2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

അട്ടപ്പാടിയുടെ ചോരയൂറ്റുന്ന ഉദ്യോഗസ്ഥ അട്ടകൾ


രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമാണ് കേരളമെന്ന നീതി ആയോഗ് റിപ്പോർട്ട് സ്വന്തം സർക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായിയും യു.എഡി.എഫ് സർക്കാരിന്റെ കാലത്തെ നേട്ടമാണ് രേഖപ്പെടുത്തിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞ് പരസ്പരം മത്സരിച്ച അതേ ദിവസമാണ് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവ് മൂലം മരിച്ച ആദിവാസി ശിശുക്കളെക്കുറിച്ചുള്ള വാർത്തയും പുറത്തുവന്നത്. നാല് ദിവസത്തിനുള്ളിൽ അഞ്ചു പിഞ്ചുപൈതങ്ങളാണ് പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയിൽ മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ 12 കുരുന്നുകൾ ശരിയായ ഭക്ഷണം കിട്ടാതെ മരണത്തിനു കീഴടങ്ങി. ദാരിദ്ര്യം തുടച്ചുനീക്കിയെന്ന് മേന്മ നടിക്കുന്ന സംസ്ഥാന ഭരണകൂട അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇത്തരം മരണങ്ങൾ വിളിച്ചുപറയുന്നത്. 2013 മുതൽ 2021 വരെയുള്ള കാലയളവിൽ പോഷകാഹാരം ലഭിക്കാതെ ആറ് മാതൃമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, ഇതൊന്നും ശരിയായ കണക്കായിരിക്കില്ല. പുറംലോകം അറിയാതെ പോയ എത്രയോ ആദിവാസി കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഈ കാലയളവിൽ മരിച്ചിരിക്കാം.

ആദിവാസികളെ പരിപോഷിപ്പിക്കാൻ ക്ഷേമ പദ്ധതികൾ അനവധിയാണ്. അതിന്റെ ഗുണഫലങ്ങളൊന്നും അവർക്ക് കിട്ടുന്നില്ലെന്ന് മാത്രം. ശിശുക്കളുടെ മരണവാർത്തയറിഞ്ഞ് അട്ടപ്പാടിയിലെ ഊരിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണനും പരോക്ഷമായി ഈ യാഥാർഥ്യം സമ്മതിക്കുന്നുണ്ട്. “1996ൽ താൻ ഇവിടം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഇന്നും അട്ടപ്പാടിയിലുള്ളതെന്നാണ് ” അദ്ദേഹം പറഞ്ഞത്. അതിന്റെ അർഥം ആദിവാസി ക്ഷേമ പദ്ധതികൾക്കായി നീക്കിവയ്ക്കുന്ന കോടികളൊന്നും അവർക്കെത്തുന്നില്ല എന്നതു തന്നെ. കഴിഞ്ഞ ഒരു വർഷത്തിനിടെ അട്ടപ്പാടിക്കു വേണ്ടി 16 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. അതിന്റെ ഒരംശമെങ്കിലും 194 ഊരുകളിൽ കഴിയുന്ന 32,000ത്തിലധികമുള്ള അട്ടപ്പാടിയിലെ ആദിവാസികൾക്കു വേണ്ടി ചെലവാക്കിയിരുന്നെങ്കിൽ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന അവകാശവാദത്തിനു മേലെ ശിശുമരണങ്ങൾ കരിനിഴൽ വീഴ്ത്തുമായിരുന്നില്ല.
ആദിവാസി ക്ഷേമ പദ്ധതികൾക്കായി അനുവദിക്കുന്ന കോടികൾ എങ്ങോട്ടാണ് പോകുന്നത് ? ഇതു സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പിനോ, കൃഷി വകുപ്പിനോ സർക്കാരിനോ ഒരു വിവരവുമില്ല. ആദിവാസി ക്ഷേമത്തിനായി അനുവദിക്കപ്പെടുന്ന കോടികൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കീശ വീർപ്പിക്കൽ പദ്ധതിയായി തുടരുന്നിടത്തോളം ആദിവാസി ഊരുകളിലെ പട്ടിണിമരണങ്ങളും അരിവാൾ രോഗം പോലുള്ള മാരകരോഗങ്ങളും അവസാനിക്കാൻ പോകുന്നില്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും എൻ.ജി.ഒകളെയും ഉദ്യോഗസ്ഥരെയും ആദിവാസി ക്ഷേമ പദ്ധതികളിൽനിന്ന് മാറ്റിനിർത്തുകയാണ് വേണ്ടത്.

2012-13 കാലത്താണ് അട്ടപ്പാടിയിലെ ശിശുമരണം ആദ്യമായി പുറത്തുവന്നത്. 2015ൽ ഇതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തുവന്നു. ഒരു വ്യത്യാസവുമില്ലാതെ അതിപ്പോഴും തുടരുന്നു. എല്ലാ നിലയിലും അപരവൽക്കരിക്കപ്പെട്ടതിന്റെ ഇരകളാണ് ആദിവാസികൾ. അവരുടെ പ്രശ്നങ്ങളെ അവരുടെ കാഴ്ചപ്പാടിലൂടെ മനസിലാക്കാൻ ശ്രമിക്കാതെ കോടികളുടെ പദ്ധതികൾ നടപ്പിലാക്കുന്നതു വഴി അഴിമതിക്കാരായ ഉദ്യോഗസ്ഥ കൂട്ടായ്മയാണ് തഴച്ചുവളരുന്നത്. 24 വകുപ്പുകൾ അട്ടപ്പാടിയിലെ ആദിവാസികളുടെ ഉൽക്കർഷത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം കൂടി കോടികൾ വീതിച്ചെടുക്കുകയാണോ?

ആദിവാസി ഭൂമിതർക്കത്തിൽ പലപ്പോഴും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് അധികൃതരും പൊലിസും എടുക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ പതിവുശൈലിയിൽ പൊലിസിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അട്ടപ്പാടിയിലെ വട്ട്ലുക്കി ഊരിൽ കഴിഞ്ഞ മാസം അതിരാവിലെ പൊലിസ് ഊരുമൂപ്പനെയും മകനെയും മർദിച്ചത് ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ. ആർക്കു വേണ്ടിയായിരുന്നു ഈ പൊലിസ് ആക്രമണം. 1982-83ൽ ആദിവാസികളുടെ 55 ഏക്കർഭൂമി കൈയേറിയ വിദ്യാധിരാജ ട്രസ്റ്റിനു വേണ്ടിയായിരുന്നില്ലേ ഈ പൊലിസ് ആക്രമണം. അതിന്റെ തുടർനടപടികൾ എന്തായി? 1975ലെ ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരം ആദിവാസി ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നതിനു വിലക്കുള്ള കാലമാണിതെന്ന് പൊലിസ് ഓർക്കാതെ പോയതാണോ? അക്രമത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയും ഈ നിയമം അറിയാതെ പോയി.
ആദിവാസികളിൽ വലിയൊരു വിഭാഗം ഇപ്പോഴും സ്വന്തമായി ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത അവസ്ഥയിലാണ്. ടാർപോളിൻ ഷീറ്റ് കെട്ടിയ കുടിലുകളിലാണ് അവർ അന്തിയുറങ്ങുന്നത്. അവരുടെ ഭൂമി തട്ടിയെടുക്കുന്ന വ്യാജ ട്രസ്റ്റുകളെ ആരും തടയുന്നില്ല. കള്ളപ്രമാണങ്ങൾ ചമച്ച് ആദിവാസി ഭൂമി തട്ടിപ്പറിക്കാൻ ആധാരമെഴുത്തുകാർ വരെ കൂട്ടുനിൽക്കുന്നു. സ്വന്തം ഭൂമിക്കും പിറന്ന മണ്ണിൽ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പൊരുതേണ്ട അവസ്ഥയാണ് ഇന്ന് ആദിവാസികൾക്കുള്ളത്. മറ്റുള്ളവരെപ്പോലെ തന്നെ അഞ്ചുലക്ഷം വരുന്ന ആദിവാസികൾക്കുമുണ്ട് അവകാശങ്ങൾ. വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ അവകാശങ്ങളെല്ലാം കവർന്നെടുക്കപ്പെടുകയാണ്. ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ.

ആദിവാസികളുടെ സ്വാഭാവിക ജീവിതരീതിയാണ് ഭൂമാഫിയകളും എൻ.ജി.ഒകളും കള്ളന്മാരായ ഉദ്യോഗസ്ഥരും ചേർന്ന് നശിപ്പിച്ചത്. ആദിവാസികളുടെ 10,213 ഏക്കർ ഭൂമാഫിയ കൈയേറിയിട്ടുണ്ട്. ഭൂമി തിരിച്ചുപിടിച്ച് ആദിവാസികൾക്ക് നൽകണമെന്നത് ഹൈക്കോടതി ഉത്തരവിട്ടതാണ്. ഇതുവരെ ഒരു സെന്റ് ഭൂമി പോലും സർക്കാർ തിരിച്ചുപിടിച്ചില്ല. അഞ്ചു ലക്ഷം ആദിവാസികളിൽ 25,000 പേർ ഭിന്നശേഷിക്കാരാണ്. അവർക്കായി ഭരണകൂടങ്ങൾ എന്താണ് ചെയ്തത്. അവർക്കുകൂടി അനുവദിക്കുന്ന ഫണ്ടുകളാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് തട്ടിയെടുക്കുന്നത്.
കോൺട്രാക്ടർമാർക്ക് കരാർ നൽകിയാൽ, അവർ നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും തൊഴിൽ ഉപകരണങ്ങളും നൽകി ആദിവാസികളെ വഞ്ചിക്കുന്നു. ട്രസ്റ്റുകളുടെ പേരിൽ, എൻ.ജി.ഒകളുടെ പേരിൽ ആദിവാസി വീടുകൾക്കായും സാമൂഹ്യക്ഷേമ പദ്ധതികൾക്കായും ആരോഗ്യ പരിപോഷണത്തിനായും വേറെയും കോടികൾ തട്ടുന്നു. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് വിവിധ വകുപ്പുകളിലെ അഴിമതിവീരന്മാരായ ഉദ്യോഗസ്ഥരും. കോടികൾ തട്ടുന്ന കള്ളന്മാരായ ഉദ്യോഗസ്ഥരെയും എൻ.ജി.ഒകളെയും ട്രസ്റ്റുകളെയും ഒഴിവാക്കാതെ ആദിവാസികൾക്കു വേണ്ടി ഭരണകൂടങ്ങൾ നടത്തുന്ന അവലോകന യോഗങ്ങളും വാഗ്ദാനങ്ങളും വ്യർഥമാവുകയേയുള്ളു. ഒഴുക്കുന്നത് മുതലക്കണ്ണീരായി അവശേഷിക്കുകയും ചെയ്യും. രോഗവും മരണങ്ങളും കണ്ണീരും ഏറ്റുവാങ്ങുന്ന ആദിവാസികൾ തുടർക്കഥയുമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.