ജാലകം
പി.കെ പാറക്കടവ്
കെൻ നിക്കോൾസ് ഒകിഫ് എന്നുപേരുള്ള അമേരിക്കൻ ചെറുപ്പക്കാരനെ ഓർക്കുന്നുവോ? കാതിൽ കടുക്കനിട്ട് ഷേവ് ചെയ്യാത്ത മുഖം. അമേരിക്ക ഇറാഖിനു മേൽ കിരാതമായ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ്, നൂറുകണക്കിന് സുഹൃത്തുക്കളെയും കൂട്ടി കെൻ നിക്കോൾസ് ഒകിഫ് ഇറാഖിലേക്ക് പോയി.
ഇറാഖികളോടൊപ്പം നിന്ന് മനുഷ്യകവചം തീർത്ത് മരിക്കാൻ തയാറെടുത്ത് കൊണ്ട് ഒരു ടി.വി അഭിമുഖത്തിൽ നിക്കോൾസിനോട് ‘നിങ്ങൾക്ക് മരിക്കാൻ പേടിയില്ലേ?’ എന്ന് ചോദിച്ചപ്പോൾ ആ ചെറുപ്പക്കാരൻ തിരിച്ചു ചോദിച്ചു: ‘ഇക്കാലത്ത് സ്വാസ്ഥ്യത്തോടെ ജീവിക്കാൻ നിങ്ങൾക്കാവുന്നുണ്ടെങ്കിൽ അതേക്കുറിച്ചാണ് പേടിക്കേണ്ടത്!’
കെൻ നിക്കോൾസ് ഒകിഫ് ചോദിച്ച അതേ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കുക. ഇക്കാലത്ത് ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് സ്വാസ്ഥ്യത്തോടെ ജീവിക്കാൻ നമുക്ക് കഴിയുമോ?
ഹരിയാനയിലെ ഭിവാനിയിൽ കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദിനെയും നാസറിനെയും ചുട്ടുകൊന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് വന്നത്. സാധാരണഗതിയിൽ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് പൊലിസും ഭരണകൂടവും ചെയ്യേണ്ടത്.
ഇവിടെ നടന്നത് ചിന്തിക്കുന്ന മനുഷ്യരുടെ സ്വാസ്ഥ്യം കെടുത്തുന്ന സംഭവങ്ങളാണ്. പശുക്കടത്ത് ആരോപിച്ച് ഉത്തരേന്ത്യയിൽ നടക്കുന്ന അക്രമങ്ങളുടെ സൂത്രധാരൻ മോനു മനേസറാണ് ഈ കൊലകളുടെയും സൂത്രകനെന്ന് വാർത്താ മാധ്യമങ്ങൾ. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടല്ല, മറിച്ച് കൊലയാളികളെ പിന്തുണച്ചുകൊണ്ടാണ് വി.എച്ച്.പി, ബജ്‌റംഗ്ദൾ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അവിടെ റാലി നടത്തിയത് എന്ന് പറയുമ്പോൾ, ഒരു രാജ്യം എവിടെയെത്തി നിൽക്കുന്നു എന്ന് വേദനയോടെ നാം ഓർക്കണം.
ഏറ്റവും പുതിയ മറ്റൊരു വാർത്ത കൂടി ശ്രദ്ധിക്കുക. ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാല പുതിയ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പ് ശ്രദ്ധിക്കുക. ‘ഇന്ത്യൻ സമൂഹത്തിൽ മനുസ്മൃതി എങ്ങനെ നടപ്പാക്കാം’ എന്നാണ് ഫെല്ലോഷിപ്പിനുള്ള വിഷയമായി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസരംഗം അടിമുടി കാവിവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഗാന്ധിയൻ ആശയങ്ങൾ തമസ്‌ക്കരിക്കപ്പെടുകയും ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിന് മേൽക്കോയ്മ ലഭിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് എല്ലാം ഭദ്രമാണ് എന്ന് വിശ്വസിക്കുന്നവരെ നമ്മൾ എന്താണ് വിളിക്കേണ്ടത്?
ഇന്ത്യ പോലെ ബഹുസ്വരതയും വിഭിന്ന കാഴ്ചപ്പാടുകളും പുലരുന്ന ഒരു ജനാധിപത്യ മതേതര രാജ്യം എക്കാലവും അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു പോകില്ല എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. നിരന്തരമായ കള്ള പ്രചാരണങ്ങൾ കൊണ്ട് ഒരു ഭ്രാന്തൻ ജനതയെ സൃഷ്ടിക്കാനാവുമെന്ന് 1933ലെ ജർമനിയിലെ ഹിറ്റ്‌ലർ ഭരണം നമ്മോട് സാക്ഷ്യം പറയും. ജർമനി ബുദ്ധിജീവികളുടെയും ചിന്തകരുടെയും നാടായിരുന്നു. മാക്‌സ്പ്ലാങ്കിന്റെ, ഐൻസ്റ്റൈന്റെ, ഗെയ്‌ഥെയുടെ, മൊസാർട്ടിന്റെ, ബിഥോവന്റെ, സാക്ഷാൽ കാറൽ മാർക്‌സിന്റെ ജർമനി. ആ ജർമനിയിൽ നിരന്തരമായ കള്ളപ്രചാരണങ്ങൾ കൊണ്ട് ഒരു ഭ്രാന്തൻ ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ അന്ന് ഹിറ്റ്‌ലർക്ക് കഴിഞ്ഞു. വംശീയ ഉന്മൂലനം പിന്നെ എളുപ്പമായിരുന്നു.
ഇവിടെ വലിയ ശത്രുവിനെതിരേ ജനാധിപത്യ മതേതര കക്ഷികൾക്ക് ഐക്യപ്പെടാൻ കഴിയുന്നില്ല എന്നുള്ളത് ഒരു സത്യമാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാകുമ്പോൾ അതു ചർച്ച ചെയ്യാനോ സംവാദങ്ങൾ സംഘടിപ്പിക്കാനോ വാർത്താ മാധ്യമങ്ങളും മുതിരുന്നില്ല. ചെറിയ ചെറിയ പ്രാദേശിക അധികാരത്തർക്കങ്ങളിലാണ് നമ്മൾ.
ജനാധിപത്യ മതേതര കക്ഷികൾ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ഐക്യപ്പെടുകയേ നിർവാഹമുള്ളൂ.
‘ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോൾ എന്തു ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും?’ എന്നൊരു ലാറ്റിനമേരിക്കൻ കവിത.
രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് വരും തലമുറ നമ്മളോട് ചോദിക്കുക തന്നെ ചെയ്യും.
കഥയും കാര്യവും
‘പശു പാൽ തരുന്നു’ മാഷ് ബോർഡിൽ എഴുതി.
കുട്ടി അത് മായ്ച്ച് ഇങ്ങനെ എഴുതി:
‘പശു വാൾ തരുന്നു. തോക്ക് തരുന്നു’
(പശു: ഒരു തിരുത്ത്)
Comments are closed for this post.