മരണം 17 ആയി
ന്യൂഡൽഹി
നാഗാലാൻഡിലെ മോൺ ജില്ലയിൽ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തിൽ സൈന്യത്തെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. പാർലമെൻ്റിലായിരുന്നു ഷായുടെ വിശദീകരണം.
സൈന്യം വെടിവയ്പ്പിന് നിർബന്ധിതരായതാണെന്ന് പാർലമെൻ്റിൻ്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനകളിൽ ഷാ പറഞ്ഞു. തീവ്രവാദികളുടെ നീക്കം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് 21 കമാൻഡോകൾ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെയെത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ടുപോയി. തുടർന്ന് വാഹനത്തിൽ തീവ്രവാദികളാണെന്ന സംശയത്തിൽ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന് മനസിലായി. പരുക്കേറ്റ രണ്ടുപേരെ സൈന്യം തന്നെയാണ് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാൽ, സംഭവത്തെ തുടർന്ന് ഗ്രാമീണർ സൈനികകേന്ദ്രം വളയുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയുമുണ്ടായി. തുടർന്ന് ആത്മരക്ഷാർഥമാണ് സൈന്യം വെടിവച്ചത്.
സംഭവദിവസം വൈകിട്ട് ജനക്കൂട്ടം മോൺ സിറ്റിയിലെ അസം റൈഫിൾസ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ഗ്രാമീണരുടെ മരണത്തിൽ സർക്കാർ ആത്മാർഥമായ ഖേദം പ്രകടിപ്പിക്കുന്നതായും അമിത്ഷാ പറഞ്ഞു. വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രത്യേക സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും.
പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാവുന്ന അവസ്ഥയിലെത്തിയെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സുരക്ഷാസേനയെ ന്യായീകരിച്ച് രംഗത്തെത്തിയ ആഭ്യന്തര മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിലും രാജ്യസഭയിലും ബഹളംവച്ചു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കുകയുണ്ടായി.അതിനിടെ, െസെന്യം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 17 ആയി.
Comments are closed for this post.