് മത്സരം നിര്‍ത്തിവച്ചു. ഇതോടെ ഈ സീസണ്‍ റദ്ദാക്കുമെന്ന് വരെ അഭ്യൂഹം പരന്നു. എങ്കിലും ബി.സി.സി.ഐയുടെ ഇടയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 19ന് ദുബൈയില്‍ വച്ച് നടക്കുമെന്നും പ്രഖ്യാപിച്ചു.
രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായി സ്റ്റേഡിയത്തില്‍ കാണികളെത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഐ.പി.എല്ലിന് പുനരാരംഭം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന 13ാം സീസണ്‍ ഐ.പി.എല്ലിലും ഈ വര്‍ഷം ആദ്യം നടന്ന ടൂര്‍ണമെന്റിലും കൊവിഡ് ഭീതി കാരണം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ കൊവിഡ് ഭീതിയൊഴിഞ്ഞ ദുബൈയില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കി മത്സരം ആരംഭിക്കാനുള്ള തയാറെടുപ്പും തുടങ്ങി.
ടിക്കറ്റ് വില്‍പന ഓണ്‍ലൈനിലൂടെ തകൃതിയായി നടക്കുന്നുമുണ്ട്. അടുത്ത മാസം ഇതേ വേദിയില്‍ കുട്ടിക്രിക്കറ്റിന്റെ മാമാങ്കമായ ടി20 ലോകകപ്പ് നടക്കേണ്ടതിനാല്‍ ആളിക്കത്തലിനു മുമ്പുള്ള ചെറിയ വെടിക്കെട്ടായാണ് ലോകം ഐ.പി.എല്ലിനെ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ തിളങ്ങാന്‍ വേണ്ടിയുള്ള കണക്കുകൂട്ടലുമായാണ് ഓരോ താരങ്ങളും ഇവിടെ എത്തിച്ചേര്‍ന്നത്.

പ്രമുഖ താരങ്ങളില്ലാതെ…

സീസണിലെ രണ്ടാംഘട്ട ഐ.പി.എല്‍ വാതില്‍പ്പടിയിലെത്തിയെങ്കിലും ഓരോ ക്ലബ്ബുകളിലും ചില പ്രധാന വിദേശ താരങ്ങള്‍ വിട്ടുനില്‍ക്കുന്നു എന്നത് ടൂര്‍ണമെന്റിന്റെ നിറംകെടുത്തുന്നു. ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മെലാന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്ന് ആരാധകര്‍ മിസ് ചെയ്യുന്ന താരങ്ങള്‍. ഇവരില്‍ ചിലര്‍ പരുക്ക് മൂലം പിന്‍മാറിയപ്പോള്‍ മറ്റുചിലര്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടാണ് മാറിനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പൊന്നുംവിലയ്ക്ക് കൊല്‍ക്കത്ത ടീമിലെടുത്ത ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമ്മിന്‍സിനെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടപ്പെടും. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം വിട്ടുനില്‍ക്കുന്നത്.
മറ്റു ടീമുകളും ചില മാറ്റങ്ങളുമായാണ് രണ്ടാംഘട്ടത്തില്‍ ഇറങ്ങുന്നത്. ബാംഗ്ലൂരില്‍ ആദം സാംപയ്ക്കും കെയ്ന്‍ റിച്ചാര്‍ഡ്‌സനും പകരമായി ലങ്കന്‍ താരം ദുഷ്മന്ദ ചമീരയെയും വനിന്ദു ഹസരങ്കയെയും സിംഗപ്പൂരില്‍ നിന്നുള്ള ടിം ഡേവിഡിനെയും ടീമിലെത്തിച്ചു. പകരക്കാരായി ഇംഗ്ലണ്ട് താരം ആദില്‍ റഷീദും ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമും എത്തിയത് പഞ്ചാബിന് ആശ്വാസം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.