2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വതന്ത്രമാവട്ടെ സർവകലാശാലകൾ

   

ടി-കെ-ജോഷി

ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിച്ചാൽ ചരിത്രം എങ്ങനെ തിരസ്‌കരിക്കപ്പെടുമെന്നതിനും രാജ്യസ്‌നേഹികൾ എങ്ങനെ വിസ്മരിക്കപ്പെടുമെന്നതിനും നമ്മുടെ രാജ്യത്ത് നിരവധി തെളിവുകളുണ്ട്. കേന്ദ്ര സർവകലാശാലകൾ നൽകിയ അനുഭവപാഠങ്ങൾ മുമ്പിലുണ്ട്. ചരിത്രത്തിന്റെ നിരാസത്തിനും കൂട്ടിച്ചേർക്കലുകൾക്കുമെല്ലാം ആധികാരികതയുടെ മുഖംമൂടി അണിയിച്ചത് ഇത്തരം സർവകലാശാലകളിലൂടെ പുറത്തുവന്ന രേഖകളുടെ പിൻബലത്തിലായിരുന്നു. സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരേ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രതിഷേധവും എതിർപ്പും ഉയർന്നിരുന്നു. എന്നാൽ രാജ്യത്തെ സർവകലാശാലകളുടെ പതനത്തിന്റെ പ്രധാനകാര്യം ഇത്തരം രാഷ്ട്രീയവൽക്കരണമാണെന്ന പൊതുബോധത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തിലും സ്ഥിതി ആശാവഹമല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സർവകലാശാലകളെ വരുതിയിലാക്കാൻ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ നീങ്ങുന്ന അതേ പാതയിലൂടെയാണ് സംസ്ഥാന സർക്കാരും കടന്നുപോകുന്നതെന്നാണ് പുതിയ വിവാദങ്ങൾ വിരൽചൂണ്ടുന്നത്.

ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന കണ്ണൂർ, കാലടി സർവകലാശാലകളുടെ വി.സി നിയമന വിവാദം മാത്രം മതി സർവകലാശാലകൾ ഭരിക്കുന്ന സർക്കാരിന്റെ താൽപര്യസംരക്ഷണത്തിനുള്ള ഉപാധികൾ മാത്രമാണെന്ന് അടിവരയിടാൻ. അതിന് കേന്ദ്രമെന്നോ കേരളമെന്നോ വ്യത്യാസമില്ല. തങ്ങളുടെ താൽപര്യസംരക്ഷണത്തിനുള്ള ഇടംമാത്രമായി ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇടതുസർക്കാരും മാറ്റുമ്പോൾ ഇന്ത്യയിലെ സർവകലാശാലകളുടെ പതനത്തിന് ഇടയാക്കിയ അതേ രാഷ്ട്രീയവൽക്കരണമാണ് ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. കണ്ണൂർ, കാലടി സർവകലാശാലകളിലെ വി.സി നിയമനം മാത്രമല്ല ഈ വാദത്തിന് അടിസ്ഥാനം. അക്കാദമിക യോഗ്യതയുള്ളവരെ പിന്തള്ളി രാഷ്ട്രീയ നോമിനികളായി എത്തിയവർ സർവകലാശാലകളുടെ ലക്ചർ ഹാളുകളും അധികാര ഇടങ്ങളും അടക്കിവാഴുന്നുവെന്നുതുംകൂടി തിരിച്ചറിഞ്ഞുകൊണ്ടാണ്. വൈസ് ചാൻസലർ മുതൽ പ്രോ.വൈസ് ചാൻസലറും സെനറ്റും സിൻഡിക്കേറ്റും മറ്റ് സമിതികളും അധ്യാപകരുമെല്ലാം അക്കാദമിക താൽപര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുകയോ റിക്രൂട്ട്‌ചെയ്യപ്പെടുകയോ ആണ് വേണ്ടതെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് നടന്ന വിവാദ രാഷ്ട്രീയ നിയമനങ്ങൾ ഇതല്ല അടിവരയിടുന്നത്. കൃത്യമായ രാഷ്ട്രീയവൽക്കരണത്തിനുള്ള വേദിയാക്കി സർവകലാശാലകളെയും മാറ്റുന്നുവെന്നു തന്നെയാണ്.

തലശേരി എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ പിൻവാതിലിലൂടെ നിയമനം നൽകിയതും ഇതിൽ ഹൈക്കോടതിയുടെ ഇടപെടലും നമുക്ക് മുമ്പിലുണ്ട്. തീർന്നില്ല, ഇപ്പോഴത്തെ സ്പീക്കർ എം.ബി രാജേഷിന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെയും ഭാര്യമാരുടെ നിയമനവും വിവാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല.

ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിലെ എച്ച്.ആർ.ഡി സെന്ററിലെ അസി.പ്രൊഫസർ തസ്തികയിലേക്കു നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായിരുന്ന ഡോ. എം.പി ബിന്ദുവിനെ മറികടന്ന് ഷംസീറിന്റെ ഭാര്യ സഹലയെ നിയമിച്ചതിനു പിന്നിലുള്ള അക്കാദമിക താൽപര്യം എന്തായിരുന്നുവെന്ന് സി.പി.എമ്മും സർക്കാരും വ്യക്തമാക്കേണ്ടതായിരുന്നു. റാങ്ക് ലിസ്റ്റും സർവകലാശാല വിജ്ഞാപനവുമെല്ലാം തിരുത്തിയായിരുന്നു ഈ അനധികൃത നിയമനം നടത്തിയതെന്ന പരാതിക്കാരിയുടെ വാദം ഹൈക്കോടതി അംഗീകരിക്കുമ്പോൾ ഇടതുസർക്കാർ എന്ത് താൽപര്യമാണ് സർവകലാശാലകൾക്ക് മേൽ ചുമത്തുന്നതെന്ന് വ്യക്തം. ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിലും അനധികൃതമായി നിയമിക്കാൻ നീക്കം നടന്നിരുന്നു. ഇതിനായി 10 വർഷം മുമ്പ് വിരമിച്ച അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി റാങ്ക് നൽകിയെന്നായിരുന്നു ആക്ഷേപം.
എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അസി.പ്രൊഫസർ നിയമനം നൽകിയതാണ് പിന്നെ വിവാദമായത്. ഉയർന്ന അക്കാദമിക യോഗ്യതയുള്ള ഉദ്യോഗാർഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് നൽകിയതെന്നായിരുന്നു ആരോപണം.

കണ്ണൂർ സർവകലാശാലയിൽ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കാനെടുത്ത തീരുമാനമാണ് പിന്നീട് വിവാദമായത്. അന്നത്തെ കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡായിരുന്നു പ്രിയാ വർഗീസിന് ഒന്നാംറാങ്ക് കൊടുത്തത്. അഭിമുഖത്തിൽ പങ്കെടുത്ത, 102 ഗവേഷണ പ്രബന്ധങ്ങളും 27 വർഷത്തെ അധ്യാപന പരിചയവും ആറ് പുസ്തകങ്ങളും എഴുതിയ, സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും കിട്ടിയ ജോസഫ് സ്‌കറിയയെ രണ്ടാം റാങ്കിലേക്ക് പിന്തള്ളിയാണ് പ്രിയയെ ഒന്നാംറാങ്കുകാരിയാക്കിയത്. അസി.പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയമുള്ള ഇദ്ദേഹത്തെ പിന്തള്ളി 2012ൽ മാത്രം അസി.പ്രൊഫസർ തസ്തികയിൽ പ്രവേശിച്ച പ്രിയയെ പരിഗണിച്ചത് എന്ത് അക്കാദമിക താൽപര്യത്തിന്റെ പുറത്തായിരുന്നു. ഈ വിവാദങ്ങളുടെയെല്ലാം സമാനത ഇതെല്ലാം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഭാര്യമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നതാണ്. പാർട്ടി വിശദീകരിക്കുന്നതുപോലെ ഉന്നത നേതാക്കളുടെ ഭാര്യമാർ മാത്രമായിരുന്നതുകൊണ്ടാണോ പൊതുസമൂഹത്തിൽ നിന്നും അക്കാദമിക സമൂഹത്തിൽ നിന്നും എതിർപ്പുയർന്നതെന്ന് സി.പി.എം പരിശോധിക്കണം. ഈ ഓരോ നിയമനത്തിലും പതിഞ്ഞ കൈയൊപ്പ് അക്കാദമിക ഗുണനിലവാരത്തെ പിന്നോട്ടുകൊണ്ടുപോകുക തന്നെയായിരുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാൻ ശപഥംചെയ്തിറങ്ങിയവർ മറന്നുപോകരുത്.

കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ മികച്ച അക്കാദമിഷ്യനാണെന്നാണ് സർക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെയും വാദം. അതിനാൽ 60 വയസ് കഴിഞ്ഞ അദ്ദേഹത്തിന് വി.സിയായി പുനർനിയമനം നൽകണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതും മന്ത്രി തന്നെയാണ്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ മികച്ചവരായിരുന്നുവെന്ന് സി.പി.എം തന്നെ വിലയിരുത്തിയതാണ്. എന്നാൽ ഈ മികവിനെയൊന്നും പുതിയ മന്ത്രിസഭയുണ്ടാക്കിയപ്പോൾ പരിഗണിക്കാത്ത പാർട്ടിയാണിത്. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ വി.സിയായിരിക്കെ പി.ജി സിലബസിൽ ഗോൾവാൾക്കറും സവർക്കറും കടന്നുകൂടിയത് അത്ര പെട്ടെന്ന് വിസ്മരിക്കാനാവില്ല. ചരിത്രപുനർനിർമിതിയുടെ കാലത്ത് നമ്മുടെ പരിസരത്തും ഉണ്ടായ ഈ അപശബ്ദത്തിന്റെ ഉത്തരവാദിത്വം പേറുന്ന ഗോപിനാഥ് എങ്ങനെയാണ് ഇടതുപക്ഷത്തിന് ഇത്രയേറെ സ്വീകാര്യനാകുന്നതെന്നും പരിശോധിക്കപ്പെടേണ്ടതാണ്.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ മാത്രമല്ല, അക്കാദമികമായിട്ടുള്ളവർ പിന്തള്ളപ്പെടുന്നുവെന്നതാണ് ഏറെ ആപൽക്കരം. രാഷ്ട്രീയ നോമിനികളിൽ സങ്കുചിത താൽപര്യക്കാർ കൂടി ഉൾപ്പെടുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗം വഴിതെറ്റുമെന്നത് സ്വഭാവികം. സർവകലാശാലകളിൽ ഇതിനുമുമ്പും എത്രയോ പ്രഗത്ഭരായവർ വി.സിമാരായി ഇരുന്നിട്ടുണ്ട്, അവർക്കൊന്നും പുനർനിയമനം നൽകിയിട്ടില്ലെന്നിരിക്കെ ഗോപിനാഥ് രവീന്ദ്രന് മാത്രം എന്തുകൊണ്ട് കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് വീണ്ടും വി.സിയായി നിയമനം നൽകിയെന്നത് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനുമുണ്ട്. ഗവർണറുടെ എതിർപ്പിനെ രാഷ്ട്രീയമായി കണ്ട് നേരിടാനുള്ള അവകാശം തീർച്ചയായും സർക്കാരിനുണ്ട്. നേരത്തെ അതു കണ്ടതുമാണ്. എന്നാൽ കണ്ണൂർ, കാലടി സർവകലാശാലയുടെ കാര്യത്തിൽ സർക്കാരെടുത്ത തീരുമാനം ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണെന്ന് വാദത്തിന് പിന്തുണ നൽകാൻ ഇപ്പോൾ ഉയർത്തിയിരിക്കുന്ന വിശദീകരണങ്ങൾ മാത്രം പോരാ. ഗവർണർ പറഞ്ഞതുകൊണ്ടു മാത്രം കണ്ണടച്ച് സർക്കാർ ഇരുട്ടാക്കരുത്. തിരുത്തൽ ആവശ്യമായ ഘട്ടത്തിലാണ് ഇപ്പോൾ രാജ്യത്തെ സർവകലാശാലകൾ. അതിന്റെ തുടക്കവും കേരളത്തിൽനിന്നു തന്നെയാകണം. സ്വതന്ത്രമാകട്ടെ നമ്മുടെ സർവകലാശാലകൾ. അക്കാദമിക താൽപര്യങ്ങൾ മാത്രം അവിടെ സംരക്ഷിക്കപ്പെടട്ടെ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.