തിരുവനന്തപുരം
സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ ഹൈക്കമാൻഡിന് പരാതി നൽകാനുള്ള നീക്കത്തിൽനിന്ന് കെ.പി.സി.സി നേതൃത്വം പിന്മാറി.
യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസിലെ നിലവിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്ന വിധത്തിൽ മുതിർന്ന നേതാക്കൾക്കെതിരേ നേതൃത്വം പരസ്യമായി രംഗത്തുവരുന്നത് മുന്നണിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മറ്റു ഘടകകക്ഷികൾ ഇടപെട്ടതോടെയാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തൽക്കാലം ഹൈക്കമാൻഡിനെ സമീപിക്കേണ്ടെന്ന ധാരണയിലെത്തിയത്.
കൂടാതെ മുതിർന്ന നേതാക്കൾക്കെതിരേ ഔദ്യോഗിക നേതൃത്വം പരാതി നൽകുന്നത് തിരിച്ചടിയാകുമെന്നും നേതൃത്വം മനസ്സിലാക്കി.
ഗ്രൂപ്പുകളുടെ സമ്മർദം അതിജീവിക്കാൻ പുതിയ നേതൃത്വത്തിനായില്ലെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
തങ്ങളുടെ അതൃപ്തി ഗ്രൂപ്പുകാർ കഴിഞ്ഞയാഴ്ച ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കേരള വിഷയങ്ങൾ ഡൽഹിയിലെത്തിച്ച് ചർച്ചയാക്കണമെന്ന താൽപര്യമാണ് ഗ്രൂപ്പുകൾക്കുള്ളത്.
ഇതിനിടയിലേക്ക് നേതൃത്വവും പരാതിയുമായെത്തിയാൽ അത്തരത്തിലൊരു ചർച്ചയ്ക്ക് കളമൊരുക്കലാവും അത്. ഈ സാഹചര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ ഉയർത്തുന്ന നീക്കങ്ങളെ തന്ത്രപൂർവം നേരിട്ട് മുന്നോട്ടുപോകുകയാവും ഉചിതമെന്നും നേതൃത്വം ധാരണയിലെത്തുകയായിരുന്നു.
അതേസമയം, യോജിച്ച സന്ദർഭത്തിൽ കേരളത്തിലെ പ്രശ്‌നങ്ങൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ധരിപ്പിക്കാനും നേതൃത്വം തീരുമാനിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് യോഗത്തിൽ നഗരത്തിലുണ്ടായിട്ടും പങ്കെടുക്കാതിരുന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നടപടി ഇരുവർക്കുമെതിരായ കുറ്റപത്രമായി അവതരിപ്പിച്ച് ഹൈക്കമാൻഡിനെ സമീപിക്കാനായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ ആലോചന. ഇവർ മുന്നണി യോഗത്തിൽനിന്ന് വിട്ടുനിന്നതിൽ മറ്റു ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾ മുന്നണിയിലേക്കെത്തിക്കുന്നതിൽ അതൃപ്തിയുണ്ടെങ്കിലും അതു പുറത്തേക്കു വലിച്ചിഴച്ച് കൂടുതൽ വഷളാക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്.
യു.ഡി.എഫ് യോഗത്തിനു ശേഷം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും സംസാരിച്ചിരുന്നു.
Comments are closed for this post.