
ബി.ജെ.പിയിൽനിന്ന് രാജിവച്ച ദരാ സിങ് ചൗഹാനും എസ്.പിയിൽ ചേർന്നു
ലഖ്നൗ
ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, യു.പിയിൽ ബി.ജെ.പിയെ വലച്ച് വീണ്ടും കൂടുമാറ്റം. അടുത്തിടെ യോഗി മന്ത്രിസഭയിൽനിന്നു രാജിവച്ച മുതിർന്ന ബി.ജെ.പി നേതാവ് ദരാ സിങ് ചൗഹാൻ ഇന്നലെ സമാജ് വാദി പാർട്ടിയിൽ ചേർന്നു.
2017ൽ സബ്കാ സാത്, സബ്കാ വികാസ് മുദ്രാവാക്യമുയർത്തി യു.പിയിൽ വോട്ടുനേടിയ ബി.ജെ.പി, എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുന്നതിനു പകരം ചിലരെ മാത്രം ഏകപക്ഷീയമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെന്ന് ദരാ സിങ് ചൗഹാൻ പറഞ്ഞു. പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സമാജ് വാദി പാർട്ടിയിലേക്ക് സ്വീകരിച്ചു. അപ്നാ ദൾ എം.എൽ.എയായിരുന്ന ആർ.കെ വർമയും ഇന്നലെ സമാജ് വാദി പാർട്ടിയിൽ ചേർന്നു. യു.പിയിൽ പിന്നോക്ക, ദലിത് വിഭാഗങ്ങൾ ഒരുമിച്ചുനിന്ന് മാറ്റം കൊണ്ടുവരുമെന്നും അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമെന്നും ദരാ സിങ് ചൗഹാൻ പ്രതികരിച്ചു. യോഗി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ദരാ സിങ് ചൗഹാൻ, പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം രാജിവച്ചിരുന്നത്. മന്ത്രിമാരായിരുന്ന സ്വാമിപ്രസാദ് മൗര്യയും ധരംസിങ് സൈനിയും മറ്റ് ആറ് എം.എൽ.എമാരും നേരത്തെ തന്നെ രാജിവച്ച് എസ്.പിയിൽ ചേർന്നിരുന്നു. അതേസമയം, ബി.ജെ.പി വിട്ട് മറ്റു പാർട്ടികളിൽ ചേർന്നവരെ നിശിതമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. പാർട്ടി വിട്ടവരെ കലാപകാരികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.