
മൊയ്തു അഴിയൂര്‍
ചില പ്രത്യേക പ്രദേശങ്ങളിലും പോക്കറ്റുകളിലുമുള്ളവരായിരുന്നു മുമ്പ് പുറംനാടുകളില്‍ പണിതേടി പോയിരുന്ന മുസ്്ലിംകളിലേറെയും. അധികവും മലബാറിലെ തീരദേശവാസികള്‍. പ്രാദേശികമായ അതിര്‍വരമ്പുകളൊന്നുമില്ലാതെ പ്രവാസത്തിന് സാര്‍വജനീനത്വം ലഭിക്കുന്നത് ഉള്‍ക്കടല്‍ തീരത്ത് പെട്രോഡോളറിന്റെ ഉറവ ഉണര്‍ന്നതോടെയാണ്. കേരളീയ സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പള്ളിമുക്രി മുതല്‍ അഞ്ചക്കസംഖ്യ മാസശമ്പളം പറ്റുന്ന കോളജ് പ്രഫസര്‍മാര്‍ വരെ.
ഒരു വെളിപാടുപോലെ ഓര്‍ക്കാപ്പുറത്ത് വന്നുചേര്‍ന്ന ഗള്‍ഫ് സമ്പന്നതയെ നിഷ്പക്ഷ നിരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ വിമര്‍ശകര്‍ പര്‍വതീകരിക്കുന്ന ഏക പരാതി അല്ലെങ്കില്‍ ന്യൂനത അത് പരമ്പരാഗത സാമ്പത്തിക മൂല്യബോധത്തിന് ക്ഷതമേല്‍പ്പിച്ചു എന്നത് മാത്രമാണ്. പൊതു ധാര്‍മികതയെ അശേഷം അലോസരപ്പെടുത്താത്ത വൃക്തിഗതമായ ആഡംബരങ്ങളും ദുര്‍വ്യയങ്ങളും പൊങ്ങച്ചവുമൊക്കെയാണ് ഇതിനായി അവര്‍ കണ്ടെത്തുന്ന ഗുരുതരമായ ആരോപണങ്ങള്‍.
നാടിന്റെ പുരോഗതിയില്‍ മുഖ്യ പങ്ക് വഹിക്കുന്നവരെന്ന നിലയില്‍ ആദരിക്കപ്പെടേണ്ട പ്രവാസി സമൂഹത്തിന് അവരര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും മാന്യതയും പൊതുസമൂഹമോ ഭരണകര്‍ത്താക്കളോ ഒരിക്കലും നല്‍കാറില്ലെന്നത് പരിതാപകരമായ ഒരു ദുഃഖസത്യമാണ്.
പരമ ദരിദ്രമായ ജീവിത ഇടങ്ങളില്‍ നിന്ന് സാമ്പത്തിക സൗഭാഗ്യത്തിന്റെ സുവര്‍ണ സിംഹാസനം നേടിയെടുത്ത ഒരുപാടുപേരുണ്ട് പ്രവാസികള്‍ക്കിടയില്‍. ശൂന്യതയില്‍ നിന്ന് ബിസിനസിന്റെ വന്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയവര്‍. നേടിയവരുടെ വിജയകഥകള്‍ വാഴ്ത്തി പാടുമ്പോള്‍ നാം നഷ്ടപ്പെട്ടവരുടെ വിഷാദവിലാപം വിസ്മരിക്കുന്നു. എത്തിപ്പിടിക്കാനുള്ള ആവേശത്തില്‍, വ്യഗ്രതയില്‍ നേട്ടങ്ങളുടെ ഏണിപ്പടികളില്‍ നിന്ന് കാലിടറിവീണ് വിലപ്പെട്ട ശിഷ്ടകാല ജീവിതം മരുഭൂമിയിലെ തീയലകള്‍ പൊട്ടിവിടരുന്ന തടവറകളില്‍ കരിഞ്ഞമര്‍ന്ന് പോയവരുണ്ട്. നില്‍ക്കക്കള്ളിയില്ലാതെവന്നപ്പോള്‍ നിലകളേറെയുള്ള കെട്ടിടമുകളില്‍ നിന്ന് എടുത്തുചാടി ജീവിതം ഉടച്ചവരുണ്ട്. സമ്പാദ്യങ്ങളൊന്നുമില്ലാതെ ചെറിയ ചില വലിയ മോഹങ്ങള്‍ മാത്രം സാക്ഷാല്‍ക്കരിച്ചവരാണ് മുക്കാല്‍പങ്കും. ഒരു വീട്. മക്കളുടെ വിവാഹം. പത്ത് സെന്റ് ഭൂമി. അങ്ങനെ കൊച്ചുകൊച്ചു സ്വപ്നങ്ങളില്‍ പ്രവാസമവസാനിപ്പിച്ചവര്.
അഞ്ചു പതിറ്റാണ്ട് നീണ്ടുനിന്ന, രണ്ട് തലമുറയുടെ സുദീര്‍ഘമായ പ്രവാസജീവിതത്തിന്റെ അന്ത്യദിനങ്ങളിതാ ഭീതിപ്പെടുത്തുന്ന ഭൂതമായി തൊട്ടടുത്ത് വന്നുനില്ക്കുന്നു. സമ്പദ്സമൃദ്ധിയുടെ വാഗ്ദത്ത ഭൂമിയിലെ വറ്റാത്ത നീരുറവ മെല്ലെമെല്ലെ മെലിഞ്ഞുണങ്ങിവരുന്നു. നിരാശാജനകമായ ഭയപ്പാടോടെ അത് ഉറ്റുനോക്കുന്നതിനിടയിലാണ് കൂനിന്മേല് കുരുവായി ഓര്‍ക്കാപ്പുറത്ത് മറ്റൊരു അഗ്നിപര്‍വതം പുകഞ്ഞു കത്തിയത്. മഹാമാരിയായി പെയ്തിറങ്ങിയ കൊവിഡിന്റെ ആഗമനം. ശരിക്കും, ഇടിവെട്ടിയവനെ പാമ്പ് കടിച്ചു.
ഗള്‍ഫിന്റെ മായിക കവാടങ്ങള്‍ പൂര്‍ണമായി അടയാന്‍ ഇനി മാത്രകള്‍ മാത്രമേ ബാക്കിയുള്ളൂ. വിമാനത്താവളങ്ങളിലെ ഗമനാഗമന വാതായനങ്ങള്ക്കരില് അല്പമൊരു നിരീക്ഷണ കൗതുകത്തോടെ ശ്രദ്ധിച്ചാല്‍ അറിയാം പോയകാലത്തെ അപേക്ഷിച്ച് പ്രവാസികളുടെ മുഖത്ത് വിരിയുന്ന നിരാശയുടെയും നിരാലംബതയുടെയും ആഴം.
അമ്പത് സംവത്സരങ്ങള്‍ക്കു മുമ്പുള്ള തലമുറയുടെ ജീവിതസ്വപ്നങ്ങളും സങ്കല്പങ്ങളും ആഗ്രഹാഭിലാഷങ്ങളുമല്ല ഇന്നത്തെ യുവത്വത്തിന്റേത്. ജീവിതത്തിന്റെ സമഗ്രമേഖലകളിലുമത് സാമ്പത്തികബന്ധിതമായി പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേരളീയന്റെ ശരാശരി ഭക്ഷ്യവിഭവ ശീലങ്ങളില്പോലും അറേബ്യന്‍ അഭിരുചികള്ക്കാണിപ്പോള് മുന്‍തൂക്കം. നാടിന്റെ പരമ്പരാഗത ജീവിതശൈലികള്‍ക്കും ഭക്ഷ്യ അഭിരുചികള്‍ക്കും ഗള്‍ഫ് സമ്പന്നത സൃഷ്ടിച്ച മാറ്റം അവിശ്വസനീയമാണ്. പൗരസ്ത്യ, പാശ്ചാത്യ ഭക്ഷ്യ അഭിരുചികളോടാണ് നമുക്കിന്ന് പഥ്യമേറെ. കാക്കമാരുടെ തീന്മേശയിലെ വിശിഷ്ടഭോജ്യങ്ങളായിരുന്ന ബിരിയാണിയും നെയ്ച്ചോറും അലീസയും മുട്ടമാലയുമൊക്കെ പട്ടികയിലെ ഒടുവിലത്തെ ഇനങ്ങളായി താഴേക്ക് കൂപ്പുകുത്തി. കുഴിമന്തി, കബ്സ, മജ്ബൂസ്, ഹൈദരാബാദി, ഫ്രൈഡ് റൈസ്. ഇവയൊക്കെയാണിപ്പോഴത്തെ ഒന്നാംനിരക്കാര്‍. ഉപവിഭവങ്ങളിലുമുണ്ട് സമൂല മാറ്റങ്ങള്‍. ഷവര്‍മ, തന്തൂരി, തിക്ക, കബാബ്, അല്‍ഫാം തുടങ്ങിയുള്ള ശിലായുഗ കാലത്തെ വേവിക്കാതെ ചുട്ടെടുത്ത മാംസങ്ങളാണേറെയിഷ്ടം.
ഗള്‍ഫ് പ്രവാസത്തിന്റെ പ്രാദേശികമായ കൂടിക്കലരല്‍ വരുന്നതിന് മുമ്പ് ചെറിയൊരു ഭൂപരിധിക്കുള്ളില്‍ പോലും വേഷത്തിലും വാമൊഴിയിലും വ്യത്യസ്ത വകഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണമായി മയ്യഴിയിലെ മുസ്്ലിം വനിതയുടെ വേഷമിതാണ്. അകംകാണുന്ന സുതാര്യമായ കൊള്ളി കമ്പിരിക്കത്തിന്റെ കുപ്പായം. അടിയില്‍ ചുകപ്പില്‍ വെള്ളപുള്ളികളുള്ള അടിക്കുപ്പായം. നിറയെ തത്തകൊക്കുകളുള്ള കസവിന്തട്ടം. തൂവെള്ള നിറമുള്ള എം.എസ് കമ്പനിക്കാരുടെ മുണ്ട്. ഇത് അഞ്ച് കിലോമീറ്റര്‍ കിഴക്കോട്ട് മാറി പെരിങ്ങത്തൂരിലെത്തുമ്പോള് മുണ്ട് ഇരുണ്ട നിറമുള്ള കിണ്ടനായി മാറുന്നു. കറുത്ത ഉറുമാലാണ് തട്ടം. കുപ്പായമോ കട്ടിയേറിയ കോട്ടണും. വേഷം, ഭാഷ, ഉപചാരം തുടങ്ങി സമസ്ത ജീവിതപരിസരങ്ങളെയും ഇത് ഗ്രസിച്ചിരിക്കുന്നു. നിശ്ചയമായും ഗള്‍ഫ് പ്രവാസത്തില്‍ നിന്നുണ്ടായ സാമ്പത്തിക ഔന്നത്യത്തില്‍ നിന്നുള്ള ഔദ്ധത്യത്തിന്റെ ഉപ ഉല്പ്പന്നങ്ങളാണിവയെല്ലാം.
ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് പതിയെ ചുവടുമാറ്റുമ്പോഴും നാം ഗള്‍ഫിനെയാണ് ഇന്നും ആശ്രയിക്കുന്നത്. ഓരോ മാസവും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാനായി ലക്ഷക്കണക്കിന് ദിര്‍ഹമുകളും ദീനാറുകളുമാണ് കേരളത്തിലെത്തുന്നത്. എന്നാല്‍ ആ ഉറവയില്‍ നിന്നുള്ള ഇന്ധനത്തിന്റെ ഒഴുക്ക് കുറഞ്ഞുവരുകയാണ്. സ്വദേശിവല്‍ക്കരണവും തൊഴിലവസരം കുറഞ്ഞതും മൂലം പ്രവാസം തുടരാനാവാതെ തിരിച്ചുവന്നവരുടെ, വരുന്നവരുടെ എണ്ണം അനുദിനം ദ്രുതഗതിയിലാണ് പെരുകുന്നത്. അതോടെ ദാരിദ്ര്യവും ഞെരുക്കവും പലവീടുകളിലും പെരുമ്പാമ്പിനെപ്പോലെ മെല്ലെമെല്ലെ ഇഴഞ്ഞെത്തി തുടങ്ങിയിരിക്കുന്നു.
സാമ്പത്തിക സുഭിക്ഷതയില്‍ ജീവിതം ഉത്സവമാക്കിയ പുതുതലമുറ ഈ വെല്ലുവിളിക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ പകച്ചുപോവുക സ്വാഭാവികം. വേറെയൊരു വിഭാഗം കൂടിയുണ്ട്. സ്വന്തം വേരുകളറിയാതെ, മാതാപിതാക്കള്‍ പെറ്റുവളര്‍ന്ന നാടിന്റെ ബന്ധവും ഗന്ധവുമറിയാതെ മരുഭൂമിയിലെ അനാഥത്വത്തില്‍ ജനിച്ചു വളര്‍ന്നൊരു തലമുറ. എന്നും ഒന്നും ഒരുപോലെയാവില്ലല്ലോ. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം. കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നാട് പതിയെ പിച്ചവച്ചു വരുകയാണ്. പ്രതിസന്ധികള്‍ നേരിടാനും പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനും നമുക്ക് ശ്രമിക്കാം. എനിക്കുശേഷം പ്രളയം എന്നൊന്നില്ലല്ലോ. കാതോര്‍ക്കാം പുതിയൊരു സൂര്യോദയത്തിന്, സുപ്രഭാതത്തിന്. കാലമിനിയുമുരുളും പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്ന്. നമുക്ക് പ്രതീക്ഷയോടെയിരിക്കാം.
(അവസാനിച്ചു)