കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
ഏത് അതിജീവിതയായാലും അതിജീവിക്കാത്തവരായാലും പീഡിതരായാലും പരാതി പറയാനും കേസിനു പോകാനുമൊക്കെ അതിന്റേതായ സമയമുണ്ട്. നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടു വേണം അതൊക്കെ ചെയ്യാൻ. ഭരിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ അതൊക്കെ പറയുന്നത് സംസ്ഥാനത്തോടു ചെയ്യുന്ന ദ്രോഹമാണ്. കെ റെയിൽ വിരുദ്ധ സമരമൊക്കെപ്പോലെ.
അങ്ങനെയൊരു കാര്യമാണ് അതിജീവിത ചെയ്തത്. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് കൂടിവരുന്ന സമയത്ത് അവർ ഹൈക്കോടതിയിൽ ഒരു ഹരജി കൊടുത്തു. താൻ ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് പൂർണമല്ലാത്ത റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രീയ രംഗത്തെ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചും തന്നെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുമൊക്കെയായിരുന്നു ഹരജി.
ഹരജിയിലെ ആരോപണം ശരിയായാലും തെറ്റായാലും അതിജീവിതയ്ക്ക് അങ്ങനെ തോന്നിയതിൽ തെറ്റില്ല. അങ്ങനെ തോന്നാനുള്ള സാഹചര്യമുണ്ട്. പീഡനക്കേസുകൾ അട്ടിമറിച്ചും പീഡനാരോപണത്തിന് വിധേയനായി പാർട്ടിയിൽ അച്ചടക്കനടപടി നേരിട്ടുമൊക്കെ പരിചയസമ്പത്തുള്ള ഒരാൾ ഭരണയന്ത്രത്തിന്റെ നിർണായക സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. അതിജീവിത ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അട്ടിമറിച്ചതിൽ അദ്ദേഹത്തിന്റെ ഇടപെടലുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. മാത്രമല്ല കേസിലെ പ്രതിയുടെ ഉറ്റ കൂട്ടുകാരെന്ന് പറയപ്പെടുന്നവരും താരസംഘടനയെ നിയന്ത്രിക്കുന്നവരുമായ ചില വൻസ്രാവുകൾക്ക് ഭരണപക്ഷത്ത് വൻ സ്വാധീനമുണ്ട്. അവരുടെ കൂട്ടത്തിൽ ഭരണപക്ഷ ജനപ്രതിനിധികളുമുണ്ട്. അതിജീവിതയ്ക്ക് ആശങ്ക തോന്നാൻ ഇതൊക്കെ ധാരാളം.
എന്നുകരുതി ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇങ്ങനെയൊരു ആരോപണവുമായി കേസുകൊടുത്താൽ അത് ബൂർഷ്വാ പ്രതിപക്ഷത്തിന് ഗുണകരമായേക്കുമല്ലോ. അതുകൊണ്ടാണ് ഭരണമുന്നണി കൺവീനറും ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും വൺ, ടൂ, ത്രീ പോരാളിയുമടക്കമുള്ള വിപ്ലവ നായകർ കേസിൽ പ്രതിപക്ഷ ഗൂഢാലോചന ആരോപിച്ച് അതിജീവിതയ്‌ക്കെതിരേ ചാടിവീണത്. പെണ്ണുങ്ങളുടെ മാനത്തേക്കാൾ വലുതാണല്ലോ വിപ്ലവ പ്രസ്ഥാനത്തിന്റെ നിലനിൽപ്പ്.
നേതാക്കളുടെ മൊഴിമുത്തുകൾ വിവാദമായതിനു തൊട്ടുപിറകെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. കാര്യം കൈവിടുമെന്നായപ്പോൾ മുഖ്യമന്ത്രി അവരെ വിളിപ്പിച്ചതോ അവർ അങ്ങോട്ടു ചെന്നു കണ്ടതോ എന്നൊന്നുമറിയില്ല. ഏതായാലും കണ്ടെന്നു മാത്രമല്ല ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അവർ കൂടിക്കാഴ്ച കഴിഞ്ഞ ഉടൻ പറഞ്ഞു. അതു കേട്ടതോടെ ഭരണപക്ഷ സ്ത്രീവാദികൾക്കും ഭരണകൂട വിധേയരായ വിപ്ലവകാരികൾക്കും പെരുത്ത് സന്തോഷമായി. അവർ ആവേശത്തോടെ സർക്കാരിനെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിടാൻ തുടങ്ങി.
അല്ലെങ്കിലും ഈ സർക്കാർ അങ്ങനെയാണ്. സർക്കാർ എല്ലാവർക്കുമൊപ്പമാണ്. വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടപ്പോഴും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്ന് അതിൽ സന്തോഷമുണ്ടെന്ന് അവരും പറഞ്ഞിരുന്നു. അവർക്ക് പിന്നീട് നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവന്നു. മുഖ്യമന്ത്രിക്കൊപ്പം ധർമടത്ത് മത്സരിക്കേണ്ടിയും വന്നു. അങ്ങനെ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് ധർമടത്ത് ശരിയായി.
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തോടും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മയോടും അതുതന്നെ പറഞ്ഞു. അതുപോലെ ഉന്നതോദ്യോഗസ്ഥൻ കാറിടിച്ചു കൊന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ കുടുംബം, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ തുടങ്ങി പലരോടും മുഖ്യമന്ത്രി പറഞ്ഞത് ഒപ്പമുണ്ടെന്നു തന്നെയാണ്. അവരെല്ലാം ഇപ്പോൾ കിട്ടിയ നീതി ആവശ്യത്തിലധികമായിട്ട് ബുദ്ധിമുട്ടുകയാണ്.
അതിജീവിതയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടനോടും ഒപ്പമുണ്ടെന്ന് വേണ്ടിവന്നാൽ സർക്കാർ പറയും. അയാൾക്കൊപ്പം നിൽക്കുന്ന താരരാജാക്കൻമാരോടും അതുതന്നെ പറയും. എല്ലാവരുടെയും സർക്കാരാകുമ്പോൾ അങ്ങനെ തന്നെ വേണമല്ലോ.
ഒരു ജോർജിയൻ ശപഥം
മതവിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം കിട്ടി ജയിലിൽനിന്ന് പുറത്തിറങ്ങിയ പി.സി ജോർജ് ഒരു അത്യുഗ്രൻ ശപഥം ചെയ്തിട്ടുണ്ട്. തന്നെ കേസിൽ കുടുക്കിയ പിണറായി സർക്കാരിന് തൃക്കാക്കരയിൽ കാണിച്ചുകൊടുക്കാമെന്ന്. എൽ.ഡി.എഫ് സ്ഥാനാർഥിയെ തോൽപ്പിച്ചു കൈയിൽ കൊടുക്കുമെന്നാണ് ജോർജ് ഉദ്ദേശിച്ചതെന്ന് വ്യക്തം.
ജോർജ് പറഞ്ഞാൽ പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ജോർജിയൻ ശപഥം കേട്ട് എ.കെ.ജി സെന്റർ ഞെട്ടിവിറച്ചതായി കേൾക്കുന്നുണ്ട്. അല്ലെങ്കിലും ഞെട്ടിക്കൽ രാഷ്ട്രീയത്തിന്റെ ആശാനാണ് ജോർജ്. അദ്ദേഹത്തിന്റെ ഓരോ രാഷ്ട്രീയ നീക്കവും കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. 2016ൽ ഒരു മുന്നണിയുടെയും അദ്ദേഹം പൂഞ്ഞാറിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ രാഷ്ട്രീയ കേരളം എട്ടു നിലയിലാണ് ഞെട്ടിയത്. അതേ ജോർജ് അതേ പൂഞ്ഞാറിൽ 2021ൽ അതിദയനീയമായി തോറ്റപ്പോഴും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഞെട്ടലുണ്ടായി. ജോർജിന്റെ രാഷ്ട്രീയ നിലപാടുകളിലെ മലക്കം മറിച്ചിലുകളും പലരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ജോർജിന്റെ ശപഥം ഫലിച്ചുകൂടെന്നില്ല.
ജോർജിന്റെ ശപഥം ഫലിക്കണമെങ്കിൽ തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോൽക്കണം. അങ്ങനെയാണെങ്കിൽ ജയിക്കേണ്ടത് യു.ഡി.എഫ് ആണ്. ബി.ജെ.പിക്ക് അവിടെ ജയിക്കാനുള്ള പാങ്ങൊന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ജയം യു.ഡി.എഫിനാണെങ്കിൽ അതിന്റെ ക്രെഡിറ്റ് യു.ഡി.എഫുകാരനല്ലാത്ത ജോർജിനായിരിക്കും.
ജയിക്കുന്നത് എൽ.ഡി.എഫാണെങ്കിൽ അതിന് അവകാശി നേരത്തെ തന്നെ റെഡിയായി നിൽപ്പുണ്ട്. കോൺഗ്രസിൽനിന്ന് പോയ സാക്ഷാൽ കെ.വി തോമസ് മാഷ്. ഏതായാലും തൃക്കാക്കരയിലെ ജയപരാജയങ്ങളുടെ ക്രെഡിറ്റ് ഇരുമുന്നണികളുടെയും നേതാക്കൾക്കായിരിക്കില്ല. രണ്ടു മുന്നണിയിലുമില്ലാത്ത തോമസ് മാഷിനോ ജോർജിനോ ആയിരിക്കും.
Comments are closed for this post.