2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗോള്‍വാള്‍ക്കറും ശാസ്ത്രവും തമ്മിലെന്ത്

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

 

ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് ആര്‍.എസ്.എസ് ആചാര്യന്‍ മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ സംഭാവന എന്തായിരുന്നെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍പോലും കൈമലര്‍ത്തും. എന്നാല്‍ സമൂഹത്തില്‍ വര്‍ഗീയവിഷം കലര്‍ത്തുന്നതില്‍ ഗോള്‍വാള്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ അദ്ദേഹത്തിന്റെ ജീവിതകാലമത്രയും മറ്റെന്തിനാണ് സമയം ചെലവിട്ടിട്ടുള്ളതെന്ന് ഏതൊരു രാഷ്ട്രീയവിദ്യാര്‍ഥിയും സ്വയം ചോദിച്ചുപോകും. അത്രയ്ക്ക് വെറുപ്പിന്റെ ആശയം സൃഷ്ടിക്കാനും അത് പ്രചരിപ്പിക്കാനും തന്റെ ജീവിതം മുഴുവന്‍ ചെലവിട്ട ഒരാളുടെ നാമധേയത്തിലാണ് സാമുദായിക മൈത്രിയുടെ ഈറ്റില്ലമായ കേരളത്തിലെ ശാസ്ത്ര, സാങ്കേതിക സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാം കാംപസ് ഇനി അറിയപ്പെടാന്‍ പോവുന്നത്.
‘വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല’ എന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറിയും ഇപ്പോഴത്തെ കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടതുപോലെ അങ്ങേയറ്റം അപലപനീയമായ ഈ നടപടിക്കെതിരേ സാധ്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ഒപ്പം, സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും ആരാധിക്കുകയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ഇന്ത്യയുടെ മൂന്നു ശത്രുക്കളായി തരംതിരിച്ചും വംശീയ ഉന്മൂലനത്തിന് പ്രേരിപ്പിക്കുന്ന രചനകള്‍ നടത്തുകയും ചെയ്ത ഗോള്‍വാള്‍ക്കറെ വെള്ളപൂശാനുള്ള ശ്രമത്തെ യഥാര്‍ഥ ചരിത്രവസ്തുതകളിലൂടെ തുറന്നുകാണിക്കേണ്ടതായിട്ടുണ്ട്.
1930 കളില്‍ ജര്‍മ്മനിയില്‍ ജൂതന്മാര്‍ക്കെതിരായി നടന്ന നാസി വംശശുദ്ധീകരണത്തെ ഇദ്ദേഹം പിന്തുണച്ചുകൊണ്ട് തന്റെ ‘നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ (ണല ീൃ ഛൗൃ ചമശേീിവീീറ ഉലളശിലറ) എന്ന കൃതിയില്‍ ഗോള്‍വാള്‍ക്കറിന്റെ നിരീക്ഷണം ഇപ്രകാരം വായിക്കാം: ‘വംശത്തിന്റെയും സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിര്‍ത്താനായി സെമിറ്റിക്ക് വംശമായ ജൂതന്മാരെ ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയര്‍ന്നതലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാനാവില്ല എന്നും ജര്‍മ്മനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത് ‘. ചുരുക്കത്തില്‍ ജര്‍മ്മനി ജൂതന്മാരെ ഉന്മൂലനം ചെയ്തതില്‍നിന്ന് ഇന്ത്യക്ക് നല്ല പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന ഒന്നാന്തരം ഉന്മൂലന ആഹ്വാനമാണ് ഗോള്‍വാള്‍ക്കര്‍ തന്റെ കൃതിയിലൂടെ നടത്തിയത്.

ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ഹിറ്റ്‌ലറോടുള്ള തന്റെ ആരാധന മറച്ചുവയ്ക്കാനും അദ്ദേഹം തയാറായില്ല. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകനെന്ന നിലയ്ക്ക് വരും കാലത്തേക്കുള്ള തന്റെ സംഘടനയുടെ മാനിഫെസ്റ്റോ കൂടി തയാറാക്കി നല്‍കുകയായിരുന്നു ഗോള്‍വാള്‍ക്കര്‍ തന്റെ ഈ ക്ഷുദ്രകൃതിയിലൂടെ ചെയ്തത്. സംഘ്പരിവാറിന്റെ നാസി ആരാധനയും പ്രവര്‍ത്തനശൈലിയും ആകസ്മികമായി സംഭവിച്ചതല്ലെന്നും അതിന് പുറകില്‍ ഗോള്‍വാള്‍ക്കറുള്‍പ്പെടെയുള്ളവരുടെ ചിന്തകളുണ്ടായിരുന്നുവെന്നും ഈ കൃതി തെളിയിക്കും. നാസികളോടുള്ള സംഘ്പരിവാറിന്റെ ഭക്തി അന്താരാഷ്ട്രതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് കൂടി ഓര്‍ക്കണം. ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെയും നാസികളെയും മാതൃകയാക്കുന്ന ആര്‍.എസ്.എസിന്റെ ആസ്ഥാനം സന്ദര്‍ശിച്ച ആസ്‌ത്രേലിയന്‍ ഹൈക്കമ്മിഷണര്‍ രാജിവയ്ക്കണമെന്നാവശ്യം ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയത് കഴിഞ്ഞാഴ്ചയാണ്. ജനാധിപത്യ സമൂഹങ്ങള്‍ക്ക് തെല്ലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാശയത്തിന്റെ വക്താവ് എന്ന നിലയ്ക്ക് ഗോള്‍വാള്‍ക്കറുടെ പ്രതിച്ഛായയും അന്താരാഷ്ട്രതലത്തില്‍ ഒട്ടും നന്നല്ല.
ബ്രിട്ടിഷ് അധിനിവേശത്തിനെതിരേ ഇന്ത്യയാകെ ആളിപ്പടര്‍ന്ന ദേശീയ സമരങ്ങളോട് ഗോള്‍വാള്‍ക്കറുടെ സമീപനം ഇപ്രകാരമായിരുന്നു: ‘ഹിന്ദുക്കളേ, ബ്രിട്ടിഷുകാര്‍ക്കെതിരേ പൊരുതി നമ്മുടെ ഊര്‍ജം നാം നശിപ്പിക്കരുത്. നമ്മുടെ ആന്തരികശത്രുക്കളായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരേ പൊരുതുവാന്‍ ആ ഊര്‍ജം ബാക്കിയാക്കണം’. ഇന്ത്യയിലെ മുഴുവന്‍ ജനതയും ബ്രിട്ടിഷ് ഭരണത്തിനെതിരേ സമരമുഖത്ത് സജീവമായിനിലകൊണ്ടപ്പോള്‍ ഹിന്ദുക്കളോട് ദേശീയ സമരത്തില്‍നിന്ന് പിന്മാറി ആ ഊര്‍ജം സഹ ഇന്ത്യക്കാരായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരേ വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയവാദിയായിരുന്നു ഗോള്‍വാള്‍ക്കറെന്നു ചരിത്രം പറയുന്നു.

സംഘ്പരിവാറിന്റെ ബ്രിട്ടിഷ് വിധേയത്വം പലപ്പോഴും ചര്‍ച്ചയായതാണല്ലോ. ദേശീയ സമരത്തെ ഒറ്റുകൊടുത്തും ദേശസ്‌നേഹികളെ ചതിച്ചും വെള്ളക്കാര്‍ക്ക് പാദസേവ ചെയ്തവരുടെ നെറികേടുകള്‍ക്ക് ചരിത്രമെത്ര തവണ സാക്ഷിയായിട്ടുണ്ട്. 1925 ല്‍ രൂപീകരിക്കപ്പെട്ടിട്ടും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലേക്ക് ഒരു അനുയായിയെ പോലും സംഭാവന ചെയ്യാന്‍ കഴിയാത്ത ഈ സംഘം ഇന്ന് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളെയും സ്ഥാപനങ്ങളെയും പുനര്‍നാമകരണം ചെയ്തുകൊണ്ട് മായ്ക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടെ പൂര്‍വകാല ചരിത്രത്തിലെ നാണക്കേടുകളെയാണ്. പക്ഷേ എത്ര മായ്ച്ചാലും കൂടുതല്‍ തെളിമയോടെ ഈ വഞ്ചനയുടെയും നെറികേടിന്റെയും ചരിത്ര ചിത്രങ്ങളെ അനാവരണം ചെയ്യുന്ന ചരിത്രരേഖകള്‍ വരുംതലമുറയ്ക്ക് കൈമാറുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. തന്റെ വിഷലിപ്തമായ ചിന്തകളെ ക്രോഡീകരിച്ച കൃതിയായ വിചാരധാരയില്‍ അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളെയും സമരങ്ങളെയും വിമര്‍ശിക്കുന്നത് കാണുക: ‘രാഷ്ട്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപരമായ ദേശീയതാവാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകര്‍ക്കുന്നതും നിരവധി ‘സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍’ വളരാന്‍ അവസരം ലഭിക്കുന്നവയുമാണ്. അവ പൂര്‍ണമായും ബ്രിട്ടിഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്. ബ്രിട്ടിഷ് വിരുദ്ധതയെ ദേശസ്‌നേഹത്തോടും ദേശീയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിച്ചു’.

മനുഷ്യ സമത്വമെന്ന മഹിതമായ ആശയം ഒരര്‍ഥത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം വംശമേന്മ നടിക്കുകയും സ്വയം നിരൂപിച്ചു ഉത്കൃഷ്ടഭാവത്തില്‍ അഭിരമിക്കുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു ഗോള്‍വാള്‍ക്കര്‍: ‘സമത്വമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നിലനില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാന്‍ വെറും ഭൗതികവസ്തു മാത്രമാണെങ്കില്‍, സമത്വത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ’ (വിചാരധാര). സഹജീവികളെ തനിക്കു സമാനമായി കാണാന്‍ കഴിയാത്ത വംശീയവാദിയുടെ പേരില്‍ അറിയപ്പെടാന്‍ പോവുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് എന്തുതരം തലമുറയെയാണ് നാം വാര്‍ത്തെടുക്കാന്‍ പോവുന്നതെന്ന് ഗൗരവത്തോടെ ആലോചിക്കണം.

ഒരു സ്ഥാപനത്തിന്റെ പേര് കേവലം ഒരുനാമമല്ല. അതിലൂടെ വരുംതലമുറയുടെ ഹൃദയത്തില്‍ ആ വ്യക്തിയെ വീരാരാധനയോട് കൂടി പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രപുരോഗതിക്കും ക്ഷേമത്തിനും നമ്മുടെ ശാസ്ത്ര, സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങള്‍ക്കും അക്ഷീണം പ്രയത്‌നിച്ച ഏതെങ്കിലും പ്രതിഭയുടെ പേരില്‍ അറിയപ്പെടേണ്ടിയിരുന്ന ഒരു സ്ഥാപനം ജീവിതത്തിലുടനീളം വംശീയത മാത്രം പ്രസരിപ്പിച്ച, ഇന്നും അതിന്റെ ദുര്‍ഗന്ധം സമൂഹത്തില്‍ അവശേഷിപ്പിച്ച ഒരു വര്‍ഗീയവാദിയുടെ പേരില്‍ അറിയപ്പെടുകയെന്നത് അങ്ങേയറ്റത്തെ അവഹേളനമാണ്. നാടിനുവേണ്ടി തങ്ങളുടെ ജീവരക്തവും ധനവും സൗകര്യങ്ങളും സമര്‍പ്പിച്ച അനേകായിരം ധീരദേശാഭിമാനികളെ നിന്ദിക്കുന്നതിനു തുല്യമാണ്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് അങ്ങേയറ്റം പകയും വിദ്വേഷവും പുലര്‍ത്തിയിരുന്ന വ്യക്തിയായിട്ടാണ് ഗോള്‍വാള്‍ക്കറെ മലയാളത്തിന്റെ അക്ഷരപുണ്യം കവി ഒ.എന്‍.വി കുറുപ്പ് ഓര്‍ക്കുന്നത്. ഗാന്ധിജി കൊല്ലപ്പെടുന്നത്തിന്റെ ഒരാഴ്ച മുന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍വച്ച് നടന്ന യോഗത്തില്‍ ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയെ അങ്ങേയറ്റം അവഹേളിക്കുകയും ആ യോഗത്തിലെ കാണികളായ തന്നെയും മറ്റു ചിലരെയും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ അവിടെവച്ച് തല്ലിച്ചതയ്ക്കാന്‍ അദ്ദേഹം അണികള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്തുവെന്ന് ഒ.എന്‍.വിയുടെ ഓര്‍മക്കുറിപ്പുകള്‍ പറയുമ്പോള്‍ ഏതുതരത്തിലുള്ള വ്യക്തിയായിരുന്നു ഗോള്‍വാള്‍ക്കറെന്ന് നമുക്ക് വ്യക്തമാവും.
ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് ശാസ്ത്ര, സങ്കേതിക രംഗത്തെ വളര്‍ച്ചയിലൂടെ രാജ്യത്തിന് വികസനമുഖം സമ്മാനിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. എണ്‍പതുകളുടെ അവസാനത്തോടെയാണ് ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടറുകളെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. സാങ്കേതികവിദ്യാ വിപണിയില്‍ വര്‍ധിച്ചുവന്ന കിടമത്സരങ്ങള്‍ക്കൊടുവില്‍ അമേരിക്ക തങ്ങളുടെ സൂപ്പര്‍ കംപ്യൂട്ടിങ് ഉല്‍പന്നമായ ‘ക്രേ’ (ഇൃമ്യ)യുടെ കയറ്റുമതി നിരോധിച്ച പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഒരു ബദല്‍ സംവിധാനത്തെപ്പറ്റി ചിന്തിക്കുകയും കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പോലും കൈമാറാന്‍ തയാറാവാതിരുന്ന അമേരിക്കയോട് മത്സരിച്ച് തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്ത്യയില്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കം കുറിച്ച ആര്‍ജവവും ദീര്‍ഘവീക്ഷണവുമുള്ള രാജീവ് ഗാന്ധിയുടെ പേരില്‍ ഒരു ശാസ്ത്ര, സാങ്കേതിക സ്ഥാപനം അറിയപ്പെടുന്നതില്‍ നീതിയുണ്ടായിരുന്നു. ഇക്കാലമത്രയും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ തലയുയര്‍ത്തി നിന്നതും അതുകൊണ്ടുതന്നെയാണ്. ഒരു വംശീയവാദി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു ശാസ്ത്ര വിരുദ്ധന്‍ എന്ന നിലയ്ക്കും കുപ്രസിദ്ധി നേടിയ ഗോള്‍വാള്‍ക്കാരുടെ പേരിടാന്‍ പറ്റിയ സ്ഥാപനമല്ല ഈ വിദ്യാഭ്യാസ സ്ഥാപനമെന്ന് ആവര്‍ത്തിച്ചുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സ്വന്തമായി ഒന്നും തന്നെ രാജ്യത്തിനുവേണ്ടി സ്ഥാപിക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ നാടിന്റെ അഭിമാനമായ സ്ഥാപനങ്ങളെ പുനഃനാമകരണം ചെയ്ത്, ചരിത്രത്തില്‍ അപഹാസ്യരായി നില്‍ക്കുന്ന തങ്ങളുടെ നേതാക്കളെ തുണിയുടുപ്പിക്കാന്‍ ശ്രമിക്കുന്നത് ചെറുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാര്‍ഥികളും ചരിത്രകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ ജനാധിപത്യ, മതേതര കക്ഷികളും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട വിഷയം കൂടിയാണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.