2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ആരായിരിക്കാം മരണത്തിന്റെ വ്യാപാരി?


കൊവിഡ് വ്യാപനം അതിതീവ്രമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ചേർന്ന അവലോകന യോഗം ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗമാണു തീരുമാനമെടുത്തത്. നാളെയും അടുത്ത ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കാൻ പോകുന്നത്. ജില്ലകളെ എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ തരംതിരിക്കുക.

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിലാണുള്ളത്. അതനുസരിച്ച് അവിടെ പൊതുപരിപാടി പാടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ പത്തു ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികളായിരിക്കുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ചവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് 21ലെത്തിയപ്പോൾ ഇരട്ടിയായിരിക്കുന്നു. സാമൂഹിക സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ പൊതുപരിപാടികളൊന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം. ഇതായിരുന്നില്ല രണ്ടാഴ്ച മുമ്പുവരെ ആ ജില്ലയുടെ അവസ്ഥ. ഈ കാലത്ത് സി.പി.എം ജില്ലാ സമ്മേളനം അവിടെ നടന്നു. അതിനു ശേഷമാണ് കൊവിഡ് അതിവ്യാപനമുണ്ടായത്. സമ്മേളന സംഘാടകരും മുന്നണിയിലുണ്ടായിരുന്ന ജില്ലാ നേതാക്കളിൽ പലരും കൊവിഡ് ബാധിതരായി. സമ്മേളനത്തിൽ സംബന്ധിച്ച മന്ത്രിമാർ വരെ കൊവിഡ് ബാധിച്ചു കിടപ്പിലായി. 35 ക്ലസ്റ്ററാണ് ജില്ലയിൽ രൂപപ്പെട്ടത്. അതിലൊന്ന് സി.പി.എം ജില്ലാ സമ്മേളനം നടന്ന പാറശാലയാണ്. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിര കൊവിഡ് നിയന്ത്രണങ്ങളോടുള്ള പരസ്യ വെല്ലുവിളിയായി. തിരുവനന്തപുരം ജില്ലയിൽ ഒരു പൊതുപരിപാടിയും നടത്തരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവു ലംഘിച്ചായിരുന്നു സമ്മേളനം. മെഗാ തിരുവാതിരക്കെതിരേ പല കോണുകളിൽനിന്നും രൂക്ഷമായ പ്രതിഷേധമുയർന്നപ്പോൾ സി.പി.എം നേതാക്കൾ പിലോത്തോസിന്റെ കുപ്പായമണിഞ്ഞു. ആ രക്തത്തിൽ തങ്ങൾക്കു പങ്കില്ലെന്നു കൈകഴുകി. ചെയ്തത് മോശമായെന്നു ചില സി.പി.എം നേതാക്കൾ പശ്ചാത്തപിച്ചു.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇനിയുള്ള ജില്ലാ സമ്മേളനങ്ങൾ മാറ്റിവയ്ക്കുമെന്നു പൊതുസമൂഹം കരുതി. എന്നാൽ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോടതി ഇടപെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച സമ്മേളനങ്ങൾ വെട്ടിച്ചുരുക്കുകയായിരുന്നു. വിചിത്രമാണ് സി.പി.എമ്മിന്റെ നിലപാട്. ഒരു ഭാഗത്ത് സി.പി.എം സമുന്നത നേതാവു കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൊവിഡ് അവലോകനയോഗം ചേർന്നു നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിക്കുക. അതേ മുഖ്യമന്ത്രിയുടെ പാർട്ടി നിയന്ത്രണങ്ങൾ പൊളിച്ചടുക്കുക. ഇതാണോ വൈരുധ്യാധിഷ്ഠിത ഭൗതികവാദം.
നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ലാ സമ്മേളനങ്ങൾ നടത്താൻ കഴിയില്ലെന്ന് മനസിലാക്കിയാകണം നിയന്ത്രണങ്ങൾ തന്നെ വേണ്ടെന്ന് കാസർകോട് ജില്ലാ കലക്ടറെക്കൊണ്ട് പാർട്ടി തീരുമാനമെടുപ്പിച്ചിട്ടുണ്ടാവുക. ഇനി കാസർകോട്ടും കൊവിഡ് അതി തീവ്രവ്യാപനത്തിനു താമസമുണ്ടാവില്ല. കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടികൾ വെട്ടിച്ചുരുക്കിയെന്നാണ് സംഘാടകർ പറയുന്നത്. ജനുവരി 15, 16, 17 തിയതികളിൽ 23 ശതമാനം മാത്രമായിരുന്നു കാസർകോട് ജില്ലയിലെ ടി.പി.ആർ നിരക്ക്. ഇന്നത് 29.3 ശതമാനം കടന്നിരിക്കുകയാണ്. സി.പി.എം ജില്ലാ സമ്മേളനവും കൂടി കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ ? എന്തിനായിരിക്കാം കാസർകോട് ജില്ലാ കലക്ടർ എല്ലാ പൊതുപരിപാടികൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ടാവുക? സമ്മർദം മൂലമല്ല കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെതെന്നാണ് ജില്ലാ കലക്ടർ നൽകുന്ന വിശദീകരണം. സാധാരണക്കാരെ ഓർത്തിട്ടാണത്രെ നിയന്ത്രണം പിൻവലിച്ചത്. സാധാരണക്കാരുടെ സുരക്ഷ ഓർത്തിട്ടാണെങ്കിൽ നിയന്ത്രണം കടുപ്പിക്കുകയല്ലേ വേണ്ടത്?

   

തൃശൂർ ജില്ലാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നത് ഇൻഡോർ സ്റ്റേഡിയത്തിലാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇന്ന് അവസാനിക്കുന്ന സമ്മേളനത്തിൽ 500റിലധികം പേർക്ക് ഇരിക്കാവുന്ന സ്ഥലത്ത് 175 പേർ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. സമ്മേളനാനന്തരം, വാർത്തകൾ പുറത്തുവരുമ്പോൾ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയൂ. 175 പ്രതിനിധികൾക്കു പുറമെ 11 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റു മേൽകമ്മിറ്റിയിൽ നിന്നുള്ള അംഗങ്ങളും പുറമെ വളണ്ടിയർമാരും പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടത്തുന്നതെന്നുള്ള തൃശൂർ ജില്ലാ സി.പി.എം കമ്മിറ്റിയുടെ അവകാശവാദം ഇവിടുത്തെ കൊവിഡ് അതിവ്യാപനത്തെ ആശ്രയിച്ചിരിക്കും.
സി.പി.എം ജില്ലാ സമ്മേളനം തുടങ്ങുന്നതിനു മുമ്പുള്ള ദിവസം തൃശൂർ ജില്ലയിൽ 2,622 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. 30 ശതമാനത്തിനു മുകളിലാണിപ്പോൾ ജില്ലയിലെ ടി.പി.ആർ നിരക്ക്. 28 ക്ലസ്റ്ററുകളും ഇതുവരെ രൂപപ്പെട്ടിട്ടുണ്ട്. സമ്മേളനത്തിനു ശേഷം ഇതിലെല്ലാം ഒരു കുതിച്ചു കയറ്റം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ല. കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗും ഇന്ത്യൻ നാഷനൽ കോൺഗ്രസും അവരുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ സി.പി.എം ഭരിക്കുന്ന സംസ്ഥാനത്ത് ഒരു വശത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് തീരുമാനങ്ങൾ ഭരണതലത്തിൽ എടുക്കുമ്പോൾ പാർട്ടിതലത്തിൽ അത്തരം നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി ജില്ലാ സമ്മേളനങ്ങൾ പൊടിപൊടിക്കുന്നു.

മുമ്പ് കേരളത്തിൽ ഒരുദിനം കൊവിഡ് രോഗികളുടെ എണ്ണം ആയിരം പിന്നിട്ടപ്പോൾ സി.പി.എം നേതാക്കളും സൈബർ അനുയായികളും അന്നു ബോധപൂർവം സൃഷ്ടിച്ചെടുത്ത് പ്രതിപക്ഷത്തിനു നേരെ ഉന്നയിച്ച പദപ്രയോഗത്തെ കുറിച്ച് ആലോചിക്കാം. എന്നാൽ, ശരിക്കും ഇപ്പോൾ ആരായിരിക്കാം മരണത്തിന്റെ വ്യാപാരികൾ?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.