2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉത്തര്‍ പ്രദേശില്‍ സംഭവിക്കുന്നത്

ബി.ജെ.പിയിൽനിന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ തന്നെ സ്വയം വിശേഷിപ്പിച്ചത്, യു.പിയിലെ ഏറ്റവും ഘ്രാണശക്തിയുള്ള രാഷ്ട്രീയ നേതാവായാണ്. രാഷ്ട്രീയ കാലാവസ്ഥ മുൻകൂർ മണത്തറിഞ്ഞ് ചേരി മാറുന്ന തന്റെ പൂർവകാലമാണ് അദ്ദേഹം തെളിവായി നിരത്തിയത്. ലോക്ദൾ, ജനത പാർട്ടി, ജനതാദൾ വഴി തുടങ്ങിയ രാഷ്ട്രീയം 2007 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അദ്ദേഹം ബി.എസ്.പിയിലേക്ക് മാറ്റി. ആ തെരഞ്ഞെടുപ്പിൽ മായാവതി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയുണ്ടായി. 2017 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിയിൽ ചേർന്നു. വർഷങ്ങൾക്ക് ശേഷം ബി.ജെ.പി അധികാരം പിടിച്ചു. 2022ൽ എസ്.പിയുമായി കൈകോർക്കുമ്പോൾ ചരിത്രമാവർത്തിക്കുമെന്ന് അദ്ദേഹം കരുതുന്നു.

സെൻ്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ (സി.എസ്.ഡി.എസ്) കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ ഉറച്ച വോട്ടുബാങ്കുള്ള പാർട്ടികൾ ബി.ജെ.പി, എസ്.പി, ബി.എസ്.പി എന്നിവയാണ്. 11% വരുന്ന ബ്രാഹ്മണ വോട്ടുകളുടെയും 7% വരുന്ന താക്കൂർ വോട്ടുകളുടെയും 3.5% വൈശ്യ വോട്ടുകളുടെയും 80% വിഹിതം ബി.ജെ.പി നേടി വരുന്നുണ്ട്. 11% വരുന്ന യാദവ ഇതര ദലിത് വോട്ടിന്റെ 50%വും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയത് ബി.ജെ.പിയായിരുന്നു. 9% വരുന്ന യാദവ വോട്ടിന്റെ 90%വും 20% വരുന്ന മുസ്ലിം വോട്ടിന്റെ 75% വും സമാജ് വാദി പാർട്ടി കൈയിലാക്കുന്നു. 11% വരുന്ന യാദവ-ദലിത് വോട്ടിന്റെ 95% ബി.എസ്.പി കുത്തകയാണ്. ഇത്തരത്തിൽ എളുപ്പത്തിൽ വിധി ഊഹിച്ചെടുക്കാവുന്ന 55-60 ശതമാനം കഴിഞ്ഞുള്ള 40-45 ശതമാനം വോട്ടുകളാണ് യു.പി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഈ വോട്ടുകളെ യാദവ ഇതര ഒ.ബി.സി വോട്ടുകളെന്ന് വിളിക്കാവുന്നതാണ്. 2014, 2017, 2019 തെരഞ്ഞെടുപ്പുകളിൽ ഈ വോട്ടിങ് ഘടനയിൽ ബി.ജെ.പി വലിയ കടന്നുകയറ്റം നടത്തിയിരുന്നു. അവർക്ക് വൻ വിജയവും ലഭിച്ചു. യോഗി ഭരണത്തോടുള്ള അതൃപ്തിയും കർഷക സമരവും ബി.ജെ.പിയുടെ യാദവ ഇതര ഒ.ബി.സി വോട്ടിങ് പിന്തുണയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

എങ്കിലും അഭിപ്രായ വോട്ടെടുപ്പുകളിൽ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഈ നിർണായക വിഭാഗത്തിലെ വ്യത്യസ്ത ജാതികളെ പ്രതിനിധീകരിക്കുന്ന മൂന്ന് മന്ത്രിമാരടക്കമുള്ള 14 എം.എൽ.എമാർ രാജി നൽകി ബി.ജെ.പിയെ പാഠം പഠിപ്പിക്കാനിറങ്ങുമ്പോൾ യു.പി പ്രവചനാതീതമാവുകയാണ്.തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും വനം പരിസ്ഥിതി മന്ത്രി ധാരാ സിങ് ചൗഹാന്റെയും ആയുഷ് മന്ത്രി ധരം സിങ് സൈനിയുടെയും നേതൃത്വത്തിൽ പതിനൊന്ന് എം.എൽ.എമാർ രാജിവച്ചതിന് കാരണമായി മുഴങ്ങി കേൾക്കുന്നത് യു.പിക്ക് ഏറെ കേട്ടു പരിചയമുള്ള സാമൂഹ്യനീതി എന്ന മുദ്രാവാക്യമാണ്. ദലിതരോടും പിന്നോക്ക ജനവിഭാഗങ്ങളോടും കർഷകരോടും ചെറുകിട ഇടത്തരം കച്ചവടക്കാരോടും തൊഴിൽ രഹിതരായ ചെറുപ്പക്കാരോടും യോഗി ഭരണകൂടം അന്യായം പുലർത്തി എന്ന് ഒരേ സ്വരത്തിലാണ് ഏവരും പറഞ്ഞത്. മൂന്നു മന്ത്രിമാർക്ക് പുറമെ എം.എൽ.എമാരായ രോഷൻലാൽ വർമ്മ, മുകേഷ് വർമ്മ, മാധുരി വർമ്മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ഷാക്യ, ബാല പ്രസാദ് അവസ്ഥി, അവതാർ സിങ് ബദാനെ, രാകേഷ് രാത്തോഡ്, രാധാ കിഷൻ ശർമ്മ, ദിഗ് വിജയ് നാരായൺ ചൗബെ എന്നിവരാണ് രാജി വച്ചത്. ഇതിനു പുറമെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്ന ദളിലെ ആർ.കെ.വർമ്മയും, ചൗധരി അമർ സിംഗും രാജി വെച്ചിട്ടുണ്ട്.

യാദവ ഇതര ഒ.ബി.സി
വോട്ടുബാങ്ക്

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി 40% വോട്ടുകൾ നേടുന്നത് ഒ.ബി.സി വോട്ടുകളിൽ കടന്നുകയറുന്നത് മൂലമാണ്. ബി.ജെ.പിയുടെ നൂറോളം എം.എൽ.എ ഈ വിഭാഗത്തിൽ നിന്നുളളവരാണ്. പക്ഷേ, പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഏറ്റവും വലിയ യാദവേതര ഒ.ബി.സി വിഭാഗം 5% വരുന്ന കുർമികളാണ്. മിർസാപൂർ, ബറേലി, സോനഭദ്ര, ഉന്നാവ്, ബാന്ദ തുടങ്ങി പതിനാറു ജില്ലകളിൽ ഈ സമുദായം നിർണായകമാണ്. രാജിവച്ചിറങ്ങിയ 4 എം.എൽ.എമാർ ഈ വിഭാഗത്തിലാണ്. കുർമി നേതാവ് അനു പ്രിയ പട്ടേലിന്റെ അപ്നാദൾ പാർട്ടി നിലവിൽ ബി.ജെ.പിയുമായി സഖ്യത്തിലാണ്. എന്നാൽ സ്വരച്ചേർച്ച കുറവാണ്.

ആറു ശതമാനം വരുന്ന മൗര്യ-ഖുശ്‌വാഹ ഇരട്ട ജാതിയിൽ മൗര്യകൾ കിഴക്കൻ യു.പിയിലെ ഗാസിപുർ, വാരണാസി, ബലിയ, ഖുശി നഗർ, ജാൻപൂർ എന്നിവിടങ്ങളിലും ഖുശ് വാഹ മധ്യ യു.പിയിലെ ഇറ്റാവ, മെയിൻ പുരി, ഇറ്റ, ജലാൻ, ഝാൻസി തുടങ്ങി മേഖലയിലും ബുന്ദേൽ ഗഡിലും ശക്തമായ സാന്നിധ്യമാണ്. ബാബു സിങ് ഖുശ് വാഹ നയിക്കുന്ന ജന അധികാർ പാർട്ടിയും കേശവദാസ മൗര്യ നയിക്കുന്ന മഹാൻ ദളും എസ്.പിയുമായി സഖ്യത്തിലാണ്. രാജി നൽകി ഇറങ്ങിയ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഈ വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നേതാവാണ്. ഈ വോട്ടുകളിൽ എസ്.പിക്ക് വലിയ പ്രതീക്ഷയുണ്ട്.

സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എന്ന എസ്.ബി.എസ്.പി 4% വരുന്ന രാജ്ഭറുകളെ പ്രതിനിധീകരിക്കുന്നു. 2017ൽ ബി.ജെ.പി സഖ്യകക്ഷിയായിരുന്നു. പാർട്ടി നേതാവായ ഓം പ്രകാശ് രാജ്ഭറിനെ 2019 ൽ യോഗി മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ അദ്ദേഹം ഭഗീരഥി സങ്കൽപ്പ മോർച്ച എന്ന പേരിൽ ചെറു പാർട്ടികളുടെ മുന്നണി രൂപീകരിച്ചിട്ടുണ്ട്. കിഴക്കൻ യു.പി.യിലെ 24 ജില്ലകളിലായി നൂറോളം സീറ്റുകളിൽ ശരാശരി 35000 രാജ്ഭർ വോട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗംഗാതടത്തിലെ മുക്കുവ വിഭാഗമായ നിഷാദ് 4% വരും. സഞ്ജയ് നിഷാദിന്റെ നിഷാദ് പാർട്ടിയും മുകേഷ് സാഹ്നിയുടെ വികാസ് ശിൽ ഇൻസാൻ പാർട്ടിയും ഗൊരഖ്പുർ, മഹാരാജ് ഗഞ്ച്, ഡോറിയ, മിർസാപൂർ, പ്രയാഗ് രാജ്, വരണാസി തുടങ്ങിയ ജില്ലകളിൽ വലിയ സാന്നിധ്യമാണ്. രാജിവച്ച ആയുഷ് മന്ത്രി ധരം സിങ് സെയ്‌നി ഈ വിഭാഗത്തിനെ ബി.ജെ.പിയുമായി അടുപ്പിക്കാൻ വലിയ പരിശ്രമങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടത്തിയിരുന്നു.

3.5% വീതം വരുന്ന ലോധുകളും ജാട്ടുകളും പല മണ്ഡലങ്ങളിലും നിർണായകമാണ്. സി.എസ്.ഡി.എസ് കണക്കുകൾ പ്രകാരം 2014ലും 2019 ലും യഥാക്രമം 77%, 91% കണക്കിൽ ജാട്ട് വോട്ടുകൾ ബി.ജെ.പിയിലേക്കൊഴുകി. 2013 ലെ മുസഫർ നഗർ കലാപം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റമാണിത്. 2012 ൽ കേവലം 7% ജാട്ട് വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചതായി അനുമാനിക്കപ്പെടുന്നത്. ഫെബ്രവരി 10ന് ആദ്യഘട്ട പോളിങ്ങ് നടക്കുന്ന 58 മണ്ഡലങ്ങൾ ജാട്ട് ശക്തി കേന്ദ്രങ്ങളാണ്. അവിടെ 22% മുസ്ലിം വോട്ടും 16% ദലിത് വോട്ടും നിർണ്ണായകമാണ്. കർഷക സമരത്തിന്റെ മുന്നണിപ്പോരാളികളായ ജാട്ടുകളുടെ പൊതുവികാരം ബി.ജെ.പിക്ക് എതിരാണ്. ജാട്ട് നേതാവ് ജയന്ത് ചൗധരി നയിക്കുന്ന രാഷ്ട്രീയ ലോക്ദളുമായി എസ്.പി സഖ്യം ചെയ്തിട്ടുണ്ട്.

താക്കൂർവാദ് – ബ്രാഹ്മിൺ-
കോൺഗ്രസ്.

ത്രിഭുവൻ നരേൻ സിങ്, വി.പി സിങ്, വീർ ബഹാദൂർ സിങ് എന്നിവർക്ക് ശേഷമുള്ള താക്കൂർ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. എണ്ണത്തിൽ 6% മാണെങ്കിലും ഭൂമിയുടെ 50%വും താക്കൂറുമാരിലാണ്. രാജ, മഹാരാജ, ജമീന്ദാർ, താലൂക്ക് ദാർ പദവികൾ വഴി പതിറ്റാണ്ടുകളായി അധികാരം അരക്കിട്ടുറപ്പിച്ച താക്കൂർ വിഭാഗത്തിന്റെ സമഗ്രാധിപത്യമായി യോഗി ഭരണം വിലയിരുത്തപ്പെടുന്നു. ഹത്രാസ്, ഉന്നാവ് പീഡനക്കേസുകളിലടക്കം പ്രതികളായ താക്കൂറുമാർക്കായി യു.പി പൊലിസ് ഏറെ പഴി കേൾപ്പിച്ചു. അധികാര കൈകടത്തുകളിൽ പിന്തള്ളപ്പെട്ടെന്ന തോന്നൽ 11% വരുന്ന ബ്രാഹ്മണരിൽ ശക്തമായുണ്ട്. ബി.ജെ.പിയിലെ സമാദരണീയനായ ബ്രാഹ്മണ നേതാവ് ശിവ പ്രതാപ് ശുക്ല 2002 ൽ ഗൊരഖ്പൂർ സദർ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഹിന്ദുമഹാസഭയുടെ രാധാ മോഹൻദാസ അഗർവാളിനെ ജയിപ്പിക്കാൻ യോഗി പരസ്യമായി ഇറങ്ങിയിരുന്നു. 2017ൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ വിജയിച്ച ബി.ജെ.പി പിന്നീട് യോഗിയെ അവരോധിച്ചതിൽ ബ്രാഹ്മണനേതാക്കൾക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. വികാസ് ദുബെയടക്കമുള്ള ക്രിമിനലുകളുടെ എൻകൗണ്ടറും ഭരണത്തിലെ താക്കൂർ ആധിപത്യവും അവരുടെ എതിർപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്.

മുസ്ലിം- ബ്രാഹ്മിൺ- ദലിത് വോട്ടിന്റെ കുത്തക ഏറെക്കാലം കോൺഗ്രസിനായിരുന്നു. ഒരു വിഭാഗം മുസ്ലിം വോട്ടുകളോടൊപ്പം ബ്രാഹ്മിൺ വോട്ടുകളും കോൺഗ്രസിനെ തേടിയെത്തുന്നതിന്റെ പ്രബല സൂചനകളുണ്ട്. പുരോഗമനപരവും സ്ത്രീ പക്ഷവുമായ സ്ഥാനാർഥി നിര കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. പത്ത് ശതമാനം വരെയുള്ള നിക്ഷ്പക്ഷ വോട്ടർമാരെയും പുതുതലമുറയെയും ഇതാകർഷിക്കാൻ ഇടയുണ്ട്.

കേവല ഭൂരിപക്ഷത്തിന് 202 സീറ്റുകൾ ആവശ്യമുള്ള യു.പി നിയമസഭയിൽ മിക്ക അഭിപ്രായ വോട്ടെടുപ്പുകളും ബി.ജെ.പിക്ക് കുറഞ്ഞത് 225 സീറ്റുകൾ പ്രവചിച്ചിട്ടുണ്ട്. എന്നാൽ യാദവേതര ഒ.ബി.സി വോട്ടിലെ ചാഞ്ചാട്ടം യു.പിയിലെ അന്തിമഫലം നിർണയിക്കും. 2017ലും 2019ലും വിവിധ ഒ.ബി.സി ഹിന്ദു ജാതികളെ ബി.ജെ.പിക്ക് അനുകൂലമാക്കിയ വൻ നേതൃനിര എസ്.പിയിലും സഖ്യകക്ഷികളിലും ചേക്കേറുകയാണ്. അഭിപ്രായ വോട്ടെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സംഭവ വികാസമാണിത്. മൗര്യ -ഖുശ്വാഹ ഏതാണ്ട് പൂർണമായും ജാട്ടും രാജ്ഭറും ഗണ്യമായ തോതിലും ബി.ജെ.പിയെ കൈയൊഴിഞ്ഞു. കുർമ്മി, നിഷാദ്, ലോധ, ലോനിയ രാജപുത്, വിഭാഗങ്ങളിലെയും വോട്ടുകൾ വിഭജിക്കപ്പെടും. യു.പിയുടെ അവസാന ബ്രാഹ്മിൺ മുഖ്യമന്ത്രി കോൺഗ്രസിലെ എൻ.ഡി തിവാരിയാണ്. വോട്ട് വാങ്ങുകയല്ലാതെ തങ്ങൾക്ക് അധികാരം വിട്ടുനൽകാൻ ബി.ജെ.പി നാളിതുവരെ തയാറായിട്ടില്ലെന്നത് ബ്രാഹ്മിൺ സമുദായത്തിനിടയിലെ ചർച്ചയാണ്. ബ്രാഹ്മിൺ വോട്ടിന്റെ നാലിലൊന്നെങ്കിലും ബി.ജെപിയെ വിട്ടകലുന്ന പക്ഷം യു.പിയിൽ പുതിയ ഭരണരൂപീകരണമുണ്ടാകാനിടയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.