2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

പ്ലാച്ചിമട: ഇരകൾക്ക് നഷ്ടപരിഹാരം നൽകണം


സ്ഥലവും ഫാക്ടറിയും മറ്റു വസ്തുക്കളും സർക്കാരിന് നൽകി ഇരകൾക്ക് നഷ്ടപരിഹാരം നൽകാതെ നാടുവിടാനുള്ള കൊക്കകോള കമ്പനിയുടെ നീക്കം അനുവദിക്കാനാവില്ല. ആദിവാസികൾ അടക്കമുള്ള വലിയ ജനതയുടെ വെള്ളം മുട്ടിച്ചവരാണ് കൊക്കകോള കമ്പനി. കൃഷിയും ഭൂമിയും കമ്പനി നശിപ്പിച്ചു. ഭൂഗർഭജലം മുഴുവൻ ഊറ്റിയെടുത്തു പ്രദേശത്തെ മരുഭൂമിയാക്കി. വിഷം കലർന്ന മണ്ണാണ് കമ്പനി ജനങ്ങൾക്കായി അവശേഷിപ്പിച്ചത്. പെറ്റുവീഴുന്ന കുഞ്ഞുങ്ങൾ വരെ നിത്യരോഗികളായാണ് ഈ മൃതഭൂമിയിലേക്ക് വരുന്നത്. കിണറുകളിലെ വെള്ളം ഇപ്പോഴും ഉപയോഗശൂന്യമായി നിലനിൽക്കുന്നു. കമ്പനി വിതറിയ വിഷം അത്രമേൽ മാരകമായിരുന്നു.

2000ൽ നായനാർ സർക്കാരിന്റെ ക്ഷണമനുസരിച്ചാണ് പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി ആരംഭിച്ചത്. വലിയ വാഗ്ദാനങ്ങൾ ചെയ്തായിരുന്നു പ്രവർത്തനം തുടങ്ങിയത്. വിദേശ നിക്ഷേപവും ധാരാളം തൊഴിലവസരങ്ങളും വികസനവും എത്തിക്കാമെന്നത് കമ്പനിയുടെ വാഗ്ദാനങ്ങളായിരുന്നു. ഒന്നും നടന്നില്ല. കമ്പനിയുടെ ശക്തമായ ജലമൂറ്റലിനെത്തുടർന്ന് പ്ലാച്ചിമട മരുഭൂമിയായിത്തീർന്നത് മാത്രം മിച്ചമായി. പുല്ലുപോലും കിളർക്കാതെ പ്രദേശം മൃതഭൂമിയായി. ഇതിനെതിരേ നാട്ടുകാർ ഒന്നടങ്കം നടത്തിയ സമരത്തെത്തുടർന്നാണ് 2004ൽ കമ്പനി പൂട്ടിയത്. പിന്നെയും പുതിയ പദ്ധതികളും വാഗ്ദാനങ്ങളുമായിവന്ന കമ്പനിയെ തുടർപ്രവർത്തനങ്ങൾക്ക് നാട്ടുകാർ അനുവദിച്ചില്ല. കിട്ടാനുള്ള നഷ്ടപരിഹാരം ലഭിക്കാതെ കമ്പനിയുടെ പ്രവർത്തനം അനുവദിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാർ രണ്ടാംഘട്ട സമരമാരംഭിച്ചത്. ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈവറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായുള്ള സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും കാർഷിക സേവന പദ്ധതികളും പ്ലാച്ചിമടയിൽ ആരംഭിക്കുമെന്നതായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതിനായി പെരുമാട്ടി പഞ്ചായത്തിനും സംസ്ഥാന സർക്കാരിനും പ്രൊജക്ട് റിപ്പോർട്ടും അപേക്ഷയും സമർപ്പിക്കുകയുണ്ടായി. ഇതിനെതിരേയും നാട്ടുകാർ ശക്തമായി രംഗത്തെത്തിയതോടെ കമ്പനി പിന്മാറി. സേവനപ്രവർത്തനങ്ങൾ മറയാക്കി പൂട്ടിപ്പോയ കമ്പനി വീണ്ടും തുറക്കാനുള്ള അടവാണ് നടക്കുന്നതെന്നും നഷ്ടപരിഹാരം നൽകാതെ ഒരു നീക്കവും അനുവദിക്കുകയില്ലെന്നുമുള്ള നാട്ടുകാരുടെ ഉറച്ച തീരുമാനത്തിനു മുമ്പിൽ പദ്ധതികളൊക്കെയും പാളി. സേവനപ്രവർത്തന സന്നദ്ധത നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണിപ്പോൾ സ്ഥലവും ഫാക്ടറിയും സർക്കാരിന് കൈമാറി നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ കമ്പനി ശ്രമിക്കുന്നത്.
ഒാഗസ്റ്റ് 15 മുതൽ പ്ലാച്ചിമട സമരസമിതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ടാംഘട്ട സമരത്തിലാണ്. ഇതിനിടയിലാണിപ്പോൾ പ്ലാച്ചിമടയിലെ 36.7 ഏക്കർ സ്ഥലവും 35,000 ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറിയും സർക്കാരിന് കൈമാറി സ്ഥലം വിടാനൊരുങ്ങുന്നത്.

സമരസമിതി നിയമനടപടികൾ ആരംഭിച്ചതോടെയായിരുന്നു 2004ൽ കമ്പനി പൂട്ടിയത്. കമ്പനിയിൽനിന്ന് നഷ്ടപരിഹാരം വാങ്ങിത്തരുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി ആക്ഷേപിക്കുന്നുണ്ട്. 216.26 കോടി നഷ്ടപരിഹാരം കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും നഷ്ടപരിഹാര ടൈബ്യൂണൽ രൂപീകരിക്കണമെന്നും സർക്കാർ നിയോഗിച്ച, അന്നത്തെ ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്തതാണ്. സർക്കാർ ഇത് അംഗീകരിച്ചു. നിയമസഭയിൽ ബിൽ പാസാക്കുകയും കേന്ദ്ര സർക്കാരിന് അയച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ കൊക്കകോള കേന്ദ്രസർക്കാരിലും സംസ്ഥാന സർക്കാരിലും ഇടപെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ നഷ്ടപരിഹാരത്തുക കൊടുക്കാതെ മരവിപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ ഫാക്ടറിയുടെ ഫെയർവാല്യൂ നിശ്ചയിച്ച് റിപ്പോർട്ട് അയച്ചിരിക്കുകയാണ്. നഷ്ടപരിഹാരം നൽകാതെ പ്ലാച്ചിമടയിൽനിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ കുതന്ത്രത്തിൽ സർക്കാർ വീഴരുത്. നേരത്തെ തീരുമാനിച്ച നഷ്ടപരിഹാരം ഇരകൾക്ക് വാങ്ങിക്കൊടുക്കാതെ കമ്പനിയുടെ ഒരു നിർദേശവും അപേക്ഷകളും സർക്കാർ അംഗീകരിക്കരുത്.

കൊക്കകോള പ്ലാന്റ് പ്രവർത്തിച്ചിരുന്ന പ്ലാച്ചിമടയിലെ 34 ഏക്കർ സ്ഥലത്താണ് വിവിധ സേവന പദ്ധതികൾ എന്ന രീതിയിൽ മൂന്ന് ഘട്ട പ്രവർത്തനങ്ങൾക്ക് കോള കമ്പനി സർക്കാരിനോട് അനുമതി ചോദിച്ചിരുന്നത്. ആരോഗ്യസംരക്ഷണ കേന്ദ്രം മുതൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ സെന്റർ വരെ കമ്പനിയുടെ വാഗ്ദാന പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഇത്തരം സാമൂഹ്യപ്രവർത്തന വാഗ്ദാനങ്ങൾ പൊള്ളയാണെന്നും ഉൽപാദനം ലാഭകരമായി തുടർന്നുകൊണ്ടുപോകാൻ നടത്തുന്ന അടവ് മാത്രമാണെന്നും അതൊരിക്കലും അനുവദിക്കുകയില്ലെന്നും നാട്ടുകാർ തീർപ്പുകൽപ്പിച്ചതിനെത്തുടർന്ന് അത്തരം പദ്ധതികൾ പാളിപ്പോവുകയായിരുന്നു. നാട്ടുകാരുടെ ഇഛാശക്തിക്ക് മുമ്പിൽ തോറ്റുപോയ ആഗോള ഭീമൻ കോർപറേറ്റ് കമ്പനി ഇപ്പോൾ അവസാന അടവ് എടുത്തിരിക്കുകയാണ്. ഫാക്ടറിയും സ്ഥലവും സർക്കാരിന് കൈമാറാനുള്ള സന്നദ്ധത ആ തന്ത്രത്തിന്റെ ഭാഗമാണ്.

കുടിവെള്ളവും കൃഷിയും ഭൂമിയും നഷ്ടപ്പെട്ട പ്ലാച്ചിമടയിലെ പാവങ്ങളായ മനുഷ്യർ കഴിഞ്ഞ ഇരുപത് വർഷമായി സമര മുഖത്താണ്. അവരുടെ നഷ്ടങ്ങൾക്ക് തുല്യമാകില്ല നിശ്ചയിക്കപ്പെട്ട നഷ്ടപരിഹാരത്തുക. അത് നൽകാതെ രക്ഷപ്പെടാൻ കോളക്കമ്പനി നടത്തുന്ന ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങരുത്. തുക ഈടാക്കിയതിനുശേഷം മാത്രമായിരിക്കണം കമ്പനിയിൽനിന്ന് സ്ഥലവും ഫാക്ടറിയും തിരികെവാങ്ങേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.