2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പുതിയ ഐ.ടി നിയമം വെല്ലുവിളി ഉയര്‍ത്തുമ്പോള്‍


 

രാജ്യത്തെ ഐ.ടി നിയമഭേദഗതിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് വിദേശങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും ഈ നിയമഭേദഗതി എടുത്തുകളയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനുള്ള മറുപടിയില്‍, പുതിയ ഐ.ടി ചട്ടങ്ങള്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതും ഇതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ വാദം ഇന്ത്യയിലെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോട് യോജിച്ചു പോകുന്നതല്ല.

ഫെബ്രുവരി 25നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ മാധ്യമനിയമങ്ങള്‍ പാലിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് മൂന്നു മാസത്തെ അവധി നല്‍കിയിരുന്നത്. നിയമം അംഗീകരിച്ചില്ലെങ്കില്‍ ഐ.ടി കമ്പനികള്‍ക്ക് ഇന്ത്യയില്‍ ലഭിച്ചുവന്നിരുന്ന സംരക്ഷണം നഷ്ടമാകുമെന്നായിരുന്നു മന്ത്രാലയത്തിന്റെ ഭീഷണി.

മാധ്യമങ്ങള്‍ക്ക് എത്തിക്‌സ് കോഡ് നിര്‍ദേശിക്കുന്നതും ഉപയോക്താക്കളുടെ പരാതി പരിഹാരത്തിനുമാണ് നിയമഭേദഗതിയെന്ന സര്‍ക്കാര്‍ ഭാഷ്യം പുറമേക്ക് പറയുന്നതാണ്. അകമേ സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളെ ഭയന്നുതുടങ്ങി എന്നതാണ് നേര്. സര്‍ക്കാരിനെതിരേയുള്ള പോസ്റ്റുകള്‍ നീക്കംചെയ്യുക എന്നത് മാത്രമാണ് പുതിയ ഐ.ടി നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങളില്‍ വര്‍ഗീയവികാരവും മതസ്പര്‍ധയും ഉണ്ടാക്കാന്‍ കാരണമായിത്തീരുന്ന പോസ്റ്റുകള്‍ ഇല്ലാതാക്കുക എന്നതാണ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

വര്‍ഗീതയ്ക്കും വംശീയ ഉന്മൂലനത്തിനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും ഏറ്റവുമധികം ദുരുപയോഗം ചെയതവരാണ് സംഘ്പരിവാര്‍. ഇവരുടെ മേല്‍നോട്ടത്തില്‍ ഇങ്ങനെയുള്ള വിങ് തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം ദുഷ്പ്രചാരണങ്ങളുടെ ബലത്തിലും കൂടിയാണ് 2014ല്‍ ഇന്ത്യയില്‍ ബി.ജെ.
പി അധികാരത്തില്‍ വന്നത്.

ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സര്‍ക്കാരിനെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോഴാണ് ഉപയോക്താക്കളുടെ ശാക്തീകരണം പറഞ്ഞ് സമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയത്. ഇന്ന് ഈ കാറ്റ് സമൂഹമാധ്യമങ്ങള്‍ക്കു നേരെയാണെങ്കില്‍ നാളെ മറ്റു മാധ്യമങ്ങള്‍ക്കു നേരെയും വീശുമെന്നതില്‍ സംശയം വേണ്ട. കേരളത്തിലെ രണ്ട് ചാനലുകള്‍ക്ക് ആ ദുരനുഭവമുണ്ട്. ഐ.ടി ഇന്റര്‍മീഡിയറി ചട്ടവുമായി ബന്ധപ്പെട്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്‍.സി) കൊണ്ടുവന്ന റിപ്പോര്‍ട്ടിനെതിരേ യു.എന്നിലെ ഇന്ത്യന്‍ മിഷന്‍ നല്‍കിയ മറുപടി മുഖവിലക്കെടുക്കാന്‍ പറ്റാത്തതാണ്. യു.എന്‍.എച്ച്.ആര്‍.സിയുടെ പ്രത്യേക നടപടി വിഭാഗം ഈ മാസം 11നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമം മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണെന്നും രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങളോട് യോജിക്കാത്തതാണെന്നും റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ഷകസമരവും കൊവിഡ് പ്രതിസന്ധിയും നിലനില്‍ക്കുന്ന കാലത്ത് പൗരന്മാരുടെ പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് പുതിയ ചട്ടമെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ, ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും ഭരണഘടനാ സ്വാതന്ത്ര്യവും വിളിച്ചോതുക മാത്രമാണ് പുതിയ ചട്ടമെന്നായിരുന്നു ഇന്ത്യ നല്‍കിയ മറുപടി.

വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാര്‍ പാസാക്കിയ പുതിയ ഐ.ടി നിയമം. മനുഷ്യാവകാശ ലംഘനത്തിനു പുറമെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഡിജിറ്റല്‍ അവകാശത്തിനു നേരെയും പൗരന്റെ സ്വകാര്യതയ്‌ക്കെതിരേയും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് ഈ നിയമം. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിസംഗതയുടെ അവസാനത്തെ ഉദാഹരണമായിരുന്നു കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട്. അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിന്റെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നല്‍കുമെന്നു പറഞ്ഞ ഒരു സര്‍ക്കാരാണ് സുപ്രിംകോടതിയില്‍ ഇത്തരമൊരു നിലപാട് എടുത്തത്. ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്തുന്നതില്‍ ഈ അലസമനോഭാവമൊന്നും കണ്ടില്ല.

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാര്‍ പറയുന്നവ എടുത്തുമാറ്റുക, അവയുടെ ഉറവിടം സംബന്ധിച്ച് സര്‍ക്കാരിനു വിവരം നല്‍കുക എന്നീ ഭേദഗതികള്‍ അംഗീകരിക്കാനാവില്ലെന്നു ട്വിറ്റര്‍ നേരത്തെ തന്നെ നിലപാട് എടുത്തതാണ്. ഓരോ രാജ്യങ്ങളുടെയും സുരക്ഷ കാത്തുസൂക്ഷിക്കുക എന്നത് തങ്ങളുടെ അജന്‍ഡയല്ലെന്ന് വാര്‍ത്താവിനിമയ രംഗത്തെ സ്വതന്ത്രമാധ്യമങ്ങളായ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഐ.ടി മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ച് സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിന്മേലും ട്വിറ്റര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

സമൂഹമാധ്യമങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. രാജ്യത്തു നടക്കുന്ന മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ച് പുറംലോകം അറിയാതിരിക്കാന്‍ ദേശീയമാധ്യമങ്ങളില്‍ പലതിനെയും തടഞ്ഞു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിരുന്നു. വഴങ്ങാതിരുന്ന മാധ്യമ സ്ഥാപനമേധാവികളുടെ ഓഫിസുകളും വീടുകളും റെയ്ഡ് ചെയ്തു അവരെ നിശബ്ദരാക്കി.

എന്നാല്‍, രാജ്യത്തെ പിടിച്ചുലച്ച രണ്ട് സംഭവങ്ങളായിരുന്നു കര്‍ഷകസമരവും കശ്മിരിന്റെ 370ാം വകുപ്പ് എടുത്തുമാറ്റിയതും. സ്വന്തന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷകസമരം. രണ്ട് സംഭവങ്ങളെക്കുറിച്ചും ബി.ബി.സി യഥാസമയം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കശ്മിരിലും കര്‍ഷക സമരത്തിലും നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വന്‍തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് വന്നത്. കര്‍ഷകസമരത്തിനു ജനകീയ പിന്തുണ ലഭിച്ചതും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളായിരുന്നു.

ഡല്‍ഹിയിലെ പൗരത്വപ്രക്ഷോഭത്തെ പൊളിക്കാന്‍ സംഘ്പരിവാര്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ കേരളത്തിലെ രണ്ട് ചാനലുകളെ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് തല്‍ക്കാലത്തേക്ക് തടഞ്ഞുനിര്‍ത്തിയ കേന്ദ്ര സര്‍ക്കാരാണ് പറയുന്നത്, ഐ.ടി നിയമ ഭേദഗതി മനുഷ്യാവകാശവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കുന്നതല്ലെന്ന്. ബി.ജെ.പിക്ക് അനുകൂലമാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെങ്കില്‍ സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയവിദ്വേഷങ്ങളും യഥേഷ്ടം പ്രചരിപ്പിക്കാം. അതിനു അര്‍ണബ് ഗോസാമിമാരും ഉണ്ടാകും.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളാണ് വരുന്നതെങ്കില്‍ പൊറുപ്പിക്കുകയില്ലെന്നതിന്റെ തെളിവാണ് പുതിയ ഐ.ടി നിയമം. എന്നിട്ടും ഈ നിയമത്തെ ന്യായീകരിച്ച്, ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സമൂഹമാധ്യമ കമ്പനികള്‍ പഠിപ്പിക്കേണ്ടതില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റ പ്രസ്താവന എന്തുമാത്രം പരിഹാസ്യമാണ്. ഇന്ത്യയിലെ മനുഷ്യാവകാശത്തെക്കുറിച്ച് അദ്ദേഹം വാചാലനകുന്നത് അതിലേറെ അപഹാസ്യവുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.