2021 December 08 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു റഷ്യന്‍ കഥ; കേരളത്തിലെയും

 

എം.വി സക്കറിയ

റഷ്യയിലെ ഒരു ചെറുപട്ടണത്തിലാണ് കഥ നടക്കുന്നത്. ഒരു ഞായറാഴ്ചയിലെ സായാഹ്നത്തില്‍ ക്ലബ്ബിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് കഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു ആ യുവാവ്. പേര് ഗ്രിഗറി. കുറേക്കഴിഞ്ഞ് പോകാനിറങ്ങിയപ്പോള്‍, സുഹൃത്തുക്കളിലൊരാള്‍ അടുത്തുചെന്ന് പറഞ്ഞു,
‘ഒരു സ്വകാര്യം പറയാനുണ്ട്.’
‘സ്വകാര്യമോ, പറയൂ’. ഗ്രിഗറി ശ്രദ്ധിച്ചു.
‘ഒരു യുവതി ഇന്ന് നിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിട്ടുണ്ട്’.
‘യുവതിയോ? ആരാണത്? എന്താണ് കാര്യം? തന്നെയല്ല, അത് ഇത്ര സ്വകാര്യമായി പറയാനെന്തിരിക്കുന്നു?’
ഗ്രിഗറിയുടെ ഈ ചോദ്യങ്ങളില്‍ അത്ര ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ചുകൊണ്ട്, എന്നാല്‍ നിഗൂഢമായൊരു മുഖഭാവത്തോടെ, സുഹൃത്ത് ഇത്രമാത്രം പറഞ്ഞു.
‘ഓ, അക്കാര്യമൊക്കെ അവള്‍തന്നെ പറയുമായിരിക്കും. ഞാനല്ലല്ലോ പറയേണ്ടത് !!’
ചിലതൊക്കെ ഒളിച്ചുവയ്ക്കുന്ന എന്തോ ഒരു നിഗൂഢതയുണ്ടായിരുന്നു സുഹൃത്തിന്റെ വാക്കുകളില്‍ !
എന്തായാലും തന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച സ്ഥിതിക്ക് ആള്‍ വിളിക്കുമല്ലോ. ഗ്രിഗറി വീട്ടിലേക്ക് പോയി.
അധികം കഴിയുന്നതിനു മുമ്പുതന്നെ ഫോണ്‍ ശബ്ദിച്ചു.
ലാന്‍ഡ് ഫോണ്‍ മാത്രമുണ്ടായിരുന്ന കാലത്തെ സംഭവമാണെന്നോര്‍ക്കുക.
ഫോണെടുത്തു. മറുതലയ്ക്കല്‍ അപരിചിതമായ ഒരു പെണ്‍ശബ്ദം ചോദിച്ചു;
‘ഗ്രിഗറി ?’
‘യെസ്.’ ഗ്രിഗറി പ്രതികരിച്ചു.
‘ഞാന്‍ നിന്റെ സഹോദരിയാണ്.’ മറുതലയ്ക്കല്‍ ആ വാക്കുകള്‍ കേട്ട് ഗ്രിഗറി സ്തബ്ധനായി !
ഞെട്ടലോടെ, ശബ്ദത്തില്‍ നേരിയ പതറിച്ചയോടെ അയാള്‍ ചോദിച്ചു.
‘സഹോദരിയോ ? ഏത് സഹോദരി ? എനിക്ക് സഹോദരിമാരില്ലല്ലോ ?’
മറുതലയ്ക്കല്‍ പക്ഷെ യാതൊരു പതര്‍ച്ചയുമുണ്ടായില്ല !!

അതേ ശബ്ദത്തില്‍, ശാന്തമായി അവള്‍ പറഞ്ഞു;
‘ഓകെ. ഒരു പക്ഷെ നിനക്കറിയില്ലായിരിക്കും. നമ്മുടെ പപ്പ നിന്നോടത് പറഞ്ഞിട്ടില്ലായിരിക്കാം. ഇനിയൊരുപക്ഷെ അറിഞ്ഞിട്ടും നീയത് അറിയാത്ത ഭാവത്തില്‍ അഭിനയിക്കുകയുമാവും ! എന്തായാലും ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പപ്പയുടെ സ്വത്തുക്കളില്‍ എനിക്കും അവകാശമുണ്ട്. അത് പപ്പ എന്നെയും മമ്മിയെയും കൃത്യമായി അറിയിച്ചിട്ടുമുണ്ട്. പട്ടണത്തില്‍ നീ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന ടെക്‌സ്റ്റൈല്‍ ഷോപ്പ് എനിക്കും മമ്മിക്കുമുള്ളതാണ്. അവിടെനിന്ന് നീ എത്രയും വേഗം മാറണം. നാളെത്തന്നെ !!’
‘എന്ത് ? നിനക്കെങ്ങനെ ധൈര്യം വന്നു അങ്ങനെ പറയാന്‍ ? എന്റെ സ്വത്ത്. എന്റെ ഏക വരുമാനം. എന്ത് വകയിലാണ് നിനക്കതുവേണ്ടത് ?’ ഗ്രിഗറി ഫോണിലൂടെ അലറി.
‘അതൊന്നും ഇനി പറയേണ്ട’. ആ യുവതി വീണ്ടും അതേ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
‘നീ നാളെ ഇവിടെ ഞങ്ങളുടെ വീട്ടിലെത്തുക. നമ്പര്‍ സെവന്‍ സ്ട്രീറ്റിലെ ചര്‍ച്ചിനു പിന്നില്‍ മൂന്നാമത്തെ വീടാണ് ഞങ്ങളുടേത്. വെള്ളച്ചായമടിച്ച വീട്. നാളെ കാലത്ത് ഒമ്പതുമണിക്ക് നേരെയിങ്ങുവന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ അവിടെയിരുന്ന് സംസാരിക്കാം’
ഗ്രിഗറി ഫോണ്‍ വച്ചു, അല്ല, വലിച്ചെറിഞ്ഞു എന്നുപറയുന്നതാണ് ശരി. അയാള്‍ അരിശംകൊണ്ട് തിളയ്ക്കുന്നുണ്ടായിരുന്നു. ശിരസിലേക്ക് രക്തം ഇരച്ചുകയറുന്നുണ്ടായിരുന്നു.
ആരോടെന്നില്ലാതെ ഗ്രിഗറി അലറി.
‘നാളെയോ? എന്ത് നാളെ? ഇന്നുതന്നെ വരാം. നിനക്ക് ടെക്‌സ്റ്റൈല്‍സ് ഷോപ്പ് അങ്ങോട്ടു കൊണ്ടുവന്നുതരാം’
ഗ്രിഗറിയുടെ കാര്‍ പറന്നു. ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ന്നുതന്നെയിരുന്നു. പള്ളിയും കടന്ന്, മൂന്നാമത്തെ വീടിന്റെ കോമ്പൗണ്ടിലേക്ക് കാര്‍ ഇരച്ചുകയറി.
വീടിന്റെ പൂമുഖത്തിരിക്കുകയായിരുന്ന ഒരു യുവതി അതുകണ്ട് ആകാംക്ഷയോടെ ചോദ്യഭാവത്തില്‍ അയാളെ നോക്കി. മുറ്റത്ത് പൂച്ചെടികള്‍ക്കിടയില്‍ എന്തോ ചെയ്യുകയായിരുന്ന അവളുടെ മമ്മിയും അവിടേക്കുവന്നു.
ഗ്രിഗറിയുടെ കൈകള്‍ പോക്കറ്റിലേക്ക് നീണ്ടു. അയാള്‍ റിവോള്‍വര്‍ വലിച്ചെടുത്തു.
‘നിനക്കു വേണ്ടതെല്ലാം ഇതിലുണ്ട്. ഇതാ എടുത്തോളൂ !!’
മറ്റൊന്നും ചോദിക്കാതെ, പറയാതെ, അയാള്‍ നിറയൊഴിച്ചു. അവളുടെ നെഞ്ച് തുളച്ച് വെടിയുണ്ട കടന്നുപോയി. തിരിഞ്ഞോടാന്‍ ശ്രമിച്ച അവളുടെ മമ്മിയുടെ കൈത്തണ്ടയുടെ അരികിലൂടെ വെടിയുണ്ട ദൂരേക്ക് പറന്നുപോയി !!!
ഇതൊന്നുമറിയാതെ, പിറ്റേന്ന് രാവിലെ ഒമ്പതു മണിക്കു മുമ്പുതന്നെ മൂന്നാം നമ്പര്‍ വീടിന്റെ മുമ്പില്‍ ഗ്രിഗറിനെ കാത്ത് അവന്റെ സുഹൃത്തുക്കള്‍ കൂട്ടമായെത്തി. പക്ഷെ അപ്പോഴേക്കും അയാള്‍ പൊലിസിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു.
അന്ന് ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു !!

കൂട്ടുകാര്‍ തനിക്കായി ഒരുക്കിവച്ച ഏപ്രില്‍ ഫൂള്‍ തമാശ മാത്രമായിരുന്നു ആ കോള്‍ എന്നും ആ വീട്ടിലുള്ളവരാരും അതിനെക്കുറിച്ചൊന്നും അറിയാത്തവരായിരുന്നുവെന്നും മനസ്സിലാക്കാതെ നേരേ പ്രതികരിച്ച ഗ്രിഗറി, നാല്‍പ്പത് വര്‍ഷം മുമ്പത്തെ കഥാപാത്രമാണ്. എന്നാല്‍ അയാള്‍ ഒരു ഒറ്റപ്പെട്ട കഥാപാത്രം മാത്രമാണോ?
ആലോചിക്കാന്‍ ഒട്ടും മെനക്കെടാത്തവരെ ഫൂളാക്കാന്‍ ഏപ്രില്‍ മാസം ഒന്നാം തീയതിതന്നെ വേണമെന്നില്ലെന്നും എല്ലാ ദിവസവും അതിനുപറ്റിതു തന്നെയാണെന്നും റേഡിയോ ചാനലും ടെലിവിഷന്‍ ചാനലും ഫേസ്ബുക്കും വാട്‌സ്ആപ്പും എല്ലാം ഇതിനായി ഉപയോഗിക്കുന്നുവെന്നും നമുക്കൊക്കെ അറിയാം.
സമൂഹത്തില്‍ നല്ല അന്തസായി ജീവിക്കുന്ന, തരക്കേടില്ലാത്ത സാമ്പത്തികവുമുള്ള വ്യക്തിയുടേതെന്ന പേരില്‍ സുഹൃത്തിന് ഇമെയില്‍ വന്നു. താനൊരു പ്രതിസന്ധിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും അത് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമാണ് ആവശ്യം !! സംഗതിയെന്താണെന്നറിയാന്‍ അദ്ദേഹത്തെയൊന്നു വിളിച്ചുനോക്കാനുള്ള ബുദ്ധിപോലും പ്രയോഗിക്കാതെ പണമയച്ചുകൊടുത്തു !!
മറ്റു ചിലരോ? ടിക്കറ്റ് എടുക്കാത്തയാള്‍ക്ക് എങ്ങനെ ലോട്ടറി അടിക്കുമെന്നുപോലും ചിന്തിക്കാതെ സര്‍വിസ് ചാര്‍ജായി ലക്ഷങ്ങള്‍ കടം വാങ്ങി അജ്ഞാതര്‍ക്ക് അയച്ചുകൊടുക്കുന്നു !
ആളെ വഞ്ചിക്കാനുള്ള വേദിയായി ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും കാണാമറയത്തുനിന്ന് അജ്ഞാതര്‍ ഫേസ്ബുക്കില്‍ ഏതെങ്കിലുമൊരു പേരില്‍ ചാറ്റ് ചെയ്യുമ്പോള്‍, ഒന്നുമോര്‍ക്കാതെ എത്ര നിഷ്‌കളങ്കമായാണ് യുവതി പുറപ്പെട്ടുപോവുന്നത് !!
കംപ്യൂട്ടര്‍ ഓഫാക്കി വയ്ക്കുന്നതുപോലെ സാമാന്യബുദ്ധിയും ഓഫാക്കി വയ്ക്കുന്ന ഈ പ്രതിഭാസത്തെ എന്തു പേരില്‍ വിളിക്കാം?
വിഡ്ഢിയാക്കപ്പെടുന്നതിന് സത്യത്തില്‍ ആരാണ് ഉത്തരവാദി?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.