2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് 10 ലക്ഷം പ്രവാസികള്‍

പി.കെ മുഹമ്മദ് ഹാത്തിഫ്

 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് കേരളത്തിലെത്തിയത് പത്തു ലക്ഷത്തിലധികം പ്രവാസികള്‍. 20ല്‍ അധികം വിദേശരാജ്യങ്ങളില്‍നിന്നായി ഏകദേശം 14,46,297 പേരാണ് സംസ്ഥാനത്തെത്തിയത്. ഇതില്‍ 10,32593 പേരാണ് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയതെന്നാണ് നോര്‍ക്കയുടെ ഔദ്യോഗിക കണക്ക്. ബാക്കി മുതിര്‍ന്നവരും കുട്ടികളും ഗര്‍ഭിണികളുമാണ്.

287389 പേരാണ് ലീവ് ആവശ്യാര്‍ഥം നാട്ടിലെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 17 ലക്ഷത്തിലധികം പേരില്‍ 12,02,379 പേരാണ് ജോലി നഷ്ടമായി തിരിച്ചെത്തിയതെന്നാണ് നോര്‍ക്കയുടെ കണക്ക്.
എന്നാല്‍ 10,21,503 പേര്‍ക്കാണ് ജോലി നഷ്ടമായതെന്നാണ് കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കില്‍ പറയുന്നത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാതെയും പലരും നാട്ടിലെത്തിയിട്ടുണ്ട്.

ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലാണ്. മൂന്ന് ലക്ഷത്തോളം പേരാണ് ജില്ലയില്‍ തിരിച്ചെത്തിയത്. ഇതില്‍ രണ്ടുലക്ഷത്തിലധികം പേരും ജോലി നഷ്ടമായി തിരിച്ചെത്തിയതാണ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേരും ജോലി നഷ്ടമായി തിരിച്ചെത്തിയത്. ദുബൈയില്‍നിന്നു തിരിച്ചെത്തിയ നാല് ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ മൂന്ന് ലക്ഷത്തിലധികം പേരും ജോലി നഷ്ടമായി തിരിച്ചെത്തിയതാണ്. ഷാര്‍ജ, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരാണ് ജോലി നഷ്ടമായി തിരിച്ചെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.