2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

വർഗീയധ്രുവീകരണം പ്രചാരണായുധമാകുന്ന ഗുജറാത്ത്

ആർ.കെ.ബി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. പതിവുപോലെ തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂ
ലമാക്കുന്നതിനുവേണ്ടി വർഗീയ ധ്രുവീകരണത്തിനുള്ള എല്ലാ ആയുധങ്ങളും ബി.ജെ.പി പരീക്ഷിക്കുകയാണ്. രാജ്യത്തിന് തന്നെ അപമാനകരമായ ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക് കടുത്ത ആഘാതം ഏൽപ്പിച്ച 2002ലെ ഗുജറാത്ത് കലാപമാണ് ഇപ്പോൾ ബി.ജെ.പി പൊടിതട്ടിയെടുത്തിരിക്കുന്നത്.
ന്യൂനപക്ഷ വംശഹത്യ എന്ന പേരിൽപോലും കുപ്രസിദ്ധമായ ഗുജറാത്ത് കലാപം, അതിൻ്റെ ഓർമകൾ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ട് വർഗീയ വിഷം പ്രചരിപ്പിക്കാൻ നേതൃത്വം നൽകുന്നത് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രി തന്നെയാണ്. കലാപത്തിനിടയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ വെറുതെവിടാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഗുജറാത്തിലെ പൊതുസമൂഹത്തിനിടയിൽ വലിയ പ്രതിഷേധം ഉയരുമ്പോൾ അതിനെ വർഗീയ ചേരിതിരിവിലൂടെ മറികടക്കുന്നതിനും രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയായ അമിത് ഷാ ശ്രമിക്കുകയാണ്. ‘കോൺഗ്രസ് ഭരണകാലത്ത് അവരുടെ പിന്തുണയോടെ ഗുജറാത്തിൽ വ്യാപക വർഗീയ ലഹളകളാണ് നടന്നിരുന്നതെന്നും എന്നാൽ 2002ൽ കലാപകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവരെല്ലാം ആ പണി നിർത്തിയെന്നുമാണ്’ അദ്ദേഹം പറഞ്ഞത്. ഖേദ ജില്ലയിലെ മഹുധയിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. കലാപത്തിനുശേഷം രണ്ടു പതിറ്റാണ്ടുകാലം ഗുജറാത്തിലെ പ്രാദേശിക ബി.ജെ.പി നേതാക്കൾ ആക്രോശിച്ചിരുന്നത് ഇപ്പോൾ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിതന്നെ നേരിട്ട് വിളിച്ചുപറയുകയാണ്. നവംബർ 22ന് ബനസ്‌കന്തയിൽ നടന്ന റാലിക്കിടയിലും വെള്ളിയാഴ്ച ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടന്ന പൊതുയോഗങ്ങളിൽ അമിത് ഷാ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചിരുന്നു.

ആസൂത്രിത വംശഹത്യ

സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും രൂക്ഷമായ കലാപമാണ് 2002ൽ ഗുജറാത്തിലുണ്ടായത്. ഗോധ്ര തീവണ്ടി തീവയ്പ്പിനെത്തുടർന്നാണ് ഗുജറാത്തിൽ കലാപം കത്തിപ്പടർന്നത്. മാരകായുധങ്ങളുമായി തെരുവിലിറങ്ങിയ വർഗീയഭ്രാന്തന്മാർ മനുഷ്യനെ വെട്ടിനുറുക്കുകയും പച്ചക്ക് ചുട്ടുകൊല്ലുകയും ചെയ്ത, മനുഷ്യത്വം വിറങ്ങലിച്ചുനിന്ന ഭീകരതയുടെ നാളുകളായിരുന്നു തുടർന്നുണ്ടായത്. ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓർമകൾ അവതരിപ്പിക്കുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ ടീസ്ത സെതൽവാദിന്റെ ‘Foot Soldier of the Constitution: A Memoir’ എന്ന പുസ്തകത്തിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കലാപത്തിൻ്റെ വിശദാംശങ്ങൾ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന് കാരണമായ അണിയറ നാടകങ്ങളിൽ ഒന്നായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇങ്ങനെ; ‘ദുഃഖകരമായ ഗോധ്ര കൂട്ടക്കൊലയിലെ ഇരകളുടെ പോസ്റ്റുമോർട്ടം തുറസായ റെയിൽ യാർഡിൽവച്ച് ആരോഗ്യമന്ത്രിയായിരുന്ന അശോക് ഭട്ടിൻ്റെയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിലായിരുന്നു നടന്നത്. മിക്ക അന്വേഷണങ്ങളിലും ഇക്കാര്യം വ്യക്തമായിരുന്നു. ഇരകളുടെ ശവശരീരങ്ങൾ അഹമ്മദാബാദിൽ എത്തിച്ചത് ധാരാളം മോട്ടാർവാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരുന്നു. സമചിത്തത തൊട്ടുതീണ്ടാത്ത വി.എച്ച്.പിയുടെ ഗുജറാത്തിലെ സെക്രട്ടറിക്കാണ് അവ കൈമാറിയത്. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയതലങ്ങളിലെടുത്ത തീരുമാനത്താലാണ് വി.എച്ച്.പിക്ക് കൈമാറിയത്.
ഇതിനെതിരേ അന്ന് അഹമ്മദാബാദ് പൊലിസ് കമ്മിഷണറായിരുന്ന പി.സി പാണ്ഡേ പോലും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു’. തുടർന്ന് സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദോടുകൂടിയാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. ബന്ദിനും തുടർന്നുള്ള ദിവസങ്ങളിലും നടന്ന മുഴുവൻ അതിക്രമങ്ങൾക്കും ഭരണകൂടം ഒത്താശ ചെയ്തിരുന്നു. കലാപ സമയത്ത് ഇൻ്റലിജൻസ് വിഭാഗം മേധാവിയായിരുന്ന മലയാളിയായ ആർ.ബി ശ്രീകുമാർ സർക്കാർ ഏജൻസികളുടെ പങ്കാളിത്തം ആരോപിച്ച് നാനാവതി കമ്മിഷനിൽ നിരവധി സത്യവാങ്മൂലങ്ങൾ നൽകിയിരുന്നു.
ഗുജറാത്ത് കലാപത്തിൽ ബി.ജെ.പി നേതാക്കന്മാരുടെ പങ്കാളിത്തം അടിവരയിട്ട് പറയുന്നതാണ് നരോദപാട്യ കേസ്. നരോദപാട്യയിൽ 95 പേരുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട മുൻ ഗുജറാത്ത് മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന മായ കോട്‌നാനി പ്രതിഭാഗം സാക്ഷിയായതിനാൽ കോടതി അമിത് ഷാക്ക് സമൻസ് അയച്ചിരുന്നു. നരോദപാട്യ കൂട്ടക്കൊല മുഖ്യ ആസൂത്രകയാണ് മായാ കോട്‌നാനി. 30 പുരുഷൻമാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാപാട്യയിൽ കൊല്ലപ്പെട്ടത്. ഇതുപോലെ കലാപത്തിൽ ബി.ജെ.പി നേതാക്കൻമാരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.
ധ്രുവീകരണമെന്ന തന്ത്രം

സമീപകാലത്ത് ഇന്ത്യയിൽ നടന്ന മിക്കവാറും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ അവസാന ഘട്ടത്തിൽ വളരെ ബോധപൂർവം ബി.ജെ.പി നേതാക്കൻമാർ വർഗീയ വിഷയങ്ങൾ പ്രചാരണ രംഗത്തേക്ക് കൊണ്ടുവരികയാണ്. 27 വർഷമായി അധികാരത്തിലിരിക്കുന്ന ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ വളരെ ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. ഇത്തവണ 150 സീറ്റുകൾക്ക് മുകളിൽ നേടുമെന്നായിരുന്നു പ്രഖ്യാപനങ്ങൾ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നക്കം തികയ്ക്കാൻ കഴിയാതെപോയത് അവർക്ക് കനത്ത തിരിച്ചടിയായിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരവും പട്ടേൽ പ്രക്ഷോഭവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ബി.ജെ.പിക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയേൽക്കുന്നത് ഒരുതരത്തിലും പാർട്ടിക്ക് ചിന്തിക്കാൻ കഴിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി അവസാന ലാപ്പിൽ കടുത്ത വർഗീയ പ്രചാരണമാണ് നടത്തിയത്. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ പാകിസ്താനിൽ പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രിതന്നെ വർഗീയ പ്രചാരണങ്ങൾ നടക്കുകയുണ്ടായി. കോൺഗ്രസ് നേതാവായിരുന്ന അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസും പാകിസ്താനും ഗൂഢാലോചന നടത്തി എന്നുപോലും അമിത് ഷാ പറയുകയുണ്ടായി തെരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയ ധ്രുവീകരണമായിരുന്നു ഇതിൻ്റെ ലക്ഷ്യം.

ബി.ജെ.പിക്ക് വെല്ലുവിളി

ഇത്തവണയും ബി.ജെ.പി വലിയ വെല്ലുവിളിയാണ് ഗുജറാത്തിൽ നേരിടുന്നത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ആദ്യം പ്രതീക്ഷിച്ചതിനപ്പുറം കോൺഗ്രസ് മുന്നേറുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിലൊക്കെ അവർ പ്രതിരോധത്തിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസിന് ആധിപത്യമുള്ള ഗ്രാമീണമേഖലകൾ ഇത്തവണയും പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സൗരാഷ്ട്ര മേഖലയിലെ പട്ടേൽ വിഭാഗങ്ങൾ പൂർണമായും ബി.ജെ.പിയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വർഗീയതയുമായി അമിത്ഷാ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്രമോദിയെക്കാൾ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അഭിമാന വിഷയമായി എടുത്തിരിക്കുന്നത് അമിത് ഷായാണ്. തുടർന്നുള്ള ദിവസങ്ങളിലും ഇതിനേക്കാൾ രൂക്ഷമായ വർഗീയ വാക്കുകൾ അമിത് ഷായിൽനിന്ന് ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.