2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കറന്റ് ബില്ലിനെ പേടിക്കാതെ എ.സി ഉപയോഗിക്കാന്‍ ഇതാ അഞ്ച് സൂത്രങ്ങള്‍

കറന്റ് ബില്ലിനെ പേടിക്കാതെ എ.സി ഉപയോഗിക്കാന്‍ ഇതാ അഞ്ച് സൂത്രങ്ങള്‍

കാലാവസ്ഥയുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റാത്തതാണ് ഇപ്പോഴത്തെ സ്ഥിതി. തിരിമുറിയാതെ മഴ പെയ്യേണ്ട കാലത്താണിപ്പോള്‍ സൂര്യനങ്ങനെ കത്തി നില്‍ക്കുന്നത്. ഇനി മഴ പെയ്യുകയാണെങ്കിലോ…മഴചാറുന്നത് ഒന്ന് നിന്നാല്‍ മതി കൊടും ചൂടാണ്. അതുകൊണ്ടു തന്നെ എല്ലാ കാലത്തും എ.സി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ എ.സി ഉപയോഗിക്കുമ്പോഴും മാസാവസാനം വൈദ്യുത ബില്ല് കൂടുമോ എന്ന ഭയം എല്ലാവരുടെയും ഉള്ളിലുണ്ട്. എ.സി ഉപയോഗിക്കാതിരിക്കാനും വയ്യ, എന്നാല്‍ വൈദ്യുതി ബില്ല് കൂടാനും പാടില്ല എന്നാണോ നിങ്ങളുടെ ആവശ്യം. എങ്കില്‍ നിങ്ങള്‍ക്കിതാ ചില അഞ്ച് ലളിത വഴികള്‍…ഇനി ധൈര്യമായി എസി ഉപയോഗിച്ച് തുടങ്ങിക്കോളൂ…

ശരിയായ താപനില ഉറപ്പ് വരുത്തുക
ഒരിക്കലും എസി ഏറ്റവും കുറഞ്ഞ താപനിലയില്‍ സജ്ജീകരിക്കരുത്. 16 ഡിഗ്രിയില്‍ സജ്ജീകരിക്കുന്നത് മികച്ച തണുപ്പ് നല്‍കുമെന്ന് ആളുകള്‍ പലപ്പോഴും കരുതുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പ്രകാരം, മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനില 24 ആണ്. അതുകൊണ്ട് എസി ടെമ്പറേച്ചര്‍ 24 ആക്കി ക്രമീകരിക്കുന്നതാണ് നല്ലത്. ഇത് കൂടുതല്‍ വൈദ്യുതി ലാഭിക്കുകയും ബില്ലിന്റെ തുക കുറയ്ക്കുകയും ചെയ്യും.

എ.സി ഫില്‍റ്റര്‍ വൃത്തിയാക്കുക, കൃത്യമായി സര്‍വീസ് ചെയ്യുക
എല്ലാ വീട്ടുപകരണങ്ങള്‍ക്കും സര്‍വീസ് ആവശ്യമാണ്. അതുപോലെ തന്നെ എയര്‍ കണ്ടീഷണറുകള്‍ക്കും കൃത്യമായസര്‍വീസ് ആവശ്യമാണ്. പൊടിയോ മറ്റ് വസ്തുക്കളോ കയറിയാല്‍ എസിക്ക് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍, വേനല്‍ക്കാലത്തിന് മുമ്പ് എയര്‍കണ്ടീഷണര്‍ സര്‍വീസ് ചെയ്യുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എസിയുടെ കാര്യക്ഷമതയില്‍ നിങ്ങള്‍ക്ക് കുറവ് തോന്നുകയാണെങ്കില്‍ ഉടന്‍ ടെക്‌നീഷ്യന്റെ സഹായം തേടാന്‍ മറക്കരുത്.

വിന്‍ഡോ എസി ആയാലും സ്പ്ലിറ്റ് എസി ആയാലും, മെഷീന്റെ കണ്ടന്‍സര്‍ എപ്പോഴും പുറത്താണ് ഘടിപ്പിക്കുന്നത്. വിന്‍ഡോയിലോ ഭിത്തിയിലോ ഒക്കെ ആയിരിക്കും ഇത് സജ്ജീകരിക്കുന്നത്. പലപ്പോഴും വീടിനുള്ളിലെ പൊടി പോലും ഫില്‍ട്ടറുകള്‍ അടയാന്‍ ഇടയാക്കുന്നു. ഇത് കൂളിംഗിനെ ബാധിക്കുന്നു. മുറി തണുപ്പിക്കുന്നതിന് യന്ത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ പണം ലാഭിക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, നിങ്ങളുടെ എസി ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക.

പവര്‍ ബട്ടണ്‍ ഓഫാക്കുക
എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ റിമോര്‍ട്ട് ഉപയോഗിച്ചു മാത്രം ഓഫ് ചെയ്യാതെ പവര്‍ സ്വിച്ചു കൂടി ഓഫാക്കുക.എസി എന്നല്ല ഏത് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നില്ലെങ്കിലും എല്ലായ്‌പ്പോഴും പവര്‍ സ്വിച്ച് ഓഫ് ചെയ്യണം. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ച് എസി ഓഫ് ചെയ്യാറുണ്ട്, പക്ഷേ അത് ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ധാരാളം വൈദ്യുതി പാഴാകുകയും അത് പ്രതിമാസ ബില്ലിനെ ബാധിക്കുകയും ചെയ്യുന്നു.

സ്ലീപ് ടൈമര്‍ ഉപയോഗിക്കാം
ഇപ്പോള്‍ വിപണിയിലിറങ്ങുന്ന എല്ലാ എസികളിലും സ്ലീപ് ടൈമറുകളുണ്ട്. രാത്രി മുഴുവന്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം ടൈമര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പോ മറ്റ് സമയങ്ങളിലോ 23 മണിക്കൂര്‍ ടൈമര്‍ സജ്ജീകരിക്കാം. ടൈമര്‍ സജ്ജീകരിക്കുമ്പോള്‍, ഒരു പ്രത്യേക സമയത്തിന് ശേഷം എസി ഓഫാകും. ഇത് എയര്‍കണ്ടീഷണറിന്റെ അമിത ഉപയോഗം കുറയ്ക്കുകയും വൈദ്യുതി ബില്ലില്‍ വലിയ രീതിയില്‍ കുറവ് വരുത്തുകയും ചെയ്യും.

വാതിലുകളും ജനലുകളും അടച്ചിടുക
എയര്‍കണ്ടീഷണര്‍ ഓണാക്കുന്നതിന് മുമ്പ്, മുറിയിലെ എല്ലാ വാതിലുകളും ജനലുകളും ശരിയായി അടച്ചുവെന്ന് ഉറപ്പുവരുത്തുക. എസിയുള്ള മുറിയില്‍ ഗ്ലാസ് ഭിത്തികളുടെ എണ്ണം പരമാവധി കുറക്കുക. ചൂട് പുറത്തേക്ക് വിടുന്ന ഉപകരണങ്ങള്‍ എസി ഉപയോഗിക്കുന്ന മുറിയില്‍ വെക്കാതിരിക്കുക.ഡോറുകളില്‍ ഡോര്‍ ക്ലോസര്‍ ഘടിപ്പിക്കുകയും വേണം.ഇങ്ങനെ ചെയ്യുന്നത് മൂലം ഇത് മുറി വേഗത്തില്‍ തണുക്കാനും കൂടുതല്‍ നേരം തണുപ്പ് നിലനില്‍ക്കാനും സഹായിക്കും. ഇതുവഴി മാസാവസാനം നിങ്ങളുടെ വൈദ്യുതി ബില്‍ ലാഭിക്കുകയും ചെയ്യാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.