2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് അധ്യാപക സംഘടന

   

തിരുവനന്തപുരം
വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ അധ്യാപകസംഘടനകൾ രംഗത്ത്.
വാക്‌സിനെടുക്കാത്തവർ എല്ലാ മേഖലയിലുമുണ്ടെന്നും അയ്യായിരത്തോളം അധ്യാപകർ വാക്‌സിനെടുത്തില്ല എന്നത് പഴയ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും കോൺഗ്രസ് അനുകൂലസംഘടനയായ കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി സി. പ്രദീപ് പറഞ്ഞു. വാക്‌സിനെടുക്കാത്തവരുടെ പേര് പുറത്തുവിടാതെ അധ്യാപകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പറയുന്ന കണക്ക് കള്ളമാണെന്ന് മുസ്‌ലിം ലീഗ് അധ്യാപക സംഘടന കെ.എസ്.ടി.യു സെക്രട്ടറി പി.കെ അസീസ് പറഞ്ഞു.
മാറിനിൽക്കുന്നവർക്ക് ബോധവൽക്കരണം നൽകുമെന്നും അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തണമെന്നും അസീസ് വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർതീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ വ്യക്തമാക്കി.
നിരവധി അധ്യാപകർ വാക്‌സിനെടുക്കാതെ സ്‌കൂളുകളിലേക്ക് വരുന്നുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ഡി ശിവരാജൻ പറഞ്ഞു.
അതേസമയം, വാക്‌സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന് വ്യക്തതയില്ലെന്ന ആക്ഷേപം ശക്തമായി. ആരോഗ്യ, മതപരമായ കാരണങ്ങളാൽ അയ്യായിരത്തോളം അധ്യാപകർ വാക്‌സിനെടുത്തിട്ടില്ലെന്നും ഇവർക്കെതിരേ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നുമാണ് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞദിവസം പ്രസ്താവിച്ചത്.

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം സംബന്ധിച്ച് സംശയമുയർന്നതോടെ വിദ്യാഭ്യാസവകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മതപരമായ കാരണങ്ങൾ ഉയർത്തി വാക്‌സിനെതിരേ ഒരു കേന്ദ്രങ്ങളിൽനിന്നും പരസ്യമായി പ്രചാരണം ഉണ്ടായിരുന്നില്ല.
എന്നാൽ മതപരമായ കാരണങ്ങളാൽ വാക്‌സിനെടുക്കാത്ത അധ്യാപകരുണ്ടെന്ന മന്ത്രിയുടെ പരാമർശം വർഗീയപ്രചാരണത്തിനും കാരണമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.