
റിയാദ്: കാത്തിരിപ്പിനൊടുവില്‍ സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയുടെ വിമാനങ്ങള്‍ ഡിസംബര്‍ നാലിന് കരിപ്പൂരില്‍ പറന്നിറങ്ങും. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഊദിയ കരിപ്പൂരിലേക്ക് വീണ്ടും പറന്നെത്തുന്നത്.
ഇ കോഡ് വിമാനത്തില്‍ പെട്ട സഊദിയയുടെ ആദ്യ വിമാനം എസ്.വി 892 ഡിസംബര്‍ നാലിന് ചൊവ്വാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ട് എത്തിച്ചേരുന്നതോടെ സഊദിയിലെ മലബാര്‍ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. ഇതോടെ മലബാറിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കപ്പെടുന്നതോടൊപ്പം ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും ഏറെ സന്തോഷവും ആഹ്ലാദവും പകരുന്നതാണ് പുതിയ സര്‍വ്വീസുകള്‍.
കൊച്ചിയിലേക്കുള്ള പകുതി സര്‍വിസുകള്‍ വെട്ടിക്കുറച്ചാണ് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്നത്. ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്നും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദില്‍ നിന്നുമായി ആദ്യ ഘട്ടത്തില്‍ അഞ്ച് സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും, രണ്ടെണ്ണം റിയാദില്‍ നിന്നുമായി ദിവസവും ഓരോ വിമാനം വീതമാണ് ഷെഡ്യൂള്‍ ചെയ്യുന്നത്.
മാര്‍ച്ചില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടു കൂടി കരിപ്പൂരിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പുകള്. തിരുവനന്തപുരം സര്‍വീസുകള്‍ മാര്‍ച്ച് 30 വരേ തുടരാന്‍ അനുമതി ലഭിച്ചതിനാല്‍ അതുവരേ നിലവിലുള്ള ഷെഡ്യൂള്‍ തുടരും.
നിലവില്‍ കരിപ്പൂര്‍ അടക്കം ഒമ്പത് വിമാനത്താവളങ്ങളിലേക്കാണ് സഊദി എയര്‍ലൈന്‍സ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. മൂന്ന് മാസം മുമ്പു തന്നെ കരിപ്പൂര്‍ സര്‍വീസിന് ഡി.ജി.സി.എ അനുമതി നല്‍കിയിരുന്നുവെങ്കിലും, തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഒരുമിച്ച് സര്‍വീസ് നടത്താനുള്ള അനുമതിക്കായി കരിപ്പൂര്‍ സര്‍വ്വീസ് തുടങ്ങാന്‍ വൈകിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ നേരിട്ടുള്ള കരിപ്പൂര്‍ സര്‍വീസ് തുടങ്ങുന്നുവെന്ന വാര്‍ത്ത അത്യധികം ആഹ്ലാദത്തോടെയാണ് സഊദിയിലെ ലക്ഷക്കണക്കിനാളുകള്‍ ശ്രവിച്ചത്.
വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയായതോടെ സഊദി എയര്‍ലൈന്‍സിനു പുറമേ എയര്‍ ഇന്ത്യയും ഇതേ സെക്റ്ററില്‍ സര്വ്വീസിനൊരുങ്ങുന്നുണ്ട്.എമിറേറ്റ്സ് അടക്കം വലിയ വിമാനങ്ങള്‍ യു എ ഇ യില്‍ നിന്നും സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. കൂടുതല്‍ സര്‍വ്വീസുകള്‍ കരിപ്പൂരിലേക്ക് പറന്നെത്തിയാല്‍ കരിപ്പൂരിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന ആഹ്ലാദത്തിലാണ് മലബാര്‍ പ്രവാസികള്‍.