ന്യൂയോർക്ക്
സമൂഹമാധ്യമ ഭീമൻ ഫേസ്ബുക്കിനെതിരേ 15,000 കോടി ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മ്യാന്മറിലെ റോഹിംഗ്യൻ അഭയാർഥികൾ. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് നടപടി. കാലിഫോർണിയ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് ഉപയോഗം വിദ്വേഷ പ്രചാരണത്തിലും അക്രമം ആളിക്കത്തിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നതായി 2018ൽ യു.എൻ മനുഷ്യാവകാശ അന്വേഷകർ വ്യക്തമാക്കിയിരുന്നു. ആ വർഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിൽ റോഹിംഗ്യൻ വംശജരും അല്ലാത്തവരുമായ മുസ് ലിംകളെ ആക്രമിക്കുന്ന ഫോട്ടോകളും അവർക്കെതിരായ കമൻ്റുകളും അടങ്ങിയ 1000ത്തോളം പോസ്റ്റുകൾ കണ്ടെത്തി. ഇവയെല്ലാം ബർമീസ് ഭാഷയിലായിരുന്നു. മുസ് ലിംകളെ ബലാത്സംഗികളും ഭീകരരുമായി ചിത്രീകരിച്ച പോസ്റ്റുകൾ അവരെ വെടിവച്ചു കൊല്ലാൻ ആഹ്വാനം ചെയ്യുന്നവയായിരുന്നു.
മ്യാന്മറിലെ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണവും തടയുന്നതിനു വേഗം കുറഞ്ഞതായി ഫേസ്ബുക്ക് നേരത്തെ സമ്മതിച്ചിരുന്നു. പിന്നീട് ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയോടെ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പട്ടാളത്തിൻ്റെ അക്കൗണ്ടുകൾ നീക്കം ചെയ്തതായി കമ്പനി അറിയിച്ചിരുന്നു.
Comments are closed for this post.