2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹലാൽ ശർക്കര കേസ് ; ഹലാൽ എന്ന പ്രയോഗം മനസിലാക്കിയാണോ ഹരജി സമർപ്പിച്ചതെന്നു ഹൈക്കോടതി

കൊച്ചി
ശബരിമലയിലെ ഹലാൽ ശർക്കര കേസ് ഹലാൽ എന്ന പ്രയോഗം മനസിലാക്കിയാണോ ഹരജി സമർപ്പിച്ചതെന്നു ഹരജിക്കാരനോട് ഹൈക്കോടതി .
ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ .നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചത്. ഹരജിക്കാരൻ മനസിലാക്കിയ ഹലാൽ എന്താണെന്നു വിശദമായി പഠിച്ചിട്ട് ഇന്ന് തന്നെ കോടതിയിൽ വിശദാംശങ്ങൾ ബോധിപ്പിക്കണമെന്നു നിർദേശിച്ചു.
ഹലാലിനെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടു വേണമായിരുന്നു ഹരജി നൽകേണ്ടിയിരുന്നതെന്നു കോടതി വാക്കാൽ വ്യക്തമാക്കി. ഹലാൽ എന്നു നിങ്ങൾ സ്വന്തം നിലയിൽ മനസിലാക്കിയതെന്താണെന്നും അതിനുള്ള കാരണങ്ങളും വ്യക്തമായി ബോധിപ്പിക്കണമെന്നു ഹരജിക്കാരനോട് കോടതി ആവർത്തിച്ചു വ്യക്തമാക്കി.

എങ്കിൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഇതിനെ എതിർക്കാനാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങളിൽ വ്യക്തത വരുത്താനുള്ള ബാധ്യത ഹരജിക്കാരനുണ്ട്. ഹലാലിൻ്റെ നിർവചനം ഹരജിയിലെ ആരോപണത്തിനനുസരിച്ചു വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഹലാൽ ശർക്കര സംബന്ധിച്ച് ഹരജിയിൽ ആശങ്കകൾ പങ്കുവെച്ചാണ് ഹൈക്കോടതി പരാമർശങ്ങളുണ്ടായത്. ഹലാൽ എന്നത് ഒരു ഇസ്‌ലാമികമായ കാഴ്ചപാടാണ്. ഇതിൽ പറയുന്നത് നിയമപരമായും അനുവദിക്കപ്പെട്ടതുമായ ഭക്ഷണ പദാർഥങ്ങൾ എന്തൊക്കെയെന്നതാണ്. ഹരജിക്കാരൻ എതിർക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹലാൽ എന്നതിൻ്റെ കാഴ്ചപ്പാടിൽ ചില വസ്തുക്കൾ നിരോധിക്കപ്പെട്ടവയാണ്. ബാക്കിയുള്ള ഉൽപന്നങ്ങൾ ഹലാൽ എന്നാണ് മനസിലാക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ എന്നത് ഏതെങ്കിലും പ്രത്യേക ഉൽപന്നങ്ങൾക്കു മാത്രമായുള്ളതല്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഇതേപ്പറ്റി സുപ്രിംകോടതിയുടെ വിധിന്യായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
താങ്കളുടെ ഹരജിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും കേസിൽ വാദം തുടങ്ങുന്നതിനു മുൻപ് ഹലാൽ കാഴ്ചപ്പാടിനെ കുറിച്ച് മനസിലാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
നിഷ്‌കളങ്കരായിട്ടുള്ള ഭക്തർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്നായിരുന്നു ഹരജിയിലെ ആരോപണം. മറ്റു മതസ്ഥരുടെ ആചാര പ്രകാരം തയ്യാറാക്കിയ ഹലാൽ ശർക്കര ഇതര മതസ്ഥരുടെ ക്ഷേത്രങ്ങളിൽ വിതരണം ചെയ്യാൻ ഇടവരുത്തുന്നത് ഹിന്ദു മതാചാരങ്ങളുടെ ഗൗരവമായ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു.

വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങൾ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രനും ജസ്റ്റിസ് പി. ജി അജിത്കുമാറും ചൂണ്ടിക്കാട്ടി. വിഷയം ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഇതിനുള്ള ഹരജിക്കാരൻ്റെ മറുപടി. ഹരജിയിൽ ശർക്കര നൽകിയ കരാറുകാരേയും ബാക്കി വന്ന ശർക്കര ലേലത്തിലെടുത്തവരേയും കക്ഷി ചേർക്കണമെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കവേ കോടതി നിർദേശിച്ചു.
ഹരജി ഇന്നു വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.