2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചിത്രകല

 

ആദിമമനുഷ്യര്‍ വരച്ചുവച്ച ചിത്രങ്ങള്‍ ലോകത്തിന്റെ പല ദിക്കുകളില്‍ ഇപ്പോഴും കാണാം. അക്കാലത്തെ മനുഷ്യജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തിയ ചരിത്രരേഖകള്‍ തന്നെയാണവ. ഗുഹാഭിത്തികളിലും പാറകളിലും എല്ലുകളിലും ആയുധങ്ങളിലും ഒക്കെയായിരുന്നു അവരുടെ ചിത്രരചന. സസ്യനീരുകളും നിറമുള്ള കല്ലുകളും ഉപയോഗിച്ചു ചിത്രങ്ങള്‍ക്ക് നിറം നല്‍കാനും അവര്‍ മിടുക്കുകാണിച്ചു.

ചിത്രങ്ങള്‍ക്കു ചായം നല്‍കുന്നതിന് ഇന്ന് പല രീതികളുണ്ട്. ഉണങ്ങിയ ചായങ്ങള്‍ കുഴമ്പു രൂപത്തിലാക്കി വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് ടെമ്പറ. ചായങ്ങള്‍ നേരിട്ടു പ്രയോഗിച്ചു വരയ്ക്കുന്നതു ഫ്രെസ്‌കോയും. അജന്തയിലെ വിശ്വപ്രസിദ്ധമായ ചുമര്‍ച്ചിത്രങ്ങള്‍ ഫ്രെസ്‌കോ രീതിയിലുള്ളതാണ്.

ആധുനിക ചിത്രകാരന്മാര്‍ ടെമ്പറയും ഫ്രെസ്‌കോയും ഇപ്പോള്‍ പലമട്ടില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉണങ്ങിയ ചായങ്ങള്‍, ചണയെണ്ണയില്‍ ചേര്‍ത്തു പശ രൂപത്തിലാക്കി വരയ്ക്കുന്ന എണ്ണച്ചായവും നിറമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ ലയിപ്പിച്ചു വരയ്ക്കുന്ന ജലച്ചായവും ഇങ്ങനെ വികസിപ്പിച്ചെടുത്തവയാണ്. ലോകപ്രശസ്തരായ പല ചിത്രകാരന്മാരും ഈ രണ്ടു രീതിയും മാറിമാറി പരീക്ഷിച്ചിട്ടുണ്ട്. ലിയാനാര്‍ഡോ ഡാവിഞ്ചി , മൈക്കലാഞ്ചലോ, റാഫേല്‍ എന്നീ ചിത്രകാരന്മാരെ കുറിച്ചു കേട്ടിട്ടില്ലേ? മൂവരും നവോത്ഥാന കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരും ചിത്രകലയിലെ കുലപതികളുമായിരുന്നു.

 

ലിയാനാര്‍ഡോ ഡാവിഞ്ചി

1452 ഏപ്രില്‍ 15 ന് ഇറ്റലിയിലായിരുന്നു ഡാവിഞ്ചിയുടെ ജനനം. ചിത്രകാരന്‍ മാത്രമല്ല ശില്‍പി, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലും പ്രഗത്ഭനായിരുന്നു. റിയലിസ്റ്റിക് (യഥാര്‍ഥ ചിത്രകല) ചിത്രരചനയിലായിരുന്നു കൂടുതല്‍ താല്‍പര്യം. പല നിഴലുകളുള്ള ഇരുണ്ട ശൈലിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അദ്ദേഹം അസാമാന്യ മിടുക്കു കാണിച്ചു. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ രണ്ടു ചിത്രങ്ങളാണ് തിരുവത്താഴവും മൊണാലിസയും.
1503 നും 1506 നും ഇടയിലാണ് മൊണാലിസ വരച്ചത്.ലോകത്തെ ആദ്യ 3 ഡി ചിത്രവും ഇതുതന്നെ. 1911 ല്‍ ഇതു മോഷണം പോവുകയും രണ്ടുവര്‍ഷത്തിനു ശേഷം കണ്ടെടുക്കുകയും ചെയ്തു. പാരീസിലെ ലുവര്‍ മ്യൂസിയത്തിലാണ് ഈ ചിത്രം ഇപ്പോഴുള്ളത്. മൊണാലിസയുടെ പേരില്‍ രചിക്കപ്പെട്ട പ്രശസ്തമായ നോവലാണ് ഡാവിഞ്ചികോഡ്. ഡാരിബ്രൗണ്‍ എഴുതിയ ഈ നോവലിനെ ആസ്പദമാക്കി ധാരാളം സിനിമകളും ഇറങ്ങിയിട്ടുണ്ട്. ക്രിസ്തു 12 ശിഷ്യരുമൊത്തു നടത്തിയ അവസാനത്തെ അത്താഴമാണല്ലോ തിരുവത്താഴം. നിങ്ങളില്‍ ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കുമെന്ന യേശുവിന്റെ പ്രവചനം കേട്ടു ശിഷ്യരിലുണ്ടാകുന്ന വ്യത്യസ്ത മുഖഭാവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. 1519 മെയ് 2 ന് ഫ്രാന്‍സിലെ ക്ലോസ് ലുസെ കൊട്ടാരത്തില്‍വച്ചായിരുന്നു ഡാവിഞ്ചിയുടെ മരണം.

പോര്‍ട്രേറ്റ്

പ്രശസ്ത വ്യക്തികളുടെ ഓര്‍മ നിലനിര്‍ത്തുന്നതിനു ചിത്രകാരന്മാരെകൊണ്ട് അവരുടെ ചിത്രങ്ങള്‍ വരപ്പിക്കാറുണ്ട്. ഇത്തരം ചിത്രങ്ങാണ് പോര്‍ട്രേറ്റുകള്‍. റാഫേല്‍ ,റൂബെന്‍സ് ,സര്‍ തോമസ് ലോറന്‍സ് , ജ്വോഷ്വാ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ ഇത്തരം ചിത്രരചനയില്‍ പ്രഗത്ഭരായിരുന്നു.

ലാന്‍ഡ്‌സ്‌കേപ്പ്

പ്രകൃതി ദൃശ്യങ്ങള്‍ തനിമയോടെ ചിത്രീകരിക്കുന്നതിനു ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങള്‍ അഥവാ പ്രകൃതി ദൃശ്യരചന എന്നു പറയുന്നു. ഇത്തരം ചിത്രരചനകളില്‍ പ്രശസ്തരായിരുന്നു ഡ്യൂറ്റും ബ്രൂഗലും.

സ്റ്റില്‍ ലൈഫ്

പുരാണങ്ങളെയും മതഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി വരയ്ക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് സ്റ്റില്‍ ലൈഫ്. ബുദ്ധന്‍ ,ക്രിസ്തു , കൃഷ്ണന്‍ തുടങ്ങിയവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിക്കുന്നത് ഇതിനു ഉദാഹരണം. അജന്തയിലെ ഗുഹാക്ഷേത്രങ്ങളിലെ ചിത്രങ്ങളെല്ലാം ബുദ്ധന്റെ ജീവിതാനുഭവങ്ങളും ജാതക കഥകളുമാണ.്

ഷാനര്‍ ചിത്രങ്ങള്‍

നിത്യ ജീവിതത്തിലെ സംഭവങ്ങളും മറ്റും ചിത്രീകരിക്കുന്നതാണ് ഷാനര്‍ ചിത്രങ്ങള്‍. ഗാര്‍ഹിക രംഗങ്ങള്‍ ,നൃത്ത-സംഗീത രംഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്.

ഈസല്‍

ചിത്രകാരന്‍ പണിപ്പുരയില്‍വച്ചു വരയ്ക്കുന്ന ചിത്രങ്ങളാണ് ഈസല്‍. ചിത്രം വരയ്ക്കാനുള്ള കാന്‍വാസ് ഉറപ്പിച്ചുവയ്ക്കുന്ന സ്റ്റാന്‍ഡിനും ഈസല്‍ എന്ന് അര്‍ഥമുണ്ട്.

മ്യൂറല്‍

ഗുഹാഭിത്തികളിലും ശവകുടീരങ്ങളിലും ക്ഷേത്രങ്ങളുടെ വിവിധ ഭാഗങ്ങളിലും എഴുതപ്പെട്ട ചുമര്‍ ചിത്രങ്ങളാണ് മ്യൂറല്‍.

പാനല്‍

പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി തടിയില്‍ വരയ്ക്കുന്ന ചിത്രങ്ങളാണ് പാനല്‍. കൊട്ടാരങ്ങളിലും ആരാധനാലയ ങ്ങളിലും ഒക്കെ ഇത്തരം ചിത്രങ്ങള്‍ കാണാറുണ്ട്.

മൈക്കലാഞ്ചലോ

കവിയും ശില്‍പിയുമായിരുന്നു മൈക്കലാഞ്ചലോ. 1475 മാര്‍ച്ച് 18 ന് ഇറ്റലിയിലായിരുന്നു ജനനം. റോമിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ ,സൃഷ്ടിയുടെ കഥയും ചുമരില്‍ യേശുവിന്റെ അന്ത്യവിധി രംഗങ്ങളും വരച്ചുചേര്‍ത്തതോടെയാണ് ഇദ്ദേഹം ഒരു മികച്ച ചിത്രകാരനായി അറിയപ്പെട്ടത് .

1508 മുതല്‍ 1512 വരെ നാലു വര്‍ഷമെടുത്താണ് ആ ചിത്രം പൂര്‍ത്തിയാക്കിയത്. മച്ചിലെ വരയില്‍ ആകെ 343 ചിത്രങ്ങളുണ്ട്. ആദ്യം നിലത്തുവച്ചു ചിത്രങ്ങളുടെ രൂപരേഖ വരച്ചെടുക്കുകയും പിന്നീട് അവ മച്ചിലെ പ്ലാസ്റ്ററില്‍ പതിച്ച് ,ആവശ്യത്തിനു നിറങ്ങളും മറ്റും ചേര്‍ത്തുമാണ് അതു വരച്ചത്.

അറുപതു വയസുള്ളപ്പോഴാണ് അന്ത്യവിധിയുടെചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. 1534 മുതല്‍ 1541 വരെ ആ ചിത്രരചന തുടര്‍ന്നു. ചാപ്പലിന്റെ അള്‍ത്താരയ്ക്കു പുറകിലാണ് ആ ചിത്രമുള്ളത്. മനുഷ്യരുടെ നന്മ, തിന്മകള്‍ കണക്കാക്കി അവരെ നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ അയക്കുന്നതാണ് അന്ത്യവിധിയിലെ പ്രമേയം. 1564 ഫെബ്രുവരി 18 ന് മൈക്കലാഞ്ചലോ മരിച്ചു.

റാഫേല്‍

ചിത്രകാരന്മാരുടെ രാജകുമാരനായിരുന്നു റാഫേല്‍. ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലൊയുടെയും സാമകാലികനായിരുന്ന ഇദ്ദേഹം 1483 ഏപ്രില്‍ 6 ന് ഇറ്റലിയില്‍ ജനിച്ചു. ക്രിസ്തുവിന്റെ കുരിശാരോഹണം, കന്യകയുടെ വിവാഹം ,സെന്റ് ജോര്‍ജിന്റെ ഡ്രാഗണുമായുള്ള പോരാട്ടം തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. 1520 ഏപ്രില്‍ 6 നായിരുന്നു റാഫേലിന്റെ മരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.