2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊലിസിനെ നമുക്ക് മെരുക്കിയെടുക്കാം

കരിയാടന്‍

കേരളത്തിലെ പൊലിസ് അതിക്രമങ്ങളെപ്പറ്റി ഭരണമുന്നണിയില്‍തന്നെ പെട്ട സി.പി.ഐയുടെ ദേശീയ നേതാക്കള്‍തന്നെ കുറ്റപ്പെടുത്തുകയുണ്ടായി. ആനിരാജയും ഡി. രാജയും പരാതിപ്പെട്ടതിന് പാര്‍ട്ടിക്കകത്തുതന്നെ മുറുമുറുപ്പുണ്ടായത് നമുക്ക് ഈയിടെ വായിക്കാന്‍ കഴിഞ്ഞതാണ്. ആ നേതാക്കളെ കേരള സി.പി.ഐ സെക്രട്ടറി വിമര്‍ശിച്ചതും ദേശീയ സെക്രട്ടറിയെ ഇകഴ്ത്തി സംസാരിച്ചതിന് അദ്ദേഹത്തെ കേരളത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളില്‍ പ്രമുഖനടക്കം കമ്മിറ്റിയിലെ പലരും കുറ്റപ്പെടുത്തിയതും വായിക്കാന്‍ ഇടയായി. പണ്ടത്തെപ്പോലെ ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തവര്‍ ചേക്കേറുന്ന ഒരു സേനാവിഭാഗമല്ല, ഇന്നു കേരള പൊലിസ്. ബിരുദവും ബിരുദാന്തര ബിരുദവും നേടുകയും ബിടെക്കും എം.ബി.എയും നല്ലനിലയില്‍ പാസാവുകയും ചെയ്ത ചെറുപ്പക്കാരാണ്, ജീവിതസന്ധാരണത്തിനായി കാക്കി ഉടുക്കാന്‍ തയാറായി പൊലിസ് സേനയില്‍ ചേരുന്നത്.

എന്നാല്‍ സാക്ഷരകേരളത്തിന്റെ ഈ മഹത്വം, സമൂഹം വലിയ ഒരഭിമാനമായി കാണുമ്പോള്‍, പൊലിസ് സേനയിലെ ചിലരെങ്കിലും സ്വന്തം അസ്ഥിത്വം മറന്നുപോകുന്നു. അവരില്‍ ചിലരുടെ നിഷ്ഠൂര കൃത്യങ്ങള്‍ക്ക് പൊലിസ് സേനയ്ക്ക് ഒട്ടാകെ വലിയ വില കൊടുക്കേണ്ടിയും വരുന്നു. എത്രപറഞ്ഞിട്ടും പൊലിസിന്റെ പെരുമാറ്റരീതി മാറുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണല്ലോ കേരള ഹൈക്കോടതി കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പൊലിസ് സ്റ്റേഷനുകള്‍ക്കു മുമ്പില്‍ ജനമൈത്രി പൊലിസ് എന്നോ മാതൃകാ പൊലിസ് സ്റ്റേഷന്‍ എന്നോ എഴുതിവച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലോ.

ഐ.ജി റാങ്കിലും ഡി.ജി.പി റാങ്കിലും ഒക്കെ എത്തിയ പലരും ദേശീയ അവാര്‍ഡുകള്‍നേടി, നമ്മുടെ സേനയില്‍ ഉള്ളപ്പോഴും ഏതാനും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഗുജറാത്തിലെന്നപോലെ ഇവിടെയും ആരോപണവിധേയരായി പുറത്തു നില്‍ക്കുന്നുണ്ട്. കേരളത്തിന്റെ പൊലിസ് ഡയറക്ടര്‍ ജനറലായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിട്ടയര്‍ ചെയ്ത ലോക്‌നാഥ് ബെഹ്‌റ, സര്‍ക്കാറിന്റെ നല്ല കുട്ടിയായി തുടരുമ്പോഴും അദ്ദേഹം ആരോപണ വിധേയന്‍ ആയിരുന്നല്ലോ. ഒഡിഷക്കാരനായ ഈ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍, പാലക്കാട് ജില്ലാ മേധാവി ആയിരുന്നകാലം ഓര്‍ക്കുക. അന്നവിടെ ഒരു സംഘര്‍ഷം നടന്നപ്പോള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയാണ് വെടിയേറ്റു മരിച്ചത്.

കേരള പൊലിസ് എന്നും എവിടെയും കുറ്റവിമുക്തമാണെന്ന് പൊലിസ് സേനയില്‍ ഉള്ളവര്‍തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തരായ മാലി യുവതികള്‍ പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ നഷ്ടപരിഹാരത്തിനായി കോടതികള്‍ കയറി ഇറങ്ങുകയാണല്ലോ. നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പി. രാജന്‍ മരണപ്പെട്ട കേസിലായാലും നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസ് വെടിയേറ്റു മരിച്ച സംഭവത്തിലായാലും പ്രതിസ്ഥാനത്ത് കേരള പൊലിസായിരുന്നു. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കൈവശംവച്ചു എന്നതിനാണ് കോഴിക്കോട് രണ്ടു ചെറുപ്പക്കാരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്ത്, വിചാരണ ചെയ്യാതെ തടങ്കലില്‍ വച്ചത്. അതേ പൊലിസ് തന്നെ സെന്‍ട്രല്‍ ജയിലില്‍ സഹായിയായി വയ്ക്കുന്നത് ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കപ്പെട്ട ഒരാളെ ആണെന്നത് എത്ര ഖേദകരം. അങ്ങനെ ഒരാളാണ് ചാടിപ്പോയത്. വേറെ 23 പേര്‍ തടവ് ചാടിയപ്പോള്‍ 11 പേരെ ഇനിയും പിടികൂടാനായില്ലെന്നതും നാണക്കേടായി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലൈസന്‍സില്ലാത്ത തോക്ക് കൈവശം വയ്ക്കാന്‍ ഒരു തടവ്പുള്ളിക്ക് സാധിക്കുന്നുവെന്നു വരുന്നത് എങ്ങനെയാണ്. ജയിലിലിരുന്നു നേതാവ് വിളിച്ചു പറയുന്ന തരത്തില്‍ അണികള്‍ പൊതുജനങ്ങളില്‍ നിന്നു പണം തട്ടുന്നതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായി. കണ്ണൂരിലേയും തൃശൂരിലെയും ജയിലുകളില്‍ വ്യാപകമായി ലഹരിസാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്നുവെന്നും മൊബൈല്‍ ഫോണുകള്‍ കുഴിച്ചിട്ട നിലയില്‍ പിടിച്ചെടുക്കപ്പെടുന്നുവെന്നും വാര്‍ത്ത വരുമ്പോള്‍ ഉത്തരവാദികള്‍ മറ്റാരുമല്ലല്ലോ. അവിടെ സെല്‍ഫോണുകള്‍ മുതല്‍ ഫോണ്‍ എക്‌സ്‌ചേഞ്ച് വരെ പ്രവര്‍ത്തിച്ചിരുന്നുവത്രെ. അഞ്ചുമാസത്തിനുള്ളില്‍ രണ്ടായിരത്തിലേറെ ഫോണ്‍ വിളികളും നടന്നുവെന്നാണ് വാര്‍ത്ത. കരുനാഗപ്പള്ളിയില്‍ അമ്മയേയും മകനെയും വീട് കയറി ആക്രമിച്ചുവെന്നതിനു ഒരു എസ്.ഐയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയെന്നതിനു കുളത്തുപുഴയില്‍ ഒരു എസ്.ഐയും സസ്‌പെന്‍ഷനിലായതും ഈയിടെയാണല്ലോ. ഇപ്പോഴിതാ പിടികൂടിയ നിരോധിത പുകയില മറിച്ചുവിറ്റു എന്ന കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും നടപടി നേരിടുന്നു.

ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒക്കെയായി പൊലിസ് തന്നെ കള്ളക്കടത്തായി കോടിക്കണക്കിനു രൂപയുടെ കഞ്ചാവ് കൊണ്ടുവന്നശേഷമാണ് പിടിച്ചെടുക്കുന്നതെന്ന് തിരുവനന്തപുരത്ത് നിന്ന് വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. പരാതികള്‍ കിട്ടിയാല്‍പോലും മറ്റു സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നുവോ എന്നു സംശയിക്കുന്നവിധം, നടപടി ഒന്നും എടുക്കുന്നില്ലെന്നതും കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും വാര്‍ത്തകളായി വരാറുണ്ട്.

ഭര്‍തൃപീഡനം ആരോപിച്ച് ബാലുശ്ശേരി പൊലിസിനെ സമീപിച്ച ഒരു 19 കാരിയോട് വിവാഹം കഴിഞ്ഞതല്ലേയുള്ളു അപ്പോഴേക്കും പീഡനമോ എന്നു തിരിച്ചു ചോദിച്ച എസ്.ഐയുടെ കഥ ഈയിടെ വായിച്ചു. എലത്തൂരില്‍ അയല്‍വാസികളില്‍ ചിലര്‍ ചേര്‍ന്നു മര്‍ദിച്ചുവെന്ന 82 വയസായ ഒരു വയോധിക നല്‍കിയപരാതി ലഭിച്ചിട്ടില്ലെന്നു പറഞ്ഞു കൈകഴുകുകയാണ് പൊലിസ് ആദ്യം ചെയ്തത്. കൊവിഡിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമം നടക്കുമ്പോള്‍ എന്ത് കൊണ്ട് പൊലിസ് ഉടന്‍ നടപടി എടുക്കുന്നില്ലെന്നു സ്വകാര്യ ആശുപത്രിക്കാര്‍ നല്‍കിയ പരാതിയില്‍ കേരള ഹൈക്കോടതി വിമര്‍ശിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ തിരുവനന്തപുരത്ത് കാറിടിച്ചു കൊന്നകേസില്‍ പ്രതിസ്ഥാനത്ത് ഐ.എ.എസ് ഓഫിസര്‍ ഉണ്ടായിട്ടും രണ്ടു വര്‍ഷത്തിനു ശേഷവും പൊലിസ് നടപടികള്‍ എവിടെയും എത്തിയിട്ടില്ല.

ജനോപകാരപ്രദമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നു പുതിയസംഘം മന്ത്രിമാര്‍ക്കു നല്‍കിയ പരിശീലന ക്ലാസില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പൊലിസ് കാണിക്കുന്ന അതിക്രമങ്ങള്‍ ബിഹാറിലേക്കാളും മോശമാണ് കേരളത്തിലെന്നു പറയുകയുണ്ടായി. പ്രധാനമായും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിലാണ് കേരളം മുന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്. കള്ളപ്പണ ഇടപാട് ആരോപണങ്ങള്‍ ഉയര്‍ന്ന സംസ്ഥാന പൊലിസ് സേനയിലെ രണ്ടു ഉദ്യോഗസ്ഥരെക്കുറിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ നിന്നു വാളയാര്‍ പൊലിസിന്റെ പിടിയിലായ ഗുണ്ടാനേതാവ് ഉന്നതപൊലിസുദ്യോഗസ്ഥരുടെ ബിനാമി ഭൂമി നികത്താനുള്ള ക്വട്ടേഷന്‍ ഉടമയാണെന്നുവരെ പരാതി വന്നിരിക്കുന്നു.

ജയിലിലെ പീഡനങ്ങള്‍ മാത്രമല്ല, കസ്റ്റഡി മരണങ്ങളും ഈ പരിഷ്‌കൃത യുഗത്തിലും അന്യമാകുന്നില്ല എന്നത് നമ്മുടെ നിര്‍ഭാഗ്യം. സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന റിപ്പോര്‍ട്ട് എഴുതിവയ്ക്കുകയാണ് അന്വേഷണ കമ്മീഷനുകള്‍പോലും ചെയ്യുന്നത്. ചീഫ് ജസ്റ്റിസായി ഈ കഴിഞ്ഞ ഏപ്രിലില്‍ അധികാരമേറ്റ എന്‍.വി രമണ പറഞ്ഞത് മനുഷ്യാവകാശ ലംഘനം കൂടുതല്‍ നടക്കുന്നത് പൊലിസ് സ്റ്റേഷനുകളിലാണ് എന്നാണ്. 2019ല്‍ കേരളത്തില്‍ തന്നെ എട്ടു കസ്റ്റഡി മരണങ്ങളുണ്ടായി. അതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 2020 സെപ്റ്റംബര്‍ 29ന് തൃശൂര്‍ ജയിലില്‍ 32കാരനായ ശമീര്‍ അബ്ദുല്‍സലാം എന്ന മത്സ്യവില്‍പനക്കാരന്‍ മരിച്ചത് ഏറെ വിവാദമായിരുന്നു. പൊലിസ് മര്‍ദനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഭാര്യ സുമയ്യതന്നെ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം മൃതദേഹത്തിന്റെ പടം എടുക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും ശമീറിന്റെ ഗ്രാമത്തില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായ കല്ലറ ഷിബുവും ആരോപിക്കുകയുണ്ടായി. മയക്കുമരുന്നു പിടികൂടി എന്ന പേരിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ഓരോ ആണ്ടിലും പൊലിസുകാര്‍ക്കെതിരെ ശരാശരി 47 കേസുകള്‍ ഇന്ത്യയില്‍ പലയിടത്തായി ഉണ്ടായിട്ടും ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവാകുന്നില്ല.

കാക്കനാട്ട് പിടികൂടിയ കാഞ്ഞിരപ്പള്ളിക്കാരനായ ശഫീഖ് എന്ന 35 കാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനുവരി 21ന് മരണപ്പെട്ടത് അസുഖം കാരണമാണെന്നു പൊലിസിന് എഴുതിവയ്‌ക്കേണ്ടിവരുന്നു. മൃതദേഹം കണ്ടപ്പോള്‍ തലക്ക് അടിയേറ്റ് രക്തം കട്ടപിടിച്ചു കിടന്നതായി ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറയുകയുണ്ടായി. ജനുവരി 25-നു കളമശ്ശേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിഖില്‍പോള്‍ എന്ന പതിനേഴുകാരന്‍, പൊലിസിന്റെ ചോദ്യം ചെയ്യലിലെ ഭീകരതയുടെ ഇരയായിരുന്നുവെന്നു ബന്ധുക്കള്‍ പരാതിപ്പെടുകയുണ്ടായി.2017 ജൂലൈ 19നു തൃശൂരില്‍ പൊലിസ് മര്‍ദനമേറ്റ് മരണപ്പെട്ടത് പതിനെട്ടു വയസ് മാത്രം പ്രായമായ വിനായകന്‍ എന്ന ഒരു ദലിത് യുവാവായിരുന്നു. പാവറട്ടി സ്റ്റേഷനിലെ രണ്ടു പൊലിസുകാരെ ഇതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ആറുമാസത്തിനകം തിരിച്ചെടുക്കുകയാണ് ചെയ്തതെന്നു വിനായകന്റെ പിതാവ് ഏങ്ങണ്ടിയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി പറയുന്നു.

കൊവിഡ് കാലത്ത് കേരളത്തില്‍ പൊലിസ് നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന പലരും പലയിടങ്ങളിലും പൊലിസിനെതിരെ തിരിഞ്ഞിരുന്നുവെന്നു മറക്കുന്നില്ല. അതേസമയം നാട്ടില്‍ ക്രമസമാധാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലിസിനെ കല്ലെറിയുന്നതിലും അവരുടെ ലാത്തി പിടിച്ചുപറിക്കുന്നതിലും തൊപ്പി തട്ടിത്തെറിപ്പിക്കുന്നതിലുമൊക്കെ വൈദഗ്ധ്യം കാട്ടിയ യുവജന രാഷ്ട്രീയക്കാരെയും നാം പലയിടത്തും കാണുകയുണ്ടായി.
എടാ,പോടാ വിളികള്‍ ഒഴിവാക്കിയതുകൊണ്ടു മാത്രമായില്ല. പരാതികള്‍ ലഭിക്കുമ്പോള്‍ അവ രേഖപ്പെടുത്തുകയും കുറ്റമറ്റ രീതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമെ ജനങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളു. രാത്രി പട്രോളിങ്ങ് ഊര്‍ജിതപ്പെടുത്തിയതുകൊണ്ടുമാത്രം പരിഹാരമാകുന്നതല്ല, ഇത്. അതിനു ശാസ്ത്രീയ രീതികള്‍ അവലംബിക്കാന്‍ വിദഗ്ധരായ ഒട്ടേറെ ആളുകള്‍ പൊലിസ് സേനയില്‍ തന്നെയുണ്ടുതാനും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.