2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാമക്ഷേത്രത്തിന് 70,000 രൂപ സംഭാവന നല്‍കിയില്ല, പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 70,000 രൂപ സംഭാവന നല്‍കാത്തതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രധാനാധ്യാപികയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു.

റാവു മെഹര്‍ചന്ദ് സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഹേമ ബജാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എല്ലാ വര്‍ഷവും സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പണ്‍ അക്കൗണ്ടിലേക്ക് 5,000 രൂപ അധ്യാപകരില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിക്കാറുണ്ടെന്നും ഇത്തവണ 15,000 രൂപ സമര്‍പ്പണ്‍ അക്കൗണ്ടിലേക്കും 70,000 രൂപ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടു.

പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റു ചില ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഹേമ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടിസയച്ചത്.

ഇത്രയും തുക നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് നല്‍കാതിരുന്നത്. പകരം പതിവുപോലെ 5,000 രൂപ നല്‍കി. രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. പിന്നാലെ ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ച് തന്നെ മാനസിമായി പീഡിപ്പിച്ചു. ഇതിനെതിരേ ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടു. തുടര്‍ന്ന് മറ്റ് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്നും ഹരജിയിലുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ മാത്രമേ സസ്‌പെന്‍ഡ് ചെയ്യാന്‍ പാടുള്ളൂ എന്ന ചട്ടവും പാലിച്ചില്ല. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും തടഞ്ഞുവച്ച ശമ്പളം പലിശ സഹിതം ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസ് ജസ്റ്റിസ് കാമേശ്വര്‍ റാവുവിന്റെ ബെഞ്ച് ഡിസംബര്‍ 17ന് പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.