തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ഇടതുമുന്നണിയിലെ തര്‍ക്കം അതിരൂക്ഷമായി തുടരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞപ്പോള്‍ മറുപടിയുമായി സി.പി.ഐയും രംഗത്തെത്തി.
രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ച നടപടി അപക്വമാണെന്നാണ് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സി.പി.ഐയുടെ നടപടികള്‍ മുന്നണിമര്യാദകള്‍ക്ക് യോജിച്ചതല്ല. കൈയ്യടികള്‍ മാത്രം ഏറ്റെടുക്കാമെന്നും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏല്‍ക്കണമെന്നുമുള്ള നടപടി ശരിയല്ലെന്നും കോടിയേരി പറഞ്ഞു.
ഏതാനും സമയങ്ങള്‍ക്കുള്ളില്‍ മന്ത്രി രാജിവെയ്ക്കുമ്പോള്‍ അതിന്റെ ഖ്യാതി തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്ന് വ്യഖ്യാനിക്കാനാണ് ഇത്തരമൊരു സമീപനം സി.പി.ഐ സ്വീകരിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല.
മന്ത്രിസഭാ യോഗത്തില്‍ നിന്നു സി.പി.ഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായതുകൊണ്ടാണ് തങ്ങള്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചതെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇതിനെ ന്യായീകരിച്ചുകൊണ്ട് നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് സി.പി.ഐ. നേതൃത്വം ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
രാജിയുടെ ക്രെഡിറ്റ് ഞങ്ങള്‍ക്കു വേണ്ട: സി.പി.ഐ
കോടിയേരിയുടെ വിമര്‍ശനത്തിനു പിന്നാലെ മറുപടിയുമായി സി.പി.ഐ രംഗത്തെത്തി. ചാണ്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കുണ്ടാവില്ലെന്ന് സി.പി.ഐ നേരത്തെ അറിയിച്ചതാണ്. രാജിയുടെ ഖ്യാതി തങ്ങള്‍ക്കു വേണ്ടെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു.
ഭരണഘടന ലംഘിച്ച് സര്‍ക്കാരിനെതിരെ കേസ് നല്‍കിയ മന്ത്രിയുടെ രാജിയായിരുന്നു ലക്ഷ്യം. രാജി വയ്ക്കുമെന്ന് തലേദിവസം സൂചന നല്‍കിയെന്ന വാദം തെറ്റാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments are closed for this post.