
ന്യൂഡല്‍ഹി: ഡുക് ഡുക് വണ്ടി, ചീറിപ്പായുന്ന ഓട്ടോറിക്ഷകള്‍ക്ക് സുരക്ഷാ കവചമൊരുക്കാന്‍ പുതിയ ചട്ടം വരുന്നു. സീറ്റ് ബെല്‍റ്റ്, രണ്ട് ഹെഡ്ലൈറ്റ്, ഡോര്‍ തുടങ്ങിയവ ഓട്ടോറിക്ഷകളിലും സജ്ജീകരിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. യാത്രക്കാര്‍ റിക്ഷകളില്‍ നിന്ന് തെറിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് ഡോര്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശം. ഓട്ടോറിക്ഷകളെ ടാക്സികളായി കണക്കാക്കിയായിരിക്കും നിര്‍ദേശങ്ങള്‍ പുറത്തിറക്കുക.
ഇപ്പോള്‍ റിക്ഷകള്‍ക്ക് ഒരു ഹെഡ്ലൈറ്റാണുള്ളത്. ഇത് രണ്ടായി വര്‍ധിപ്പിക്കണം. സീറ്റ് സജ്ജീകരിക്കുന്നതിനും പൊതുമാനദണ്ഡം കൊണ്ടുവരും. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ള സീറ്റിനേക്കാള്‍ വിശാലമാണ് ഉത്തര്‍പ്രദേശ് പോലുള്ള സ്ഥലങ്ങളിലുള്ളത്.
എത്ര പേര്‍ക്ക് വരെ ഒരേ സമയം യാത്ര ചെയ്യാമെന്ന നിര്‍ദേശവും കൊണ്ടുവരും. അടുത്തവര്‍ഷം പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ സമയം അറിയിച്ചിട്ടില്ല.
2017 ല്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെട്ട 29,000 അപകടങ്ങളാണ് രാജ്യത്തുണ്ടായത്.