2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു ഭിക്ഷക്കാരന്റെ കഥ; കോടീശ്വരന്റെയും

എം.വി സക്കറിയ

ഒരിടത്തൊരിടത്ത് ഒരു പാവപ്പെട്ട പൂജാരിയുണ്ടായിരുന്നു… (ഇത്തരത്തില്‍ തുടങ്ങിയപ്പോള്‍ തന്നെ മനസിലായിക്കാണും, ഇതൊരു പഴങ്കഥയാണെന്ന്, അല്ലേ? എന്നാല്‍ രചനാരൂപം അതാണെങ്കിലും കഥ അങ്ങനെയാകണമെന്നില്ല. ഏതായാലും തുടരാം) സ്ഥിരവരുമാനമൊന്നുമില്ലാത്ത പരമദരിദ്രനായിരുന്നു അയാള്‍. കാലത്ത് പൂജ കഴിഞ്ഞ ശേഷം അടുത്ത ഗ്രാമങ്ങളില്‍ ഭിക്ഷ തേടിയിറങ്ങും. അരിയോ, രാഗിയോ ഒക്കെയാണ് കിട്ടുക. അത് കൂട്ടിവച്ച് വിറ്റാണ് നിത്യച്ചെലവിനുള്ള മറ്റു സാധനങ്ങള്‍ വാങ്ങുന്നത്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് അവകൊണ്ടു വേണം അരവയറെങ്കിലും നിറച്ച് ജീവിതം തള്ളിനീക്കാന്‍.
പൂജാരിയുടെ മൂത്തമകന്റെ പേര് രേണുക ആരാധ്യ. സ്‌കൂള്‍ വിദ്യാര്‍ഥിയായ അവനും പിതാവിന്റെ കൂടെ മിക്കദിവസങ്ങളിലും ഭിക്ഷ തേടിയിറങ്ങും. ആറാം ക്ലാസുവരെ ഇതായിരുന്നു അവസ്ഥ. പിന്നീട് ആ പയ്യന്‍ പരിസരത്തെ ചില വീടുകളില്‍ വേല ചെയ്യാനിറങ്ങി.

ജീവിതം മുന്നോട്ടു കൊണ്ടുപോവേണ്ടേ! ഇങ്ങനെയൊക്കെയാണെങ്കിലും ആ പതിനൊന്നുകാരന്‍ സ്‌കൂളില്‍ പോയിരുന്നു. സ്‌കൂള്‍ ഫീസ് അധ്യാപകര്‍ നല്‍കും. സൗജന്യം എന്നൊന്നും കരുതേണ്ടതില്ല. അവരുടെ പാത്രം കഴുകിയും വീട് തൂത്തുവാരിയുമൊക്കെ കൊടുത്തതിന്റെ കൂലി!!

ഇതിനെല്ലാമിടയില്‍ പത്താംക്ലാസ് പരീക്ഷയെഴുതി. നല്ല ഭംഗിയായി തോറ്റു. അതോടെ പഠനത്തിന് അന്ത്യവുമായി.
അക്കാലത്താണ് പിതാവിന്റെ മരണം. അമ്മയെയും രണ്ടു സഹോദരങ്ങളെയും പുലര്‍ത്താനുള്ള ബാധ്യത ആ പതിനഞ്ച് വയസുകാരന്റെ ചുമലിലായി. ആദ്യം ലെയ്ത് ഫാക്ടറിയില്‍, പിന്നീട് പ്ലാസ്റ്റിക് കമ്പനിയില്‍, തുടര്‍ന്ന് ഐസ് ഫാക്ടറിയില്‍… അങ്ങനെ പല ജോലികള്‍. നിസാരമായ ശമ്പളം കൊണ്ട് ജീവിക്കാനാവാത്തതിനാല്‍ രാത്രികളില്‍ സെക്യൂരിറ്റി ജോലിയും ചെയ്തു. അല്‍പ കാലംകൂടി കഴിഞ്ഞ് ലഗേജ് ബാഗുകളും പെട്ടികളും നിര്‍മിക്കുന്ന കമ്പനിയില്‍ ഹെല്‍പ്പര്‍ ജോലി കിട്ടി. ആള്‍ മിടുക്കനായതു കൊണ്ട് വൈകാതെ സെയില്‍സ്മാനായി പ്രൊമോഷന്‍ കിട്ടി!!

കുറച്ചുമാസങ്ങള്‍ അങ്ങനെ കഴിഞ്ഞപ്പോള്‍ ആരാധ്യയുടെ തലയില്‍ ഒരു ആശയമുദിച്ചു; സ്വന്തമായി ബിസിനസ് തുടങ്ങിയാലോ? അങ്ങനെയാണ് പയ്യന്‍ ബിസിനസ് ആരംഭിച്ചത്.
സ്യൂട്‌കേസിനും ബാഗിനും കവറുകളുണ്ടാക്കി സൈക്കിളില്‍ കൊണ്ടുനടന്ന് വില്‍പ്പനയായിരുന്നു ആ ബിസിനസ്! പക്ഷേ, പട്ടണത്തിലൂടെ വെയിലത്ത് സൈക്കള്‍ ചവിട്ടി കുഴങ്ങിയതല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല!! കഷ്ടപ്പെട്ട് സ്വരൂപിച്ച 30,000 രൂപ നഷ്ടമായി എന്നുമാത്രം. ഒട്ടും ഇഷ്ടമില്ലാത്ത പഴയ സെക്യൂരിറ്റി ജോലിക്കു വീണ്ടുമിറങ്ങേണ്ടിവന്നു.
ഇതിനിടയില്‍ ഇരുപതാം വയസില്‍ വിവാഹവും കഴിച്ചു. ഇക്കാലത്താണ് ഡ്രൈവിങ് മോഹം തലയ്ക്കു പിടിച്ചത്. വിവാഹമോതിരം പണയം വച്ചും ബന്ധുക്കളില്‍നിന്ന് കടം വാങ്ങിയും പഠിച്ച് ലൈസന്‍സ് നേടി. തുടര്‍ന്ന് ഡ്രൈവറായി ജോലിയും കിട്ടി. ആ സന്തോഷത്തിനു പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആയുസ് കുറവായിരുന്നു!

ആദ്യ ആഴ്ചയില്‍ തന്നെ, റിവേഴ്‌സെടുക്കുന്നതിനിടയില്‍ കാര്‍ ഗേറ്റിലിടിച്ചു! വാഹനത്തിന്റെ പിന്‍ഭാഗത്തിനു കേടുപറ്റി. ജോലി പോയി. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞതുപോലെ ആള്‍ക്ക് വീണ്ടും പഴയ സെക്യൂരിറ്റി ജോലിക്കിറങ്ങേണ്ടി വന്നു! രക്ഷപ്പെട്ടുവെന്ന് കരുതി സന്തോഷിച്ചതിനിടയില്‍ വന്നുചേര്‍ന്ന ആ സങ്കടം സഹിക്കാന്‍ കഴിയാതിരുന്ന സമയത്താണ് ഒരു ടാക്‌സികാര്‍ ഓപറേറ്ററെ പരിചയപ്പെടാനിടയായത്. അയാള്‍ ആരാധ്യയ്ക്ക് നാലുദിവസത്തെ ശരിയായ പരിശീലനം കൊടുത്തു. ആരാധ്യ രാത്രികളില്‍ കാര്‍പാര്‍ക്കിങ്ങും റിവേഴ്‌സിങ്ങും ഒക്കെ പരിശീലിക്കാനും സമയം കണ്ടെത്തി. ആത്മവിശ്വാസം വര്‍ധിച്ചു. ജോലിക്കു ചേര്‍ന്നു. നല്ല ഡ്രൈവര്‍ എന്ന പേരെടുത്തു. വിദേശടൂറിസ്റ്റുകളുമായി പോയപ്പോള്‍ നല്ല പോക്കറ്റ്മണിയും കിട്ടി. ക്രമേണ കമ്പനിയുടെ മാനേജറായി ഉയര്‍ന്നു!
രണ്ടുവര്‍ഷം കഴിഞ്ഞു. പുതിയ സഹസ്രാബ്ദം പിറന്നു. ആരാധ്യ സ്വന്തമായി ഒരു കാര്‍ വാങ്ങി. അല്‍പ കാലത്തിനകം കാറുകളുടെ എണ്ണം ഏഴായി വര്‍ധിച്ചു!! പന്ത്രണ്ട് ഡ്രൈവര്‍മാരെ ജോലിക്ക് വച്ചു. എന്നാല്‍ 2006ല്‍ ഇവയത്രയും വിറ്റു. നഷ്ടം കയറി പൂട്ടാനൊരുങ്ങിയ ഇന്ത്യന്‍ സിറ്റി ടാക്‌സി എന്നൊരു കമ്പനി വിലയ്‌ക്കെടുക്കാനായിരുന്നു അത്. ആരാധ്യ ആ കമ്പനി ഏറ്റെടുത്ത് പ്രവാസി കാബ്‌സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. ആമസോണ്‍ ഉള്‍പ്പെടെ വലിയ കമ്പനികള്‍ ആരാധ്യയുടെ ഇടപാടുകാരായി. ക്രമേണ വാര്‍ഷികവരുമാനം 46 കോടിയിലേക്കുയര്‍ന്നു!!
നൂറുകോടി കടക്കുകയാണ് ബംഗളൂരുവിനടുത്ത് ഗോപസാന്ദ്ര എന്ന ഗ്രാമത്തില്‍ പിറന്ന്, ഭിക്ഷയെടുത്ത് ജീവിക്കേണ്ടിവന്ന ആരാധ്യയുടെ ഇപ്പോഴത്തെ പ്ലാന്‍!
‘പണമില്ല, സ്വാധീനമില്ല, ബന്ധുബലമില്ല, വിദ്യാഭ്യാസമില്ല, ഉപദേശം നല്‍കാന്‍ പ്രാപ്തിയുള്ളവരാരുമില്ല. പക്ഷേ, ഞാന്‍ അവസരങ്ങള്‍ തേടിക്കൊണ്ടേയിരിക്കുകയാണ്- ആരാധ്യ പറയുന്നു! ആ ധൈര്യമാണ് ഊബറിനോടും ഓലയോടുമൊക്കെ പിടിച്ചുനില്‍ക്കാന്‍ ആരാധ്യയ്ക്കു സഹായകമായത്.

ഔപചാരിക വിദ്യാഭ്യാസം കാര്യമായി നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത പഴയ ഭിക്ഷക്കാരന്റെ അതിശയ നേട്ടങ്ങള്‍!! സ്വന്തം കഴിവുകളെ സ്ഥിരോത്സാഹത്തോടെ പൊലിപ്പിച്ചെടുത്ത് മനോധൈര്യത്തോടെ മുന്നേറിയതിന്റെ സദ്ഫലങ്ങള്‍!!

ഇത്തരം സംഭവങ്ങള്‍ പലരും കുട്ടികള്‍ക്ക് വര്‍ണിച്ച് വിവരിച്ചുകൊടുക്കാറുണ്ട്, ഇതേക്കുറിച്ച് എഴുതാറുമുണ്ട്. – എന്നിട്ട് അവരില്‍ ചിലര്‍ പറയും ‘ഓ, ഈ വിദ്യാഭ്യാസംകൊണ്ട് എന്തുകാര്യം, അയാളെ കണ്ടു പഠിക്ക്’- എന്ന്!! എന്നാല്‍ അങ്ങനെയാണോ അതിനെ വ്യാഖ്യാനിക്കേണ്ടത്? ആരാധ്യ പറയുന്നത് കാണുക; ‘ഞാന്‍ ഇത്രയേ വളര്‍ന്നുള്ളൂ. അതേ സാധ്യമായുള്ളൂ. കാരണം എനിക്കു വേണ്ടത്ര വിദ്യാഭ്യാസമില്ല. അതിനാല്‍ തന്നെ, ഐ.ഐ.ടിക്കാരും ഐ.ഐ.എമ്മുകാരുമൊക്കെ ചെയ്യുന്ന വിധത്തില്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ എനിക്കു കഴിയുന്നില്ല’.
പരിമിതികള്‍ മറികടക്കാന്‍ തീവ്രശ്രമം നടത്തണം. ഇച്ഛാശക്തിയും കഠിനാധ്വാനവും മനസ്ഥൈര്യവും പ്രധാനം. അങ്ങനെ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണം. അക്കാര്യത്തില്‍ ആരാധ്യയെപ്പോലുള്ളവരുടെ വിജയകഥകള്‍ നമുക്കു പ്രചോദനമാവണം. പക്ഷേ, വിദ്യാഭ്യാസം ചെയ്യുന്നവനെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാവരുത് അത്തരം ഉപമകളും ഉദാഹരണങ്ങളും അവതരിപ്പിക്കേണ്ടത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യവല്‍ക്കരിക്കരുത്. ആരാധ്യ പറയുന്നതുതന്നെ ശരി! മികച്ച വിദ്യാഭ്യാസത്തിനായും നേട്ടങ്ങള്‍ക്കായും നമുക്കു ശ്രമിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.