
പഴയ പ്രതാപം സാന്‍ട്രോയിലൂടെ തിരിച്ചുപിടിക്കാന്‍ ഹ്യുണ്ടായ്. ഹ്യുണ്ടായ് സാന്‍ട്രോ (എ.എച്ച്2) കോംപാക്റ്റ് ഹാച്ച്ബാക്ക് കാറായാണ് പുനരവതരിപ്പിക്കുന്നത്. ഇതിന്റെ ഔദ്യോഗിക നാമം ഒക്ടോബര്‍ ഒന്‍പതിന് പ്രഖ്യാപിക്കും.
പേരിനായി നടക്കുന്ന മത്സരം സെപ്റ്റംബര്‍ 25 വരെയുണ്ട്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പേരായിരിക്കും ഉപയോഗിക്കുക. ഒക്ടോബര്‍ 23ന് വാഹനം പുറത്തിറക്കുകയും ചെയ്യും.
സാന്‍ട്രോ എന്ന പേരിനൊപ്പമായിരിക്കും മത്സരത്തില്‍ വിജയിക്കുന്ന പേരുകൂടി ചേര്‍ക്കുക.
കാറിന്റെ എക്റ്റീരിയര്‍ ഡിസൈന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും നിരവധി തവണ ടെസ്റ്റ് സമയത്ത് ദൃശ്യമായിരുന്നു. ഇയോണ്‍, ഗ്രാന്റ് ഐ10 എന്നിവയുടെ ഇടയിലായിരിക്കും സാന്‍ട്രോയുടെ സ്ഥാനം. മത്സരിക്കുന്നത് മാരുതി സുസുക്കി സിലേറിയോ, മാരുതി സുസുക്കി വാഗണ്‍ ആര്, ടാറ്റ തിയാഗോ എന്നിവയോടായിരിക്കും. വാഗണ്‍ ആറിന്റെ പുതിയ പതിപ്പും ഇറങ്ങാനിരിക്കുകയാണ്.
1997 ല്‍ അവതരിപ്പിച്ച പഴയ സാന്‍ട്രോ മാരുതി 800, ടാറ്റ ഇന്‍ഡിക്ക എന്നിവയോടായിരുന്നു മത്സരിച്ചിരുന്നത്. ഇന്ത്യയില്‍ ഹ്യുണ്ടായ് 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സാന്‍ട്രോ മിനുക്കിയെത്തുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഹ്യുണ്ടായിയുടെ ആദ്യ കാറും സാന്‍ട്രോ ആയിരുന്നു.
ഇന്ത്യയില്‍ വന്‍ മുന്നേറ്റം പദ്ധതിയിട്ടാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ഒരിക്കല്‍ കൂടി സാന്ട്രോയില് തുടങ്ങുന്നത്. 2020 ഓടെ ഇലക്ട്രിക്കല്‍ എസ്.യു.വി ഇറക്കാനാണ് ഉദ്ദേശം.
Comments are closed for this post.