2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാഷ്ട്രീയനേട്ടത്തിന് എന്തിനാണ് ഭക്തരെ ബുദ്ധിമുട്ടിക്കുന്നത്: സംഘ്പരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

  • 'ഭക്തിയല്ല ശബരിമല സമരത്തിനു പിന്നില്‍'

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ പേരില്‍ അക്രമം നടത്തുന്ന സംഘ്പരിവാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാഷ്ട്രീയനേട്ടത്തിനാണെങ്കില്‍ ആ മാര്‍ഗത്തില്‍ നോക്കാമല്ലോ. സെക്രട്ടറിയേറ്റിലേക്കോ മറ്റോ പ്രകടനം നടത്തുകയോ ചര്‍ച്ചയോ ആവാമല്ലോ. അങ്ങനെ പല മാര്‍ഗങ്ങളും രാഷ്ട്രീയ നേട്ടത്തിനായി ചെയ്യാം. അതിന് എന്തിനാണ് ഭക്തരെയും ശബരിമലയെയും ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ വേണ്ടിയും ശബരിമല വിഷയത്തെ ഉപയോഗിച്ചു. തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക വിഭാഗത്തിന്റെ വീടുകള്‍ നോക്കി ആക്രമണമുണ്ടായി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകയ്ക്കും കുടുംബത്തിനുമെതിരെ ആക്രമണമുണ്ടായി.

എന്തിനാണ് ഇത്രയും പ്രശ്‌നമുണ്ടാക്കുന്നത്. അത് ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ, വിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം നേടിയെടുക്കുകയെന്ന ചിന്തയാണ് സംഘ്പരിവാറിനുള്ളത്.

നേരത്തെ, മാസാദ്യ പൂജയ്ക്കായി നട തുറന്നപ്പോള്‍ പന്തലില്‍ വച്ചു തന്നെ സമരം ചെയ്യുന്ന അവസ്ഥയുണ്ടായി.

12 വര്‍ഷത്തെ നിയമയുദ്ധമാണ് സുപ്രിംകോടതിയില്‍ നടന്നത്. ഭരണഘടനാപരമായ തുല്യത ഉറപ്പുവരുത്തുകയെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയ വിധി. ഇതു നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ വേറെ വഴിയില്ല.

വിദേശപത്രപ്രവര്‍ത്തകര്‍ അടക്കം ശബരിമലയില്‍ എത്തുകയുണ്ടായി. ശബരിമലയില്‍ കയറാന്‍ യുവതികളും എത്തുകയുണ്ടായി. അപ്പോള്‍ പ്രക്ഷോഭകര്‍ എന്നു പറയുന്നവര്‍ എന്തു ചെയ്യുകയാണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത സംഘടിതമായ കയ്യേറ്റമാണ് നേരിട്ടത്. എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം, എന്തു പറയണം എന്നുവരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി. കല്ലേറും അക്രമവും വ്യാപകമായ സമയത്താണ് പൊലിസ് അവരെ പിരിച്ചുവിടാന്‍ ഇടപെട്ടു. ഇതൊന്നും ഭകതരല്ല ചെയ്തതെന്നും സംഘ്പരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തില്‍ തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ സ്വാഭാവികമായും അറസ്റ്റ് ചെയ്യേണ്ട സ്ഥിതിയുണ്ടായി. അത് ചെയ്തത് ആയിരക്കണക്കിന് വരുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയാണ്.

വളരെ പവിത്രമായി കാണുന്ന സന്നിധാനത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി. 50 വയസ്സു കഴിഞ്ഞ സ്ത്രീയെ തന്നെ അതു മനസ്സിലായിട്ടും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാന്‍ മറ്റു കാരണങ്ങളൊന്നും കാണാതെ വന്നപ്പോഴായിരുന്നു ഈ ആക്രമണം. ഇവരോടൊപ്പം വന്നവരെയും വളഞ്ഞുവച്ച് ആക്രമിച്ചു.

ആ ദിവസങ്ങളില്‍ പൊലിസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഭക്തര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്.

രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളിലൂടെ തങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് സംഘ്പരിവാര്‍ കാണുന്നത്. ഇതിനായി ഭക്തരെ ഉപയോഗിക്കുകയാണ്.

ആചാരസംരക്ഷകരെന്നു പറയുന്നവര്‍ തന്നെയാണ് അതുലംഘിക്കാനും മുന്നിലുണ്ടായത്. അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങറളിലൂടെ നമ്മള്‍ കണ്ടതാണ്.

ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ സര്‍ക്കാരിന് നീക്കം ചെയ്യാം. അത്തരത്തിലുള്ള നടപടിയാണ് സര്‍ക്കാര്‍ അവിടെ ചെയ്തത്. ഒരു യഥാര്‍ഥ ഭക്തനെയും ബുദ്ധിമുട്ടിക്കാനല്ല, അവര്‍ക്ക് സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

ഹരിവരാസനം പാടിക്കഴിഞ്ഞ് നട അടച്ചുകഴിഞ്ഞാല്‍ അവിടെ നിന്നു പിരിയുന്നതാണ് സാധാരണ ചെയ്യാറ്. എന്നാല്‍ കഴിഞ്ഞദിവസം അവിടെ പ്രശ്‌നമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതോടെയാണ് അവരെ അറസ്റ്റ് ചെയ്തു നീക്കിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.