2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുല്ലപ്പെരിയാര്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു; കുറയാതെ ജലനിരപ്പ്

നാലുഘട്ടമായി തുറന്നത് 6 ഷട്ടറുകള്‍
 ഒഴുക്കുന്നത് സെക്കന്റില്‍ 84,243 ലിറ്റര്‍ വെള്ളം

 

സ്വന്തം ലേഖകന്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. സെക്കന്റില്‍ 84,243 ലിറ്റര്‍ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് പെരിയാറില്‍ ഒരടിയോളം ജലനിരപ്പുയര്‍ന്നു.
സ്പില്‍വേ ഷട്ടര്‍ തുറന്ന വെള്ളിയാഴ്ച രാവിലെ 138.75 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 11 ന് 138.95 അടിയിലെത്തി. രാത്രി വൈകിയും ഇതു മാറ്റമില്ലാതെ തുടരുകയാണ്.
വനമേഖലയില്‍ കനത്ത മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
സെക്കന്റില്‍ 5314 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് 2340 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ രണ്ട് ഷട്ടറുകളും രാത്രി 9ന് ഒരു ഷട്ടറും ഉയര്‍ത്തി. സെക്കന്റില്‍ 825 ഘനയടി വെള്ളമാണ് ഈ സമയത്ത് ഒഴുക്കിവിട്ടത്. തമിഴ്‌നാട് റൂള്‍ കര്‍വ് പാലിക്കുന്നില്ലെന്ന കാര്യം മേല്‍നോട്ട സമിതിയെ കേരളം അറിയിച്ചതിനെ തുടര്‍ന്നാണിത്.

എന്നിട്ടും ജലനിരപ്പു കുറയാതെ വന്നതോടെ ഇന്നലെ രാവിലെ 11 ന് മൂന്ന് ഷട്ടറുകളും 30 സെ.മീ. അധികമായി ഉയര്‍ത്തി വെള്ളമൊഴുക്ക് 1675 ഘനയടിയായി ഉയര്‍ത്തി. വൈകിട്ട് 4 ന് മൂന്ന് ഷട്ടറുകള്‍ കൂടി 50 സെ.മീ. വീതം ഉയര്‍ത്തി 2975 ഘനയടിയായി തുറന്നുവിടുന്ന വെള്ളം കൂട്ടി. ഇതോടെ പെരിയാറില്‍ പലയിടത്തും ഒരടിവരെ ജലനിരപ്പുയര്‍ന്നു.

പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തേക്കടിയില്‍ ഉന്നതതല യോഗവും ചേര്‍ന്നു.

നിരീക്ഷണം ശക്തമാക്കും;
ബോട്ട് വാങ്ങും

മുല്ലപ്പെരിയാറില്‍ കേരളം നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ നിയമിക്കും. നിരീക്ഷണം നടത്താന്‍ ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങും. ആഴ്ച തോറും നിരീക്ഷണം നടത്താന്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.