2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വഖ്ഫ് ബോർഡ് നിയമനം ജലീലിന്റെ വാദം പൊളിയുന്നു; മിനുട്‌സിന്റെ കോപ്പി പുറത്ത്

കോഴിക്കോട്
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള തീരുമാനമെടുത്തത് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായ ബോർഡിന്റെ അംഗീകാരത്തോടെയാണ് എന്ന കെ.ടി ജലീൽ എം.എൽ.എയുടെ ആരോപണം പൊളിയുന്നു. ഇതു സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് പറഞ്ഞ റശീദലി തങ്ങൾ തെളിവായി ജലീൽ ഉയർത്തിക്കാട്ടിയ മിനുട്‌സിന്റെ കോപ്പിയും വാർത്താസമ്മേളനത്തിൽ ഹാജറാക്കി.

താൻ ചെയർമാനിയിരിക്കെ 2016 ജൂലൈ 19ന് നടന്ന യോഗത്തിൽ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. വഖ്ഫ് ബോർഡ് നൽകുന്ന വിവിധ ധനസഹായങ്ങളുമായി ബന്ധപ്പെട്ട നാലു തീരുമാനങ്ങളാണ് അന്നത്തെ യോഗത്തിൽ എടുത്തത്. മന്ത്രി കെ.ടി ജലീലും ചെയർമാൻ അടക്കം ഏഴ് ബോർഡ് അംഗങ്ങളും മിനുട്‌സിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മിനുട്‌സിൽ അഞ്ചാമതൊരു നിർദേശം എഴുതിച്ചേർത്ത് വ്യാജമായി തയാറാക്കിയ രേഖയാണ് കെ.ടി ജലീൽ നിയമസഭയിൽ ഹാജരാ ക്കിയത്. അതിൽ അംഗങ്ങൾ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല.

ലീഗിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ജലീൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്.മാത്രമല്ല ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് 2020 ജനുവരിയിൽ ചേർന്ന യോഗത്തിൽ റെഗുലേഷനിൽ ഭേദഗതി വരുത്താനുള്ള നിർദേശത്തിനോട് അംഗങ്ങളായ എം.സി മായിൻ ഹാജിയും അഡ്വ. പി.വി സൈനുദ്ദീനും വിയോജിപ്പ് രേഖപ്പെടുത്തിരുന്നുവെന്നും തങ്ങൾ പറഞ്ഞു. ലീഗിന്റെ എതിർപ്പിന് കാരണം സ്വന്തക്കാരെ നിയമിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ഭയമാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. 30 വർഷത്തിനിടെ 28 നിയമനങ്ങളാണ് ബോർഡിൽ നടന്നത്. ഇതിൽ 16 നിയമനങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. 12 നിയമനങ്ങളാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നത്. ഇതിൽ നാലു പേർ പിന്നീട് പി.എസ്.സി നിയമനം കിട്ടിപ്പോകുകയും ചെയ്തു.

സർക്കാർ നിർദേശിക്കുന്ന ഏജൻസിയാണ് നിയമനങ്ങൾക്കുള്ള ടെസ്റ്റ് നടത്തുന്നത്. ശേഷം സർക്കാർ പ്രതിനിധിയും ബോർഡ് അംഗങ്ങളും ഉൾപ്പെട്ട സമിതിയാണ് ജീവനക്കാരെ ഇന്റർവ്യൂ നടത്തി നിയമിക്കുന്നത്. ഇത്തരത്തിൽ ബോർഡിൽ നിയമിച്ച ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ച് ഇതുവരെ ആക്ഷേപം ഉയർന്നിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണ്. 48 ലക്ഷം രൂപയിൽ നിന്ന് വാർഷിക വരുമാനം 12 കോടിയായി ഉയർന്നത് ജീവനക്കാരുടെ കാര്യക്ഷമതയുടെ ഫലമാണ്.

നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തിടുക്കം കൂട്ടിയ സർക്കാർ വഖ്ഫ്ട്രിബ്യൂണൽ സ്ഥാപിക്കാൻ ബോർഡിൽ നിന്നു കടം വാങ്ങിയ 54 ലക്ഷം രൂപ നിരവധി തവണ കത്തയച്ചിട്ടും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും വഖ്ഫ്‌ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി. അഡ്വ. പി.വി സൈനുദ്ദീൻ, മുൻ അംഗം അഡ്വ. ഫാത്തിമ റോഷ്‌ന എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.