സ്വന്തം ലേഖകൻ
കണ്ണൂർ
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനും എ.ഐ.സി.സിയുടെ വിലക്ക്.
സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ശശി തരൂർ എം.പിയെയും സോണിയാഗാന്ധി നേരത്തെ വിലക്കിയിരുന്നു.
സെമിനാറിൽ പങ്കെടുക്കാൻ കെ.വി തോമസ് അനുമതി തേടിയെങ്കിലും മുൻ നിലപാടിൽ മാറ്റമില്ലെന്നാണ് എ.ഐ.സി.സി നേതൃത്വം അറിയിച്ചത്.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കുന്ന ദേശീയ സെമിനാറിലേക്കാണ് ഇരുവരെയും ക്ഷണിച്ചത്.
എന്നാൽ ഇതിനെതിരേ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്തുവരികയും ഉന്നത നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നതിൽ അണികൾക്ക് പ്രതിഷേധമുണ്ടെന്ന് എ.ഐ.സി.സിയെ അറിയിക്കുകയുമായിരുന്നു.
കെ.പി.സി.സി വിലക്ക് സംബന്ധിച്ച വിവരം ശശി തരൂരിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ കെ.വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
എല്ലാം എതിർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന കെ.വി തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും എം.വി ജയരാജൻ വ്യക്തമാക്കി. സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് എ.ഐ.സി.സിയുടെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് കെ.വി തോമസും പ്രതികരിച്ചു.
Comments are closed for this post.