2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

1.8 കോടി രൂപ നഷ്ടപരിഹാരം നല്‍കാനില്ലാതെ സഊദി ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിക്ക് ഒടുവില്‍ മോചനം

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് ഭീമമായ സംഖ്യ നല്‍കാനാവാതെ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി മുജീബ് ജയില്‍ മോചിതനായി. മുക്കം കാരമൂല സ്വദേശി അലവിക്കുട്ടിയുടെ മകന്‍ മുജീബ് റഹ്മാനാണു ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം- സാമൂഹ്യ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനായത്. കൊടുത്തു വീട്ടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത 1085000 റിയാല്‍ (ഏതാണ്ട് 1.9 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്ന വിധിയിലാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജീവിതം മാറ്റി മറിച്ച അപകടം നടന്നത്. ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റില്‍ അല്‍ബെയ്കിനു സമീപം മുജീബ് ഓടിച്ചിരുന്ന കൊറോള കാര്‍ സഊദി രാജകുടുംബാംഗത്തിന്റെ ആഡംബര കാറായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ഇടിച്ചതാണ് സ്വപ്‌നങ്ങളെ തകര്‍ത്തത്. സ്‌പോണ്‍സറുടെ കീഴില്‍ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു.

പൊലിസ് റിപ്പോര്‍ട്ട് പൂര്‍ണമായും മുജീബിന് പ്രതികൂലമായി വന്നതോടെ രാജകുമാരന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി 10,85,000 റിയാല്‍ (1.9 കോടി) നല്‍കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍ദേശം. മുജീബിന്റെ വാഹനത്തിനു ഇന്‍ഷുറന്‍സ് ഉണ്ടാവാത്തതിനാല്‍ നഷ്ടപരിഹാര തുക മുഴുവന്‍ മുജീബ് സ്വന്തമായി നല്‍കണമെന്നാണ് വിധി വന്നത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം സഊദി സ്വദേശിയായ അഭിഭാഷകന്‍ കേസില്‍ ഇടപെടുകയും അദ്ദേഹം കേസ് ഫയലുകള്‍ കോടതിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് മോചനം സാധ്യമായത്.

മുജീബിന്റെ മോചനത്തിനായി പ്രാദേശിക എം.പി, എം.എല്‍.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സഊദിയിലെ വിവിധ നഗരങ്ങളില്‍ കമ്മിറ്റി രൂപീകരിച്ച് കഴിയുന്ന സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഒരു വയസ്സുള്ള ഇളയ കുട്ടിയെ മുജീബ് കണ്ടിട്ടില്ല. ഭാര്യ ഗര്‍ഭിണിയായിരിക്കെയായിരുന്നു അവധി കഴിഞ്ഞ് ജിദ്ദയിലേക്കു പോന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം തങ്ങളുടെ അത്താണിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.