2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജനതയെ ഇഞ്ചിഞ്ചായി ദ്രോഹിക്കുന്ന സര്‍ക്കാര്‍


 

രാജ്യത്ത് എത്രമേല്‍ ഭരണകൂട ദ്രോഹങ്ങളുണ്ടായാലും ജനത നിശബ്ദം സഹിച്ചുകൊള്ളുമെന്നും ശക്തവും ആജ്ഞാശക്തിയുമുള്ള പ്രതിപക്ഷം ഇല്ലാത്തിടത്തോളം എന്ത് ഭരണകൂട ധാര്‍ഷ്ട്യവും നടത്താമെന്നുമുള്ള ഹുങ്കില്‍ നിന്നായിരിക്കണം കേന്ദ്രസര്‍ക്കാര്‍ ഇന്ധന, പാചകവാതക വിലകള്‍ അവിരാമമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ക്ഷോഭങ്ങള്‍ പരമ്പരാഗത പ്രതിഷേധ ചടങ്ങുകളില്‍ ഒതുങ്ങിക്കൊള്ളുമെന്ന ഭരണകൂട തിരിച്ചറിവില്‍ നിന്നാണ് നിത്യേന ഇന്ധനവിലയും മാസംതോറും പാചകവാതകവിലയും കൂട്ടാന്‍ മോദി സര്‍ക്കാരിന് ധൈര്യം നല്‍കുന്നത്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ ആഭിമുഖ്യത്തില്‍ റോഡില്‍ ആഘോഷപൂര്‍വം വാഹനങ്ങള്‍ കെട്ടിവലിച്ചുകൊണ്ട് പോകുന്നതും പാചകവാതകത്തിന് വിലവര്‍ധിപ്പിക്കുമ്പോള്‍ വനിതാ നേതാക്കള്‍ തെരുവില്‍ അടുപ്പുകൂട്ടി വെള്ളം തിളപ്പിക്കുന്നതുമായ സ്ഥിരം എഴുന്നുള്ളത്ത് പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഭരണകൂടം നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിഷേധ പ്രഹസന നാടകങ്ങള്‍ക്ക് ഒരു ദിവസത്തിനപ്പുറം ആയുസ് ഉണ്ടാവില്ലെന്നും ഭരണകൂടത്തിനറിയാം. ആ ബോധ്യത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജനങ്ങളെ ഇഞ്ചിഞ്ചായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപയാണ് കഴിഞ്ഞദിവസം വര്‍ധിപ്പിച്ചത്. ഇതോടൊപ്പം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ 76 രൂപയുടെ വര്‍ധനവും വരുത്തി. 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 841.50 രൂപയായി വര്‍ധിച്ചിട്ടുണ്ടെങ്കില്‍ ഇതര ജില്ലകളിലെ ഉള്‍ഗ്രാമങ്ങളിലെ വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ എത്തുമ്പോള്‍ കടത്തുകൂലിയടക്കം തൊള്ളായിരത്തിനടുത്തോ അതിനുമുകളിലോ പണം ഒടുക്കേണ്ട ഗതികേടിലേക്കാണ് സാധാരണക്കാര്‍ എത്തിയിരിക്കുന്നത്. ഗാര്‍ഹികേതര പാചകവാതകത്തിന് വില കൂട്ടുമ്പോള്‍ ഹോട്ടല്‍ ഭക്ഷണവും സാധാരണക്കാരന് അപ്രാപ്യമാകും. കൊവിഡിനെ തുടര്‍ന്ന് ഇപ്പോള്‍തന്നെ ഹോട്ടലുകള്‍ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അവരെ തകര്‍ച്ചയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന പാചകവാതക വിലവര്‍ധനയും നിലവില്‍വന്നിരിക്കുന്നത്.

പാചകവാതകത്തിന്റെ വില കൂട്ടുമ്പോള്‍ മോദി സര്‍ക്കാര്‍ പണ്ട് പറഞ്ഞിരുന്നത് വിലവര്‍ധനയ്ക്ക് ആനുപാതികമായി സബ്‌സിഡി തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണ്. തുടക്കത്തില്‍ ചില പ്രദേശങ്ങളില്‍ ഇത്തരം സബ്‌സിഡികള്‍ അനുവദിച്ചുകൊണ്ട് ജനരോഷം തണുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വിലക്കയറ്റവുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടപ്പോള്‍ സബ്‌സിഡി നിര്‍ത്തലാക്കുകയും ചെയ്തു. പാചകവാതക വിലവര്‍ധനയെത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ഒരു ചതി മാത്രമായിരുന്നു സബ്‌സിഡി വാഗ്ദാനം.
കോര്‍പറേറ്റുകളില്‍ നിന്നായിരിക്കാം ഇത്തരമൊരാശയം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടാവുക. സേവനങ്ങള്‍ തുച്ഛവിലയ്ക്ക് നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുക എന്നത് കോര്‍പറേറ്റുകള്‍ പയറ്റുന്ന തന്ത്രമാണ്. വിലക്കുറവില്‍ ആകൃഷ്ടരായി ഉപഭോക്താക്കള്‍ കോര്‍പറേറ്റ് ഉത്പന്നങ്ങളുടെ സ്ഥിരം ഇടപാടുകാരായി മാറുക സ്വാഭാവികം. ഇതിലൂടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുകയും പൂട്ടിപ്പോവുകയും ചെയ്യും. ഈ അവസരം മുതലെടുത്താണ് കോര്‍പറേറ്റുകള്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗത്യന്തരമില്ലാതെ സാധാരണ ജനങ്ങള്‍ കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. കോര്‍പറേറ്റുകളുടെ ഈ കുതന്ത്രം കടംവാങ്ങിയാണ് മോദി സര്‍ക്കാര്‍ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ സബ്‌സിഡി നല്‍കി സാധാരണ ജനങ്ങളെ മോഹവലയത്തിലാക്കിയത്. ഇപ്പോള്‍ എല്ലാ മുഖംമൂടികളും അഴിച്ചുവച്ച് ജനവിരുദ്ധ, കോര്‍പറേറ്റ് പ്രീണന സര്‍ക്കാരിന്റെ സാക്ഷാല്‍ മുഖം പുറത്തെടുത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. എണ്ണക്കമ്പനികള്‍ ഇന്ധന, പാചകവാതക വിലകള്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം സ്വകാര്യ കുത്തകകള്‍ക്കും ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ജീവന്റെയും മരണത്തിന്റെയും ഇടയിലെ നൂല്‍പാലത്തിലൂടെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ സഞ്ചരിക്കുന്നതെന്ന് കോര്‍പറേറ്റ് പ്രീണനം മാത്രം ഭരണ അജന്‍ഡയായി സ്വീകരിച്ച ഭരണാധികാരികള്‍ ഓര്‍ക്കുന്നില്ല. തൊഴിലും കൂലിയുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് പല നിര്‍ധന കുടുംബങ്ങളും. സംസ്ഥാന സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരിക്കുന്ന 200 രൂപ വിലയുള്ള ഒരു സൗജന്യ കിറ്റ് കൊണ്ട് തീര്‍ക്കാവുന്നതല്ല കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍. ഒരു അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ വലിയൊരു തുക തന്നെ വേണം. തൊഴിലില്ലാത്ത ഓട്ടോറിക്ഷ തൊഴിലാളി എവിടെ നിന്നെടുത്ത് ചികിത്സിക്കും. കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് തുറക്കുകയും ഉടനെ അടയ്‌ക്കേണ്ടിയും വരുന്ന ഗതികേടില്‍പ്പെട്ട് ഉഴറുന്ന തെരുവുകച്ചവടക്കാരും മറ്റും ഒരു പ്രതീക്ഷയുമില്ലാത്ത അനിശ്ചിതത്വത്തിന്റെ ഭാവിയിലേക്ക് കുടുംബത്തെ കൂട്ടിപ്പിടിച്ച് ഭയാശങ്കകളോടെ കണ്ണുംനട്ടിരിപ്പാണിന്നെന്നത് കേന്ദ്രസര്‍ക്കാര്‍ ഓര്‍ക്കുന്നില്ല. അപ്പോഴാണ് അവരോട് ഒരു കനിവുമില്ലാതെ വിലവര്‍ധനയിലൂടെ സര്‍ക്കാര്‍ ക്രൂരമായി പെരുമാറുന്നത്. വിലവര്‍ധനയ്ക്ക് കാരണമായി എന്ത് ന്യായീകരണങ്ങള്‍ സര്‍ക്കാര്‍ നിരത്തിയാലും ജനങ്ങള്‍ അത് വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് കാരണമായിത്തീരുന്ന ഇന്ധന, പാചകവാതക വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ അടിസ്ഥാനവര്‍ഗം പട്ടിണികിടക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് ഭരണ ശീതളച്ഛായയില്‍ കഴിയുന്ന ഭരണാധികാരികള്‍ ഓര്‍ക്കുന്നില്ല.

വാഹനമുള്ളവര്‍ മാത്രമല്ല ഇന്ധനവിലയുടെ ഇരകളായിത്തീരുന്നത്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ ആന്ധ്രയില്‍ നിന്നും അരി കൊണ്ടുവരുന്ന, കര്‍ണാടകയില്‍ നിന്നും പച്ചക്കറി കൊണ്ടുവരുന്ന ലോറികള്‍ അവരുടെ ചരക്കുകൂലി വര്‍ധിപ്പിക്കും. വിലക്കയറ്റത്തിന്റെ രൂപത്തില്‍ ആ പാപഭാരവും പേറേണ്ടിവരുന്നത് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ നാലുതവണയാണ് പാചകവാതക സിലിണ്ടറിന് മോദി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. മൂന്നുമാസത്തിനുള്ളില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വിലയില്‍ 226 രൂപ കൂട്ടി. ഇതില്‍നിന്ന് സാധാരണ ജനങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന സര്‍ക്കാരിനെ ലഭിക്കുമെന്ന ആപ്തവാക്യം ഇന്ത്യയില്‍ സഫലീകരിക്കാന്‍ പ്രതിപക്ഷവും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ സര്‍ക്കാരിന് ചെയ്തുകൊടുക്കുന്നുണ്ട്. അതിനാലും കൂടിയാണ് സമൂഹം ഇന്ന് ഇത്രമേല്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരേയും ജനവിരുദ്ധതക്കെതിരേയും തെരുവില്‍ ഇറങ്ങാത്ത ഒരു ജനതക്കും ജനവിരുദ്ധ സര്‍ക്കാരുകളെ തിരുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ഥ്യം അറിഞ്ഞിട്ടും പ്രതിപക്ഷ നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ തണുപ്പിച്ച മുറികളില്‍ ഇരുന്ന് സമൂഹമാധ്യമങ്ങളിലൂടെ ഘോരഘോരം ഇന്ധന, പാചകവാതക വിലക്കെതിരേ ഗര്‍ജിച്ചുകൊണ്ടിരിക്കുന്നത് പരിഹാസ്യമാണ്. ഒരു ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നുവെങ്കില്‍ അവിടെ ജനായത്ത ഭരണമാണ് നടക്കുന്നത്. മറിച്ച് ഭരണകൂടം ജനങ്ങളെ അവഗണിച്ചാണ് മുന്‍പോട്ട് പോകുന്നതെങ്കില്‍ അവിടെ ഭരണകൂട, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം പുലരുന്ന ഭരണമാണ് നടക്കുന്നതെന്ന് വ്യക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.