2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംരംക്ഷിക്കപ്പെടേണ്ട ഭരണഘടന

കെ.ടി കുഞ്ഞിക്കണ്ണൻ

രാജ്യത്തിൻ്റെ ഭരണഘടനാമനഃസാക്ഷി ഉണരേണ്ടയിരിക്കുന്നു. ഭരണകൂട ഭീകരതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരേ ഭരണഘടനാമൂല്യങ്ങളും മനുഷ്യാവകാശ തത്വങ്ങളും ഉയർത്തി പിടിച്ച് പോരാടേണ്ട സന്ദർഭമാണിത്. മധ്യകാല ബ്രാഹ്മണ്യം സൃഷ്ടിച്ച ശൂദ്ര, മുസ് ലിം വിരോധത്തിൻ്റെ പ്രത്യയശാസ്ത്രത്തെ ഉയർത്തിപ്പിടിച്ച് ഹിന്ദുത്വവാദികളും കേന്ദ്ര സർക്കാരും ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും വിമർശകർക്കുമെതിരേ ഭീകരത അഴിച്ചുവിടുകയാണ്. വർണാശ്രമധർമ്മങ്ങൾക്കും കൊളോണിയൽ ശക്തികൾക്കുമെതിരായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യ ആധുനിക ദേശ രാഷ്ട്രമായി പരിവർത്തനപ്പെട്ടത്.

സുദീർഘമായ സാമ്രാജ്യത്വ വിരുദ്ധ സമരത്തിൻ്റെ ചരിത്രഗതിയിലൂടെയാണ് ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും അടിസ്ഥാനമാക്കിയുള്ള ഭരണഘടന രൂപപ്പെടുത്തിയത്. ദേശീയ സ്വാതന്ത്ര്യ സമരത്തിനു നേരെ മുഖം തിരിച്ചു നിന്നവരും ഇന്ത്യൻ ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവരും 1998ൽ അധികാരത്തിലുള്ളപ്പോൾ ഭരണഘടന മാറ്റാൻ റിവ്യു കമ്മിഷനെ നിയോഗിച്ചവരാണ് സംഘ്പരിവാർ. പൗരത്വ നിയമ ഭേദഗതിയും മുത്വലാഖ് നിരോധന നിയമവുമെല്ലാം മുസ് ലിം വിരുദ്ധമായ ഹിന്ദുത്വ വാദികളുടെ ഫാസിസ്റ്റ് നീക്കത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയെ രൂപപ്പെടുത്തിയ ചരിത്രത്തെയും ആശയങ്ങളെയും ഭരണഘടന തന്നെയും ഫലത്തിൽ ഇല്ലാതാക്കി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഹിംസാത്മക നീക്കങ്ങളാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ തുടർച്ചയെന്നോണമാണ് എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ, ജുഡിഷ്യൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വേട്ടയാടുന്നത്.
ജനാധിപത്യത്തിൻ്റെ എല്ലാ സ്തംഭങ്ങളെയും തങ്ങളുടെ ഹിന്ദുത്വ അജണ്ടക്കാവശ്യമായ രീതിയിൽ പരുവപ്പെടുത്തിയെടുത്തും ഭരണഘടനയെ നോക്കുകുത്തിയാക്കിയും മോദി സർക്കാർ രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യരാഷ്ട്ര ഘടനയെ തകർക്കുകയാണ്. വിദ്വേഷപ്രചാരണവും കലാപങ്ങളും അഴിച്ചുവിട്ട് ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കുകയാണ് സംഘ്പരിവാർ. ഇതിനെതിരായി നിലപാട് സ്വീകരിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് തുറുങ്കിലടക്കുന്നു. കെട്ടിച്ചമച്ച ഭീമാ കൊറോഗാവ് കേസിൽപ്പെടുത്തി വയോധികനും രോഗിയുമായ ഫാ. സ്റ്റാൻ സ്വാമി ചികിത്സ ലഭിക്കാതെ തടവറയിൽ വച്ച് മരിച്ചു. നിലിവിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദും മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറും ജയിലിലാണ്. മോദിക്കും അമിത് ഷാക്കും ഗുജറാത്ത് വംശഹത്യ കുറ്റവാളികൾക്കുമെതിരേ നിയമയുദ്ധം നടത്തിയതിൻ്റെ പ്രതികാര നടപടിയായി തന്നെ അറസ്റ്റിനെ കാണണം.

   

2002ൽ ഗുജറാത്തിലെ ഗുൽബർഗ ഹൗസിങ് കോളനിയിൽ ഇഹ്സാൻ ജാഫ്രിയും അഭയം തേടിയ 69 പേരെയും കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നടത്തിയ നിയമ പോരാട്ടങ്ങളെ സഹായിച്ചതാണ് അവർക്കെതിരായ കുറ്റം. കലാപത്തിന് പിന്നിലെ യഥാർഥ ഗൂഢാലോചനകളുടെ സത്യാവസ്ഥ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാകിയ ജാഫ്രി നൽകിയ പരാതി കഴമ്പില്ലാത്തതാണെന്നും വ്യാജ പ്രമാണങ്ങൾ ചമച്ച് നിലനിർത്തി പോന്നതാണെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സുപ്രിംകോടതി പൂർണമായി അംഗീകരിക്കുകയും തള്ളിക്കളയുകയുമാണുണ്ടായത്. സാകിയ ജാഫ്രിയുടെ നീതിക്ക് വേണ്ടിയുള്ള നിയമയുദ്ധത്തെ സഹായിക്കുകയാണ് ടീസ്റ്റയും സംഘവും ചെയ്തത്.
ഭരണഘടനയും മനുഷ്യാവകാശ തത്വങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിലൂടെ മാത്രമെ ഹിന്ദുത്വ വാദികൾക്കെതിരായ പ്രതിരോധത്തിൻ്റെ വിശാല മുന്നണി കെട്ടിപ്പടുക്കാനാവൂ. സ്വതന്ത്രപരമാധികാര ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നത് ഭരണഘടനാ മൂല്യങ്ങളാണ്. അതിനെതിരേ ദേശീയാധികാരം കൈയടക്കിയ ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണിയെ ഭരണഘടനയെ മുൻനിർത്തി തന്നെ പ്രതിരോധമുയർത്തണം.

1921ലെ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനി പൂർണ സ്വരാജ് പ്രമേയം കൊണ്ടുവരുന്നതിലൂടെയാണ് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിനെയും ഭരണഘടനയെയും സംബന്ധിച്ച ചർച്ചകൾ ദേശീയ പ്രസ്ഥാനത്തിൽ ഉയർന്നുവരുന്നത്. 1924ലെ നാഗ്പൂർ എ.ഐ.സി.സി സമ്മേളനത്തിൽ ബ്രിട്ടീഷ് പാർലമെൻ്റ് നിർമിക്കുന്ന ഇന്ത്യൻ ആക്റ്റുകളല്ല വേണ്ടത്, ഇന്ത്യക്കു വേണ്ടി സ്വതന്ത്രമായ നിയമങ്ങൾ നിർമിക്കണമെന്നും അതിനായി ഒരു ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്നും എം.എൻ റോയി ആവശ്യപ്പെട്ടു. ഇതുമുതലാണ് ഇന്ത്യൻ ഭരണഘടനാ നിർമാണത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. 1946-ലെ കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപീകരിച്ച ഭരണഘടനാ നിർമാണസഭയെയായിരുന്നു ഇന്ത്യൻ ഭരണഘടന രൂപവൽകരിക്കാനുള്ള ചുമതല ഏൽപ്പിച്ചത്‌. ഈ സഭ, 13 കമ്മിറ്റികൾ ചേർന്നതായിരുന്നു. സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തെരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങുകയാണുണ്ടായത്. സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ ഒമ്പതിന് നടന്നു. 1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചാണ് ഇന്നത്തെ ഭരണഘടനക്ക് രൂപം നൽകിയത്. ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു സഭയുടെ താൽകാലിക അധ്യക്ഷൻ. 1946 ഡിസംബർ 11ന് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സഭയുടെ നിയമോപദേഷ്ടാവ് ബി.എൻ റാവു ആയിരുന്നു.

29 ഓഗസ്റ്റ് 1947ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിങ്) കമ്മിറ്റി രൂപീകരിച്ചു. ബി.എൻ റാവു ആയിരുന്നു ഭരണഘടനാ ഉപദേശകനായിരുന്നത്. ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു. ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ നിലപാടുകൾ വീക്ഷണങ്ങൾ എല്ലാം അവതരിപ്പിക്കപ്പെട്ട ബൃഹത്തായ സംവാദം നടന്നു. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ചു.1949 നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിങ് കമ്മിറ്റി രൂപീകരിച്ച ഭരണഘടനാ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവയ്ക്കുന്നത് 1950 ജനുവരി 24നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും എട്ട് പട്ടികകളും മാത്രമാണ് ഉ ണ്ടായിരുന്നത്‌. നിലവിൽ 444ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌.

ഭരണഘടനാ അസംബ്ലി 1949 നവംബർ 26ന് ഭരണ ഘടനക്ക് അന്തിമരൂപം നൽകി അംഗീകരിച്ചതിൻ്റെ തൊട്ടു ദിവസമിറങ്ങിയ ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ ഭരണഘടന അംഗീകരിക്കാനാവില്ലെന്നും ഇന്ത്യക്ക് അഭികാമ്യമായ മനുവിൻ്റെ ദർശനങ്ങളെ അടിസ്ഥാനമാക്കാത്ത ഭരണഘടനയെ തള്ളിക്കളയുന്നുവെന്നുമാണ് എഡിറ്റോറിയലിൽ എഴുതിയത്. അവരാണ് ഭരണഘടനക്ക് മരണം വിധിക്കുന്ന നടപടികളിലൂടെ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യരാഷ്ട്ര ഘടനയെ അസ്ഥിരമാക്കാനുള്ള അധികാരപ്രയോഗങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.