2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

ബഫർസോണിൽ സംഭവിച്ചത് സർക്കാർ വീഴ്ച്ചകൾ


വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖലയായി (ബഫർ സോൺ) നിശ്ചയിച്ച തീരുമാനത്തിൽ സർക്കാർ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് ദിനന്തോറും ശക്തിയേറിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളൊന്നും ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുന്നതല്ല. അടുത്ത മാസം സുപ്രിംകോടതി ബഫർസോൺ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. സർക്കാരിന്റെ പക്കലുള്ള ഉപഗ്രഹസർവേ വ്യാപകമായ ആക്ഷേപങ്ങൾക്കിടവരുത്തിയ സാഹചര്യത്തിൽ ഈ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ചാൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം ആളിപ്പടർന്നേക്കാം.

ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച്, എല്ലാ കെട്ടിടങ്ങളും നിർമാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രിംകോടതിയിൽ കൊടുക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ ഇൗ കാര്യങ്ങൾ ചെയ്യൽ അസാധ്യമാണ്. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതിയോട് കൂടുതൽ സമയം ചോദിക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുമ്പിലുള്ള ഏക പോംവഴി. ഇത് സംബന്ധിച്ച് സുപ്രിംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവികാര്യങ്ങൾ. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന അതീവ ഗുരുതരമായ ഒരു പ്രശ്‌നം സർക്കാർ, പ്രത്യേകിച്ച് വനം വകുപ്പ് ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തതിന്റെ അനന്തരഫലമാണിപ്പോൾ ഭരണകൂടം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പരിസ്ഥിതിലോല മേഖലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന എത്രയും വേഗം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി കൃത്യമായ സ്ഥല പരിശോധന നടത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസമിതിയും തീരുമാനിച്ചിട്ടുണ്ട്. തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ നിയോഗിച്ചത് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗാനന്തരമായിരുന്നില്ല. ഏക്കർകണക്കിന് കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്നത് ഇല്ലാതാക്കാൻ നേരിട്ടുള്ള പരിശോധനക്ക് വളരെ മുമ്പ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. നാല് പ്രാവശ്യം യോഗം ചേർന്നതല്ലാതെ ഈ സമിതി നേരിട്ടുള്ള സ്ഥല പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എപ്പോൾ നടത്തുമെന്നതിനെക്കുറിച്ചുള്ള ധാരണയും സമിതിക്ക് ഉണ്ടായിരുന്നില്ല.

ഗൂഗിൾ സഹായത്തോടെ വനം വകുപ്പ് തയാറാക്കിയ ഉപഗ്രഹ റിപ്പോർട്ടിനെതിരേ വ്യാപകമായി എതിർപ്പ് ഉണ്ടായതിനെ തുടർന്നായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ആ സമിതിയാണിപ്പോൾ കഴിഞ്ഞ ദിവസത്തെ യോഗാനന്തരം നേരിട്ടുള്ള റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുന്നത്. സർക്കാർ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം തന്നെയാണിപ്പോഴത്തെ ഭയാശങ്കകൾക്കിടവരുത്തിയതെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്.

ബഫർസോൺ വിഷയത്തിൽ തുടക്കം മുതൽ സർക്കാരിന വീഴ്ച്ചകളുണ്ടായതാണ് ഇപ്പോൾ നെട്ടോട്ടം ഓടേണ്ട അവസ്ഥയുണ്ടായത്. 2019ലെ മന്ത്രിസഭായോഗ തീരുമാനമായി ജനവാസമേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ രൂപീകരിക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. അതിന്റെ കോപ്പി കേന്ദ്ര സർക്കാരിനും സുപ്രിംകോടതിക്കും അയച്ചുകൊടുക്കുകയും ചെയ്തു. ഇവിടെ നിന്നാരംഭിക്കുന്നു സർക്കാരിന്റെ പാളിച്ചകൾ. വിവരങ്ങൾ ശേഖരിക്കാൻ ഉപഗ്രഹ സർവേ വേണമെന്നില്ല. എന്നിരിക്കെ, വനം വകുപ്പ് ഉപഗ്രഹ സർവേക്ക് ഏറ്റവും പഴഞ്ചൻ രീതി തുടരുന്ന ഏജൻസിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തി. സർവേ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് വന്ന് പത്ത് ദിവസം കഴിഞ്ഞാണ് വനം വകുപ്പ് വിഷയം ചർച്ച ചെയ്യാനൊരുങ്ങിയത്.

രാജ്യത്തെ എല്ലാ സംരക്ഷിത വനങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ കരുതൽ മേഖല കർശനമാക്കി 2022 ജൂൺ മൂന്നിനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കായി. കരുതൽ മേഖല ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് കുറവ് വരുത്തണമെന്നാണ് സംസ്ഥാന സർക്കാരുകളുടെ ആവശ്യമെങ്കിൽ അതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര എംപവേഡ് കമ്മിറ്റിയേയും വനം, പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാമെന്ന് സുപ്രിംകോടതി വിധിയിൽ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ ആരെയും സമീപിച്ചില്ല. കോടതി വിധി വന്നയുടനെ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കരുതൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് സുപ്രിംകോടതിയെ സമീപിക്കാമായിരുന്നു. അതും ഉണ്ടായില്ല. ഇപ്പോൾ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകും വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം ഭരണ പടിവാതിൽക്കൽ വന്ന് മുട്ടിയപ്പോഴാണ് സർക്കാരിന് ബോധോദയം ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതല യോഗം ചേർന്നത് അതിനാലായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.