ബെയ്ജിങ്
ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ മധ്യസ്ഥതയ്ക്ക് തയാറെന്നറിയിച്ച് ചൈന. ചൈനയും റഷ്യയും തമ്മിലെ സൗഹൃദം ഇപ്പോഴും ശക്തമാണെന്ന് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു.
അതിനിടെ, ഉക്രൈന്റെ ശക്തമായ പ്രതിരോധത്തിൽ റഷ്യൻ സൈന്യത്തിന് കനത്ത നാശം നേരിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. 11,000ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈൻ അവകാശപ്പെട്ടു. കിഴക്കൻ ഉക്രൈനിലെ റഷ്യൻ യുദ്ധപ്രഭുവും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡോണെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക് എന്ന് വിളിക്കപ്പെടുന്ന റഷ്യൻ പിന്തുണയുള്ള വിമത സൈനിക ഗ്രൂപ്പിന്റെ കേണൽ വ്ളാദിമിർ ആർട്ടെമോവിച്ച് സോഗയാണ് കൊല്ലപ്പെട്ടത്.
അതേസമയം റഷ്യ സിറിയൻ പോരാളികളെ ഉക്രൈനിൽ പോരാടാൻ ഇറക്കുമതി ചെയ്യുന്നതായി ഉക്രൈൻ ആരോപിച്ചു. ഒരാൾക്ക് 300 ഡോളർ വരെ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ട്്്.
യുദ്ധം ചെയ്ത് പരിചയസമ്പന്നരായതിനാലാണ് ഇവരെ ഇറക്കുമതി ചെയ്യുന്നത്. സിറിയൻ പോരാളികളിൽ ചിലർ ഇപ്പോൾ റഷ്യയിലുണ്ടെന്നും ബാക്കിയുള്ളവർ ഉടൻ എത്തിച്ചേരുമെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
Comments are closed for this post.