വിജയികള്‍ക്ക് 26.47 കോടി രൂപയാണ് സമ്മാനം
റിയാദ്: സഊദി അറേബ്യയില്‍ നടക്കുന്ന രണ്ടാമത് ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മല്‍സരത്തിന് ഇത്തവണ രജിസ്റ്റര്‍ ചെയ്തത് 165 രാജ്യങ്ങളില്‍ നിന്നായി 50,000 മത്സരാര്‍ത്ഥികള്‍. ജനുവരി നാലിനാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മല്‍സര വിജയികള്‍ക്ക് 26.47 കോടി രൂപ (12 ദശലക്ഷം റിയാല്‍) വിലമതിക്കുന്നതാണ് സമ്മാനങ്ങള്‍. ഇത്തരമൊരു മത്സരത്തിന് ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ) ആണ് സംഘാടകര്‍. ആദ്യ ഘട്ടത്തില്‍ യോഗ്യത നേടുന്നവരെ രണ്ടാം റൗണ്ടിലേക്ക് നാമനിര്‍ദേശം ചെയ്യും. മത്സരാര്‍ത്ഥികള്‍ നാല് ഘട്ടങ്ങളിലൂടെ കടന്നുപോകണം. അതില്‍ മൂന്നെണ്ണം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ്. വെബ്‌സൈറ്റ് വഴിയുള്ള അവരുടെ പ്രകടന നിലവാരത്തെ അടിസ്ഥാനമാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നല്‍കും.
നാലാഘട്ടം വിശുദ്ധ റമദാന്‍ മാസത്തില്‍ നടക്കും. ചാനല്‍ ജൂറിയുടെയും കാഴ്ചക്കാരുടെയും മുമ്പാകെ നടക്കുന്ന മല്‍സരം എം.ബി.സിയിലും ഷാഹിദ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും സംപ്രേഷണം ചെയ്യും. വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ജൂറിയുടെ മൂല്യനിര്‍ണയത്തിനായി ഒരു ഓഡിയോ ക്ലിപ്പ് അപേക്ഷകര്‍ അപ്‌ലോഡ് ചെയ്യുന്നതോടെ മല്‍സരം ആരംഭിക്കുന്നു. അറബിയിലും ഇംഗ്ലീഷിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ചോയെന്ന് വെബ്‌സൈറ്റിലൂടെ അറിയാം. വിവിധ ഘട്ടങ്ങളില്‍ അപ്‌ലോഡ് ചെയ്ത ഓഡിയോ ഫയലുകള്‍ അവലോകനം ചെയ്യാനും മല്‍സരാര്‍ഥികള്‍ക്ക് കഴിയും. കഴിഞ്ഞ റമദാനിലാണ് സീസണ്‍-1 മല്‍സരങ്ങള്‍ നടന്നത്.
Comments are closed for this post.