2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവിഡ് കാലത്തെ ബലിയും പെരുന്നാളും

ടി.ഹസൻ ഫൈസി, കരുവാരകുണ്ട് 9895589786

കോവിഡ്-19 ആശങ്കകളും വിനാശവും വിതച്ച് വ്യാപിക്കുകയാണ്. ദിനംപ്രതി രോഗബാധിതരുടെ എണ്ണവും മരണവും ക്രമാതീതമായി വർധിക്കുന്നു. ഈ സാംക്രമികരോഗത്തിന്റെ ഇവ്വിധമുള്ള രൂക്ഷത മാസങ്ങളായി തുടരുകയാണ്. പ്രതിവിധിയോ പ്രതിരോധമോ ഇതുവരെ കണ്ടെത്തിയിട്ടില്ല.ദുരന്തമുഖത്ത് ഉത്തരം മുട്ടി നിൽക്കുകയാണ് മെഡിക്കൽ സയൻസ്. വളർച്ചയുടെയും വികാസത്തിന്റെയും പെരുമ പറഞ്ഞു ശീലിച്ച ശാസ്ത്രത്തിന് ഇടർച്ചയും പരാജയവും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന പാഠമാണ് കോവിഡ്-19.

ദാരിദ്രിവും പട്ടിണിയും തൊഴിലില്ലായ്മയുമെല്ലാം ഉയർത്തുന്ന ചോദ്യങ്ങൾ ആശങ്കാജനകമാണ്. അതിജീവനത്തിന്റെ സാധ്യതകളാണ് എല്ലാ രംഗവും തേടുന്നത്. ശക്തമായ നിയന്ത്രണങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ജനജീവിതം.
ആരാധനാലങ്ങളും അദ്ധ്യാത്മിക കൂട്ടായ്മകളുമൊല്ലാം  പ്രോട്ടോക്കോൾ ലംഘനങ്ങളില്ലാതെയാണ് നടത്തപ്പെടുന്നത്. ഈ വർഷത്തെ ഹജ്ജിന് അന്യരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അനുമതി നിഷേധിക്കപ്പെട്ടതും നിയന്ത്രണങ്ങൾ ശക്തമാക്കിയതും ജാഗ്രതയുടെ
ഭാഗമായാണ്.

തികച്ചും പ്രതികൂലമായ ഈ സാഹചര്യത്തെ എങ്ങനെ അനുകൂലമാക്കാം? ജനജീവിതം താളാത്മകമാക്കാൻ ബലികർമത്തിലും പെരുന്നാളിലുമുള്ള സാധ്യതകൾ എന്തെല്ലാം?

പ്രായോഗികമായ ഇത്തരം ആലോചനകളാണ് മഹല്ല് തലങ്ങളിൽ ഉണ്ടാവേണ്ടത്.
അതിനു പകരം ഇല്ലാത്ത പ്രതിബന്ധങ്ങളും ബലിയേക്കാൾ പ്രസക്തം മറ്റു പലതിനുമാണെ ന്യായങ്ങളും തെറ്റായ സന്ദേശങ്ങളാണ് സമൂഹത്തിന് നൽകുക.
മതചിഹ്നമായാണ് ബലിമൃഗത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത്:
“ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്കുള്ള അല്ലാഹുവിന്റെ അടയാളങ്ങളിൽ ഉൾപെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങൾക്കവയിൽ നൻമയുണ്ട്” (ഹജ്ജ് 36).
പെരുന്നാൾ ദിനത്തിൽ വിശ്വാസി ചെയ്യുന്ന ആരാധനകളിൽ സമുത്കൃഷ്ടം ഉള്ഹിയ്യത്താണെന്നല്ലേ പ്രവാചക അധ്യാപനം.
ആഇശ(റ)യിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “പെരുന്നാൾ ദിനം മനുഷ്യൻ ചെയ്യുന്ന കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരം രക്തമൊലിപ്പിക്കലാണ്. ബലിമൃഗം അന്ത്യനാളിൽ അതിന്റെ കൊമ്പ്, കുളമ്പ്, രോമങ്ങൾ എന്നിവയോടെ വരും. രക്തം ഭൂമിയിൽ വീഴും മുമ്പ് അല്ലാഹുവിങ്കൽ ഉന്നതമായ സ്ഥാനത്ത് അത് ഭവിക്കും. അതു കൊണ്ട് നിങ്ങൾ ആത്മസുഖം നേടൂ”(ഇബ്നുമാജ). ഇതിനോട് ചേർത്തുവായിക്കേണ്ട മറ്റൊരു ഹദീസ് കൂടിയുണ്ട്.അബൂഹുറൈറ(റ)യിൽ
നിന്ന്;നബി(സ്വ) പറഞ്ഞു: ”ഉള്ഹിയ്യത്തിന് കഴിവുണ്ടായിരിക്കെ ബലി നിർവഹിക്കാത്തവൻ നമ്മുടെ നിസ്കാര സ്ഥാനത്ത് സന്നിഹിതനാവാതിരിക്കട്ടെ”(ഹാക്കിം).

കഴിഞ്ഞ വർഷങ്ങളിൽ നടത്തപ്പെട്ടത് പോലെ സംഘടിത ഉള്ഹിയ്യത്ത് സാധ്യമല്ലാത്തതിനാൽ ഉള്ഹിയ്യത്തേ വേണ്ട എന്ന തീരുമാനവും ശരിയല്ല.നടത്തിപ്പിനും വിതരണത്തിനും മഹല്ലുകൾ സ്വീകരിച്ചു വരുന്ന പ്രായോഗിക സംവിധാനം എന്നതിനപ്പുറം മറ്റൊരു പ്രസക്തിയും സംഘടിത ഉള്ഹിയ്യത്തിനില്ല.സൗകര്യപ്രദമായ ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തിയാൽ കോവിഡ്-19 മാർഗ നിർദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടാവില്ല.നിലവിലെ സമയക്രമമനുസരിച്ച് ഉള്ഹിയ്യത്ത് നിർവഹണത്തിന് 84 മണിക്കൂറെങ്കിലും ദൈർഘ്യമുണ്ട്. സ്ഥലപരിമിതിയുള്ളവർക്ക് സമയത്തിൽ മാറ്റം വരുത്തി ഉള്ഹിയ്യത്ത് ക്രമീകരിക്കാമല്ലോ? പ്രായം 65 കഴിഞ്ഞവർക്കും അനാരോഗ്യമുള്ളവർക്കും കർമശാസ്ത്ര പണ്ഡിതർ നിർദേശിക്കും വിധം വകാലത്താക്കാവുന്നതാണ്.
ഇതിനെല്ലാം നമ്മുടെ ‘നടക്കില്ലാനയം’ എന്ന വിധിയെഴുത്ത് ആദ്യം ഉപേക്ഷിക്കണം.

ഇബ്റാഹീം നബി(അ)യാണ് ഈ സുദിനത്തിലും ഉള്ഹിയ്യത്തിലുമെല്ലാം  അനുസ്മരിക്കപ്പെടുന്നത്.ഒരിക്കൽ സ്വഹാബികൾ നബി(സ്വ)യോട് ചോദിച്ചു: “തിരുദൂതരേ, എന്താണീ ബലി മൃഗങ്ങൾ”
നബി(സ്വ)പറഞ്ഞു:”നിങ്ങളുടെ പിതാവ് ഇബ്റാഹീം നബി(അ)യുടെചര്യയാണത്”
(തർഗീബ് 2/154).
തിക്തമായ ജീവിത പരിസരങ്ങളിൽ ആത്മബലം കൊണ്ട് അതിജീവനം നടത്തിയ മാതൃകാ പുരുഷനാണ് ഇബ്റാഹീം(അ).
അഗ്നിപരീക്ഷണങ്ങളെ അജഞ്ചലമായ വിശ്വാസം കൊണ്ടാണ് അദ്ദേഹം നേരിട്ടത്.അല്ലാഹുവിൽ സമർപിതമായിരുന്നു ആ ജീവിതം. അല്ലാഹു പറയുന്നു:”ഇബ്റാഹീം നബി(അ)യെ തന്റെ രക്ഷിതാവ് ചില വചനങ്ങൾ കൊണ്ട് പരീക്ഷിച്ച സന്ദർഭം; അദ്ദേഹം അതെല്ലാം
(വിജയകരമായി)പൂർത്തിയാക്കി”(അൽബഖറ 124).

ബഹുദൈവ വിശ്വാസത്തിനു നേരെ ഉന്നയിച്ച ചോദ്യങ്ങളും ഉയർത്തിയ സംവാദങ്ങളും കുടുംബത്തിലും ജന്മ
ദേശത്തും അദ്ദേഹത്തെ അനഭിമതനാക്കി. പിഴച്ച വിശ്വാസത്തിൽ നിന്ന് പിൻമാറാൻ നിരന്തരം ഗുണദോശിച്ച ഇബ്റാഹീം(അ)നോട് പിതാവിന്റെ പ്രതികരണം പ്രതികാരാത്മകമായിരുന്നു;
“ഇതവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ ഞാൻ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ട് പോകണം”(മർയം, 46).
ഭരണകൂടമാവട്ടെ കഠിനമായ ശിക്ഷകളാണ്  അദ്ദേഹത്തിന് വിധിച്ചത്.

അതെല്ലാം സമവായത്തിനു വഴങ്ങാതെ സംവാദാത്മകമായാണ്  അദ്ദേഹം നേരിട്ടത്. വിശ്വാസം പാഥേയമാക്കി ദേശ ത്യാഗത്തിനിറങ്ങിയ
ഇബ്റാഹീം(അ) പറഞ്ഞത് ; “ഞാനെന്റെ രക്ഷിതാവിലേക്ക് പോവുകയാണ്. അവനെന്നെ നേർവഴിയിലേക്ക് നയിക്കും” (സ്വാഫാത്ത്,99) എന്നാണ്.
ബാബിലോണിയയിലെ ഉർ നഗരത്തിൽ നിന്ന് തുടങ്ങിയ ആ വിശ്വാസ സംരക്ഷണയാത്ര നിർജനവും നിർജലവുമായ മക്കാ താഴ് വരയിലാണ് അവസാനിക്കുന്നത്.സാന്ദ്രമായ ദുഃഖങ്ങളിലും ക്ലേഷങ്ങളിലും കാലുന്നിനിന്നാണ് ഇബ്റാഹീം(അ); “നിശ്ചയം, താങ്കളെ നാം ജനങ്ങളുടെ നേതാവാക്കിയിരിക്കുന്നു” (അൽ ബഖറ 124),”നേര്‍മാര്‍ഗത്തിലുറച്ചുനിന്ന ഇബ്‌റാഹീം(അ)ന്റെ പാത പിന്തുടർന്ന വനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്‌റാഹീമിനെ  അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (അന്നിസാഅ് 125),
“നിശ്ചയം, ഇബ്റാഹീം(അ) അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്ന ഋജുമാനസനായ ഒരു സമുദായമാകുന്നു”(അന്നഹ്ൽ 120),
“പിൻമുറക്കാരിൽ അദ്ദേഹത്തിന്റെ സൽകീർത്തി നാം നിലനിർത്തും”(സ്വാഫാത്ത്,108) തുടങ്ങിയ ശാശ്വത സൗഭാഗ്യങ്ങൾ കൈവരിച്ചത്.

ഇസ് ലാമിലെ ആഘോഷങ്ങളിലും ആചാരങ്ങളിലുമെല്ലാമുള്ള സാമൂഹിക നന്മകൾ നിലവിലെ  സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്.
“നിർബന്ധ അനുഷ്ഠാനങ്ങൾക്കു ശേഷം അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ഒരു മുസ് ലിമിനെ സന്തോഷിപ്പിക്കലാണ്. അവന്റെ നഗ്നത നീ മറക്കുക അല്ലെങ്കിൽ അവന്റെ വിശപ്പകറ്റുക അതുമല്ലെങ്കിൽ അവന്റെ ഏതെങ്കിലു മൊരാവശ്യം നിറവേറ്റുക”(ത്വബ്റാനി).
സാമൂഹിക സന്തുലിതാവസ്ഥ നിലനിൽക്കാൻ  നബി(സ്വ) പകർന്നുതന്ന മാനവിക പാഠമാണിത്.ഈ തത്ത്വത്തിന്റെ പ്രയോഗത്തിനായിരിക്കണം പെരുന്നാൾ ദിനത്തിൽ നമ്മുടെ ഊന്നൽ.

ബലികർമത്തിന്റെ സാമൂഹിക മാനവും അതാണല്ലോ; “അവ പാര്‍ശ്വങ്ങളിലേക്ക്  വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവനെയും ചോദിച്ചുവരുന്നവനെയും തീറ്റിക്കുക” (ഹജ്ജ് 36).
സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് വേവിക്കാതെ അൽപമെങ്കിലും-ഒരു ഫഖീറിനെങ്കിലും- ദാനം ചെയ്യൽ നിർബന്ധമാണ്.ബറകത്തിന് ദക്ഷിക്കാൻ ഒരു പിടി ഒഴിവാക്കി ബാക്കി സ്വദഖ ചെയ്യലാണ് ഉത്തമം. അത് കരളിൽ നിന്നാവലും മൂന്ന് പിടിയിലധികം ദക്ഷിക്കാതിരിക്കലും തോല് ദാനം ചെയ്യലും ശ്രേഷ്ഠകരമാണെന്ന വിശകലനം
മേൽ സൂക്തത്തിന്റെ ചുവടുപിടിച്ച് പണ്ഡിതർ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.